കാസര്‍കോട്: പുതിയ വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്കുന്നതിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഭാരതത്തിന്റെ അടുത്ത 25 വര്‍ഷങ്ങള്‍ വികസനത്തിലേക്കുള്ള മുന്നേറ്റങ്ങളായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമാണ് വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം എഡിഷന്. ആദ്യം ലഭിച്ച വന്ദേഭാരതില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ വണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
നിലവില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ഏഴു മണിക്കൂര്‍ 45 മിനിറ്റ് എടുക്കുന്ന യാത്രാ സമയം അഞ്ചു മണിക്കൂര്‍ 30 മിനിറ്റിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
കേരളത്തില്‍ വേഗതയുള്ള പ്രത്യേക വണ്ടി വേണമെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. അതിനായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടേണ്ടി വന്നു. അതിന് സമാശ്വാസമായാണ് വന്ദേഭാരത്. മലപ്പുറം ജില്ലയിലെ തനൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പുതിയ ട്രെയിനിലൂടെ സാധ്യമാക്കി.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തിലെ റെയിവേ വികസനത്തിന് നാല് മടങ്ങാണ് വര്‍ധനവ് വരുത്തിയത്. 500 സ്റ്റേഷനുകള്‍ അമൃത ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തിലെ നിരവധി റെയില്‍വേ സ്റ്റേഷനുകളും അതില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
അതിവേഗത്തില്‍ ദേശീയപാത ആറ് വരിയുടെ വികസനം നടക്കുകയാണ്. ഇതോടെ യാത്രയ്ക്ക് ഏത് മാര്‍ഗം സ്വീകരിക്കണമെന്നും വേഗത്തില്‍ എത്തുന്നത് ഏത് വഴിയെന്നും ജനങ്ങള്‍ക്ക് തീരുമാനിക്കാം. കേരളത്തിന് പ്രത്യേക പരിഗണന കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇനിയും നിരവധി പദ്ധതികള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, പാലക്കാട് ഡിആര്‍എം അരുണ്‍കുമാര്‍ ചതുര്‍വേദി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: