കൊച്ചി: സമ്പന്നരായ സഹോദന്മാരുണ്ടെന്ന കാരണത്താല്‍ അച്ഛന്റെ പേരിലുള്ള സ്വാതന്ത്ര്യസമര പെന്ഷന് വിവാഹമോചിതയായ മകള്‍ക്ക് നിഷേധിക്കരുതെന്ന് ഹൈക്കോടതി.
കോഴിക്കോട് സ്വദേശിയും അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി ടി. അച്യുതന്റെ മകളുമായ നീനയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് വാദം കേട്ടത്. അപേക്ഷ നിരസിച്ചു കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സഹോദരന്മാര് സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് നീനയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചത്.
സഹോദരന്മാരെ ആശ്രയിച്ച് ഹര്‍ജിക്കാരി ജീവിക്കണമെന്ന നിലപാട് ഇക്കാലത്ത് അംഗീകരിക്കാനാവില്ല. പുരുഷാധിപത്യപരമായ നിഗമനമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് അപേക്ഷ സര്‍ക്കാര്‍ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്.
സഹോദരന്മാര് തന്നെ പരിരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ നിഗമനം നീതീകരിക്കാനാവില്ല. തനിക്ക് കേരള ഫ്രീഡം ഫൈറ്റേഴ്സ് പെന്ഷന് ചട്ടപ്രകാരം അങ്ങേയറ്റം അര്‍ഹതയുള്ള വ്യക്തിയെന്ന നിലയില്‍ പെന്ഷന് തുകയ്ക്ക് അര്‍ഹതയുണ്ട്. അച്ഛനു ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് അദ്ദേഹത്തിന്റെ ആശ്രിതയെന്ന നിലയില്‍ വിവാഹമോചിതയായ തനിക്ക് ലഭിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
സഹോദരന്മാരുള്ള സാഹചര്യത്തില്‍ ഹര്‍ജിക്കാരിക്ക് ചട്ടപ്രകാരം അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി ഈ വാദം തള്ളി. നാലുമാസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: