കെ. സജീവന്
കൊച്ചങ്കോട് ഗോവിന്ദന് എന്ന ഗോവിന്ദനാശാനെ അറിയാത്തവര്‍ വയനാട്ടില്‍ ചുരുക്കം. പഴശ്ശിപ്പടയുടെ പോരാട്ട വീര്യം ഉള്‍ക്കൊണ്ട് ധനുര്‍ വിദ്യയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ഗോത്രകുലത്തിനാകെ മാതൃകയാണ്. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായി ധാരാളം പേര് ഗോത്ര ധനുര്‍വിദ്യ അറിയാന്‍ ഗോവിന്ദനാശാനെ തേടി വരുന്നു.
വയനാട് അമ്പലവയലിനടുത്ത് അമ്പുകുത്തി മലനിരകളോട് ചേര്‍ന്ന ആയിരം കൊല്ലിയാണ് അദ്ദേഹത്തിന്റെ താമസം. ഈ 73 വയസ്സിനുള്ളില്‍ 65 രാജ്യങ്ങളില്‍ നിന്നായി ധാരാളം പഠിതാക്കള്‍ ഗോവിന്ദനാശാനെ തേടിയെത്തി. പരമ്പാരാഗതമായ അമ്പും വില്ലും നിര്‍മ്മിച്ച് നല്‍കിയാണ് അദ്ദേഹം ഗോത്രകുലത്തിന്റെ കുലപതിയാകുന്നത്. മുമ്പ് സൗജന്യമായായിരുന്നു ഇവ നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് വാങ്ങുന്നവര്‍ സന്തോഷത്തോടെ എന്തെങ്കിലും നല്കായാല് അത് സ്വീകരിക്കും.
ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള അമ്പും വില്ലും വില പറഞ്ഞാണ് നല്‍കുക. ഏഴ് രാജ്യങ്ങളിലേക്ക് അമ്പും വില്ലും ഗോവിന്ദനാശാനില്‍ നിന്ന് ഇതിനകം കൊണ്ടുപോയിട്ടുണ്ട്. മുള ഉപയോഗിച്ചുള്ള വില്ലുകളും വീട്ടി, പ്ലാവ്, ശീമക്കൊന്ന തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചുള്ള മുന്നാക്കി മടക്കി സൂക്ഷിക്കാവുന്ന ആധുനിക വില്ലുകളും അദ്ദേഹം നിര്‍മിച്ചു വരുന്നു. വീടിനോട് ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ പണിപ്പുരയില്‍ നിറയെ അമ്പുകളും വില്ലുകളുമാണ്. ഒരു ഭാഗത്തെ ചുമരില്‍ ഗോത്രജനതയെ കുറിച്ചും ഗോവിന്ദനാശാനെ കുറിച്ചുമുള്ള പത്ര റിപ്പോര്‍ട്ടുകള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പണിപ്പുരയില്‍ സദ്യക്ക് ഉപ്പും മുളകും വിളമ്പുന്ന മരത്തില്‍ തീര്‍ത്ത ഉപ്പ് മരം, ഷോകേയ്സില്‍ സൂക്ഷിക്കുന്ന അമ്പും വില്ലും ചിരട്ട ഉത്പന്നങ്ങള്‍ കരകൗശല വസ്തുക്കള്‍ എന്നിവയും കാണാം.
പരമ്പരാഗത അമ്പും വില്ലും നിര്‍മ്മാണം അത്ര എളുപ്പമല്ലന്ന് നാട്ടുകാരുടെ ദ്രോണാചാര്യരായ ഗോവിന്ദനാശാന്‍ പറയുന്നു. ദിവസങ്ങളുടെ അധ്വാനം അതിന് പിന്നിലുണ്ട്. നാളും പക്കവും നോക്കി ഉള്‍ക്കാടുകളില്‍ നിന്നാണ് കല്ലന്‍മുള ശേഖരിക്കുക. ഇത് ചെത്തി ചീകിയാണ് വില്ലുണ്ടാക്കുക. കാലപ്പഴക്കമുള്ള മുളകളാണ് നല്ലത്. ആറ് മാസം വരെ വില്ലും അമ്പും പുകയത്ത് സൂക്ഷിച്ചാണ് ഞാണ് മുറുക്കുക. വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയുമാണ് ഓരോഭാഗ നിര്‍മ്മിതിയും.
വനത്തിലെ മണലി മരച്ചെടി, ആനക്കൊടിത്തൂവ (ചൂത്ത) ഇവയുടെ പുറം തൊലി കളഞ്ഞ് ഉള്ളിലെ നാര് വലിച്ചെടുക്കും. പിന്നീട് ഇവ പിരിച്ച് കരയത്തിന്റെ (പാടവള്ളി) പശ ഉപയോഗിച്ച് ദൃഢപ്പെടുത്തും. വേങ്ങ മരത്തിന്റെ ഇളം തളിര് കൊണ്ട് തേച്ചാല്‍ ഞാണിന് കൂടുതല്‍ ഉറപ്പ് ലഭിക്കും. ചെമ്പരത്തി പശയും ഉപയോഗിക്കും. ഇങ്ങനെ നിര്‍മ്മിക്കുന്ന ചരടാണ് വില്ല് കെട്ടാന്‍ ഉപയോഗിക്കുന്നത്. ഇന്ന് എളുപ്പത്തിനായി പ്ലാസ്റ്റിക്ക് ചരടുകളും ഉപയോഗിച്ച് വരുന്നു.
പരമ്പരാഗത ഗോത്ര തറവാടുകളില്‍ പഴയ രീതി തന്നെയാണ് ഇന്നും പിന്തുടരുന്നത്. വില്ലിന്റെ ഒരു ഭാഗത്ത് കുറച്ച് ചരട് ചുറ്റിക്കെട്ടി വയ്ക്കുന്ന രീതിയുമുണ്ട്. ഈഭാഗത്തിന് കൊടിഞ്ഞാന് എന്ന് പറയും. വേട്ടയാടുന്നതിനിടെ ഞാണ് പൊട്ടാനിടയായാല്‍ അതഭിമുഖീകരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. അമ്പിന്റെ നിര്‍മാണവും ഏറെ ശ്രമകരമാണ്. ഈറ്റ മുറിച്ചെടുത്ത് പുകയത്ത് വച്ച് തന്നെയാണ് അമ്പുണ്ടാക്കുന്നത്. കത്തിയമ്പും മൊട്ട അമ്പും പൊതുവായി ഇവര്‍ ഉപയോഗിച്ച് വരുന്നു. ഗോത്ര വിഭാഗത്തിലെ കൊല്ലന്മാരാണ് കത്തിയമ്പ് നിര്‍മിക്കുന്നത്. ഇത് അത്യാവശ്യ ഘട്ടത്തില്‍ മാത്രമാണ് പുറത്തെടുക്കുക. കത്തിയമ്പ് സത്യമുള്ള ആയുധമായാണ് ഗോത്രവിഭാഗം വിശ്വസിച്ച് വരുന്നത്. തുലാപ്പത്തിനും, ഉച്ചാലിനുമാണ് പ്രധാനമായും കത്തിയമ്പ് ഉപയോഗിക്കുക. വേട്ട സര്‍ക്കാര്‍ നിരോധിച്ചെങ്കിലും ഈ നാളുകളില്‍ പ്രതീകാത്മക വേട്ടയാടല്‍ നടക്കും.
പന്തളം എന്‍എസ്എസ് കോളജില്‍ നടന്ന 12-ാമത് തലക്കല്‍ ചന്തു സ്മാരക സംസ്ഥാന തല അമ്പൈയ്ത്ത് മത്സരത്തില്‍ അച്ഛന്റെയും മകന്റെയും കൂടെ പങ്കെടുക്കാനായതില്‍ അഭിമാനിക്കുന്നതായി ഗോവിന്ദേട്ടന് പറയുന്നു.
അടിയന്തരാവസ്ഥയിലെ കിരാത വേട്ട
അമ്പലവയല്‍ ഗവര്‍മെന്റ് സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോവിന്ദനാശന്റെ കുടുംബം ആര്‍എസ്എസിന്റെ ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഒടിസി മുന്നാം വര്‍ഷം പൂര്‍ത്തികരിച്ച അദ്ദേഹം ധാരാളം വനവാസി ചുമതലകളും വഹിച്ചു. വനവാസി വികാസ കേന്ദ്രം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഖേല്‍കൂത്ത് പ്രമുഖ് എന്നീ നിലകളിലും മറ്റ് നിരവധി ചെറു ചുമതലകളും അദ്ദേഹം വഹിച്ചു. സംഘപ്രവര്‍ത്തനം അടിയന്തരാവസ്ഥകാലത്തെ അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിച്ചു. അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അദ്ദേഹത്തിന് കൊടിയ പീഡനമാണ് ഏറ്റ് വാങ്ങേണ്ടി വന്നത്. ശരീരമാകെ രണ്ട് തവണ ഉരുട്ടി പോലീസുകാര്‍ തങ്ങളുടെ കരവിരുത് കാണിച്ചു. വാവിട്ട് കരഞ്ഞപ്പോള്‍ വായില്‍ തുണി കുത്തിതിരുകി. ആ നാളുകള്‍ ജീവതത്തില്‍ ഒരിക്കലും മറക്കാനാകുന്നില്ലന്നും അദ്ദേഹം പറയുന്നു.
ഖേല്ക്കൂത്ത് പ്രമുഖ് ആയിരുന്ന കാലത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന വനവാസി കായിക മേളയില്‍ കേരളത്തിനായി 13 സ്വര്‍ണ്ണം നേടാനായി. അന്ന് ഭാസ്കര്‍റാവുജി പറഞ്ഞ ഒരു കാര്യം ഇന്നും ജീവിതത്തില്‍ ആശാന് പാലിച്ച് വരുന്നു. പരമ്പരാഗത ഗോത്രസംസ്കാരം നിലനിര്‍ത്തണമെന്നായിരുന്നു ആ ഉപദേശം. മുള്ളുവ കുറുമ വിഭാഗത്തില്‍ ജനിച്ച ഗോവിന്ദനാശാന്റെ ഗോത്രത്തില്‍ പുരുഷന്മാര് മരിച്ചാല്‍ അമ്പും വില്ലും ശരീരത്തിനടുത്ത് വയ്ക്കുന്ന രീതി ഗോത്രം ഇന്നും പിന്തുടര്ന്ന് വരുന്നു.
2019 ഏപ്രില്‍ 25 അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ഓട്ടോയില്‍ യാത്രചെയ്യവെ അമ്പലവയലിനടുത്ത് വച്ചുണ്ടായ അപകടത്തില്‍ വണ്ടിയില്‍ നിന്നും അദ്ദേഹം തെറിച്ച് വീണു. പിറകെ വന്ന ടിപ്പര്‍ ഇടിച്ച് തെറിപ്പിച്ച അദ്ദേഹം ഒരുമാസത്തോളം ബോധമറ്റ് ആശുപത്രിയിലായിരുന്നു.
വസുധൈവ കുടുംബകം
തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ജീവനക്കാരനായിരുന്ന ഗോവിന്ദേട്ടന് 14000 രൂപ പെന്ഷന് ലഭിക്കുന്നുണ്ട്. മാസം 3000 രൂപ അദ്ദേഹം പക്ഷിമൃഗാദികള്‍ക്കായി നീക്കിവെക്കും 1 കിലോഗ്രാം അരി, 100 ഗ്രാം തിന, കേക്ക്, ബ്രഡ്ഡ് എന്നിവയാണ് ദിവസ മെനു. പൂങ്കാവന സമാനമായ പുരയിടത്തില്‍ പ്രത്യേക പാത്രങ്ങളിലാണ് ഭക്ഷണം വെക്കുക. മലയണ്ണാനും മൈനയും തത്തയും വാനരന്മാരുമെല്ലാം ഇവിടുത്തെ അതിഥികളാണ് ഇവര്‍ക്കെല്ലാം ഗോവിന്ദേട്ടന് പേരും നല്‍കിയിട്ടുണ്ട്.
വീടിനോട് ചേര്‍ന്നുള്ള ചമിട്ടിപ്പാറയാണ് ആശാന്റെ ധ്യാന സങ്കേതം. ഇവിടെയിരുന്ന് ധ്യാനിച്ചാല്‍ വല്ലാത്തൊരു അനുഭൂതി കൈവരുമത്രേ. പുരാണങ്ങളെ കോര്‍ത്തിണക്കി ചില കഥകളും അദ്ദേഹം ചമിട്ടിപ്പാറയെ കുറിച്ച് പറയുന്നുണ്ട്.
ആയിരംകൊല്ലി വേട്ടക്കാരന്
ആയിരംകൊല്ലി വേട്ടക്കാരന് എന്നാണ് നാട്ടുകാര്‍ സ്നേഹത്തോടെ ഗോവിന്ദേട്ടനെ വിളിക്കുന്നത്. കൊച്ചങ്കോട് തറവാട്ടില്‍ മാധവന്റെയും മാധുവിന്റെയും മൂത്തമകനായി ജനനം. സഹോദരങ്ങളായ ബാലന്, കുമാരന്, ചുപ്പക്കന്, ഹരിരാജന്‍ എന്നിവരും തികഞ്ഞ ധനുര്ധാരികളാണ്. ഭാര്യ ശാരദയ്ക്കും ഇളയ മകനും പുതുപ്പാടി പഞ്ചായത്ത് ജീവനക്കാരുമായ ഹരീഷും ഭാര്യ ലളിതക്കുമൊപ്പമാണ് താമസം. മൂത്തമകള്‍ സുധയും രണ്ടാമത്തെ മകള്‍ സുലോചനയും മൂന്നാമത്തെ മകന് ഹരികൃഷ്ണനും ഇടക്കിടെ ഗോവിന്ദേട്ടനെ കണ്ട് ക്ഷേമങ്ങള്‍ അന്വേഷിച്ച് വരുന്നു.
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ആശാനെ തേടിവരുന്നു. നിരവധി സംഘടനകളുടെ ആദരവും അദ്ദേഹത്തിന് ലഭിച്ചു. പലരും വിദേശത്തേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും സന്തോഷത്തോടെ വേണ്ടന്ന് വയ്ക്കുകയാണ് അദ്ദേഹം.
പാക്കം രാജാവിന്റെ കല്‍പ്പന
മുള്ളുവ കുറുമ ഗോത്രത്തിന്റെ അവസാന വാക്ക് പാക്കം രാജാവായിരുന്നു. പഴശ്ശി പോരാട്ടങ്ങളില്‍ പാക്കം രാജാവ് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. പഴശ്ശിയുടെ പതനത്തിന് ശേഷവും പാക്കത്തും തിരുമുഖത്തും ബ്രിട്ടീഷ് കോല്‍ക്കാരുമായി (ബ്രിട്ടീഷുകാരുടെ ഭാരത പോരാളികള്‍) കുറുമ്പര്‍ ഏറ്റ് മുട്ടാത്ത ദിവസമില്ല എന്ന് വില്യം ലോഗന് മലബാര്‍ മാന്വലില്‍ പറയുന്നു. വിഷം പുരട്ടിയ അമ്പുമായി ഒരു ബ്രിട്ടീഷുകാരനെയെങ്കിലും വകവരുത്തി ജീവനോടെ മടങ്ങി വരണമെന്നായിരുന്നു പാക്കം രാജാവിന്റെ കല്‍പ്പന. ധാരാളം കുറുമപ്പോരാളികളെ ബ്രിട്ടീഷുകാര്‍ വകവരുത്തിയതായി ചരിത്ര രേഖകളില്‍ കാണാം. എന്നാല്‍ അവര്‍ക്കുണ്ടായ ആള് നാശവും ഭയാനകമായിരുന്നു. കുറുമ ഗോത്രത്തില്‍ ജനിച്ചു എന്നതാണ് ഗോവിന്ദനാശാനെ വയനാട്ടില്‍ വേറിട്ടതാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: