പാലക്കാട്: സനാതനധര്‍മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാവല്ക്കാരന് ദൈവമാണെന്നും സുപ്രീം കോടതി അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. വെങ്കിട്ടരാമന് പറഞ്ഞു. കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ രണ്ടാംദിനത്തില്‍ ‘ലോകസംസ്കാരം വേദപാരമ്പര്യത്തിലൂടെ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധര്‍മം അനശ്വരമാണ്. അതിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലേക്ക് ഇത് പകര്ന്നുനല്കാന് നമുക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്. ജീവിതമെന്നത് ധര്‍മം, അര്‍ഥം, കാമം എന്നിവയിലധിഷ്ഠിതമാണ്. എന്നാലിക്കാലത്ത് കണികാണാന്‍ കിട്ടാത്ത ഗുണം ധര്‍മമാണ്. ആത്മീയ ജീവിതത്തില്‍ സ്വാര്‍ഥതയുടെ ഒരു കണികയെങ്കിലുമുണ്ടെങ്കില്‍ മോക്ഷം ലഭിക്കില്ലെന്നും വെങ്കട്ടരാമന് പറഞ്ഞു. വേദ പാരമ്പര്യത്തിന്റെ അടിസ്ഥാന ലക്ഷ്യം സത്യമാണ്.
അതേസമയം, ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ലോകത്തെമ്പാടും സത്യത്തിന് ക്ഷയം സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശങ്കകളും ആകുലതകളുമില്ലാത്ത ജീവിതമാണ് വേദപാരമ്പര്യം ഉറപ്പുനല്‍കുന്നത്. ത്യജിക്കാനും സഹിക്കാനും കഴിവുള്ളവര്‍ക്കെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിഷയങ്ങളില്‍ പ്രദീപ്കുമാര്‍, ഡോ. ബി. മഹാദേവന്, പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, ഡോ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികള്‍, കെ.വി. ശര്‍മ, ഡോ. എം.എ. അള്‍വാര്‍, ഷെഫാലി വൈദ്യ, ഡോ. ഡി.കെ. ഹരി, ഡോ. പദ്മജ സുരേഷ്, ഡോ. ഡി.കെ. ഹേമഹരി, പ്രൊഫ. പരമേശ്വര്‍ പി. അയ്യര്‍, ഗണേഷ് പദ്മനാഭന്, രാമ ഭരദ്വാജ്, ഡോ. ആനന്ദ ശങ്കര്‍ ജയന്ത്, ഡോ. ടി.എസ്. കല്യാണരാമന്, ഡോ. ആര്.വി. രമണി, കരിമ്പുഴ രാമന് എന്നിവര്‍ സംസാരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യും. കേരള ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്പുഴ രാമന് അധ്യക്ഷത വഹിക്കും.
ടിവിഎസ് ക്യാപിറ്റല്‍ ഫണ്ട്സ് ലിമിറ്റഡ് ചെയര്മാന് ഗോപാല്‍ ശ്രീനിവാസന് മുഖ്യാതിഥിയാവും. ഗ്ലോബല്‍ അച്ചീവേഴ്സിനുള്ള അവാര്‍ഡ് വി.കെ. സിങ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: