തിരുവനന്തപുരം: കായിക മേഖലയുടെ വളര്‍ച്ചയില്‍ അടുത്തകാലത്തായി കേരളം അല്പം പിന്നിലേക്കു പോയെന്നും വിജയിച്ചു വരുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയും പുരസ്കാര തുകയും ലഭിക്കുന്നതിന് കായികതാരങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടിവരുന്നത് അപമാനകരമാണെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് പറഞ്ഞു. കവടിയാര്‍ ഉദയ്പാലസില്‍ ക്രീഡാഭാരതിയുടെ ആറാമത് ജീജാബായി പുരസ്കാരം ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയുടെ അമ്മ ഹസീന സുനില്‍കുമാറിന് നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക മേഖലയുമായി ബന്ധമില്ലാത്തവര്‍ കായിക സംഘടനകളുടെ തലപ്പത്ത് വരുന്നതും താരങ്ങളെ അവഗണിക്കുന്നതും കായികരംഗത്തെ മികവിന് തടസമാകും. താരങ്ങള്‍ ആദരിക്കപ്പെടേണ്ടവരാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കായികരംഗത്തിന് നവോന്മേഷം പകരാനായി. വിജയിച്ചവരെ മാത്രമല്ല മത്സരിച്ച് പരാജയപ്പെട്ടവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചു സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ നയം ചന്ദ്രയാന്റെ വിജയത്തിനു മാത്രമല്ല കായികമേഖലയുടെ വരുംകാലത്തെ പ്രഭാവത്തിനും കരുത്തുപകരുമെന്ന് മന്ത്രി പറഞ്ഞു.
പഴയകാലത്തെ മികച്ച കായികതാരങ്ങളെല്ലാം പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് നല്കുന്ന പരിഗണന അന്ന് തങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ നേട്ടംകൊയ്യാന്‍ ആകുമായിരുന്നുവെന്നാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ക്ക് മാത്രം പരിശീലനം നല്കുകയല്ല, മറിച്ച് കൂടുതല്‍ ആള്‍ക്കാരിലേക്ക് കായിക സംസ്കാരം എത്തിക്കാനും അതിലൂടെ നല്ലൊരു കായിക നിരയെ വാര്‍ത്തെടുക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
കായിക താരത്തിന്റെ വളര്‍ച്ചയില്‍ സര്‍ക്കാരുകള്‍ക്കും കോച്ചിനും മാത്രമല്ല മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ക്രീഡാഭാരതി മികച്ച കായികതാരങ്ങളുടെ അമ്മമാരെ ആദരിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രീഡാഭാരതി സംസ്ഥാന അധ്യക്ഷന്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ. ജി.കിഷോര്‍, ക്രീഡാഭാരതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാജ് സജന്‍ലാല്‍ ചൗധരി, ന്യൂ ഇയര്‍ ഗ്രൂപ്പ് സിഎംഡി ഡോ. എം.എം. പ്രസാദ്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി. ഗിരീഷ്, വി.സി. അഖിലേഷ്, റ്റി. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അര്‍ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, പദ്മശ്രീ കെ.എം. ബീനാമോള്‍, കായികതാരം കൂടിയായ മുന്‍ ഡിഐജി ഗോപിനാഥ്, ഷട്ടില്‍ ബാഡ്മിന്റണ്‍ ടെക്നിക്കല്‍ കമ്മിറ്റി ഓള്‍ഇന്ത്യ ചെയര്മാന് എസ്. മുരളീധരന്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് ബോക്സിങ് താരം ലേഖ കെ.സി, അര്‍ജുന അവാര്‍ഡ് ജേതാവ് ഓമനകുമാരി, ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറി ടി. രതീഷ്, എച്ച്.എസ്. പ്രണോയിയുടെ അച്ഛന് സുനി ല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: