ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങള്‍
നല്‍കിയെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മകന് യതീന്ദ്രക്കുമെതി
രെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ മത്സരിച്ച വരുണ നിയോജക മണ്ഡലത്തില്‍ ഇസ്തിരിപ്പെട്ടികളും കുക്കറുകളും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്തിയുള്ള യതീന്ദ്രയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ്കര്ണാടക ബിജെപി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചുവെന്നാണ് ആരോപണം.
നഞ്ചന്കോഡില് മടിവാള അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങിനിടെ യതീന്ദ്ര സംസാരിക്കുന്നതിന്റെ വീഡിയോയിലാണ് വോട്ടര്‍മാര്‍ക്ക് സമ്മാനം വിതരണം ചെയ്തുവെന്ന
വെളിപ്പെടുത്തല്‍. കുക്കറുകളും ഇസ്തിരിപ്പെട്ടികളും നല്‍കുന്നതിന് സമുദായ നേതാവായ നഞ്ചപ്പ ആയിരങ്ങളെ ക്ഷണിച്ചുവെന്നാണ് വീഡിയോയില്‍ യതീന്ദ്ര പറയുന്നത്. നമ്മുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്ന് യതീന്ദ്ര പറഞ്ഞു. തന്റെ പിതാവ് തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിലായതിനാല്‍ പരിപാടി രണ്ടുതവണ മാറ്റിവെച്ചു. എന്നിട്ടും അദ്ദേഹം പിന്നീട് പരിപാടിയില്‍ പങ്കെടുക്കുകയും വലിയ വിജയമാക്കുകയും ചെയ്തു. തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിതാവിലൂടെ കുക്കറുകളും ഇസ്തിരിപ്പെട്ടികളും വിതരണം ചെയ്തുവെന്നും ഇതിലൂടെ മടിവാള സമുദായത്തിന്റെ വോട്ടുകള്‍ നഞ്ചപ്പ ഉറപ്പാക്കിയെന്നും അത് സിദ്ദരാമയ്യയുടെ വിജയത്തിന് സഹായകമായെന്നും മുന്‍ എംഎല്‍എകൂടിയായ യതീന്ദ്ര പറഞ്ഞു.
യതീന്ദ്രയുടെ ഈ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് എംഎല്.സി ചലുവടി നാരായണയസ്വാമിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും യതീന്ദ്രക്കുമെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനാല്‍ വരുണ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ സമ്മാനങ്ങള്‍ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ തന്നെ അടിയന്തരമായി ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. ഭരണഘടനയില്‍ പറയുന്ന പ്രകാരം തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കണം. ക്രമക്കേട് നടത്തിയെന്നതിന് ഇത്തരം തുറന്നുപറച്ചിലനുമപ്പുറം മറ്റു തെളിവൊന്നും ആവശ്യമില്ലെന്നും ബിജെപി പരാതിയില്‍ പറഞ്ഞു. യതീന്ദ്രയുടെ വെളിപ്പെടുത്തല്‍ വിവാദമായെങ്കിലും വിഷയത്തില്‍ സിദ്ധരാമയ്യ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: