ന്യൂദല്‍ഹി: അടുത്തിടെ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ ജി 20 യില്‍ പൂര്‍ണ അംഗമാക്കിയതിലൂടെ ഇന്ത്യ നേതൃതല കരുത്ത് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി നൂറുകണക്കിനു വര്‍ഷങ്ങളില്‍ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് ആകാശവാണിയിലെ മന് കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഈ സാമ്പത്തിക ഇടനാഴി ആരംഭിച്ചത് ഇന്ത്യന്‍ മണ്ണിലാണെന്ന് ചരിത്രം എക്കാലവും ഓര്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദല്‍ഹി ജി20 വേദിയായ ഭാരത് മണ്ഡപം വലിയ ആകര്‍ഷണ കേന്ദ്രമായി മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവിടെ സെല്‍ഫിയെടുക്കുകയും അഭിമാനത്തോടെ സാമൂഹ്യമാധ്യത്തില്‍ പോസ്റ്റ് ചെയ്യുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ യുവശക്തി ജി 20യുമായി ബന്ധപ്പെട്ടിരിക്കുന്ന രീതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശം നടത്തി. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ‘ജി20 യൂണിവേഴ്സിറ്റി കണക്റ്റ് പ്രോഗ്രാമിനെ’ കുറിച്ച് സംസാരിക്കവെ ഈ പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരസ്പരം ബന്ധപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കും. ഈ മാസം 26-ന് നടക്കുന്ന ഈ പരിപാടി കാണാനും അതില്‍ ചേരാനും പ്രധാനമന്ത്രി കോളേജ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. പരിപാടിക്കിടെ കോളേജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ജി 20 ഉച്ചകോടിക്ക് ശേഷം ഇന്ത്യയോടുള്ള ആകര്‍ഷണം വളരെയധികം ഉയര്‍ന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. ജി 20 യില്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യയിലെത്തിയതായി അദ്ദേഹം പറഞ്ഞു. ഈ മാസം 27ന് ലോക ടൂറിസം ദിനം ആഘോഷിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മോദി,ടൂറിസം മേഖല ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ജി 20 വേളയില്‍ വിദേശ പ്രതിനിധികള്‍ രാജ്യത്തിന്റെ വൈവിധ്യവും വ്യത്യസ്ത പാരമ്പര്യങ്ങളും പാചകരീതികളും പൈതൃകവും പരിചയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിനിധികള്‍ തങ്ങള്‍ക്കൊപ്പം തിരികെ കൊണ്ടു പോയ അനുഭവങ്ങള്‍ വിനോദസഞ്ചാരത്തെ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ശാന്തിനികേതനും കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങളും അടുത്തിടെ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു.
കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ മികച്ച വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണെന്ന് മോദി പറഞ്ഞു. യുനെസ്കോയുടെ അംഗീകാരം ക്ഷേത്രനിര്‍മ്മാണത്തിലെ ഇന്ത്യന്‍ പാരമ്പര്യത്തിനുള്ള ബഹുമതി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: