അഹമ്മദാബാദ്: അര്‍ദ്ധ ചാലക വ്യവസായത്തിന്റെ കേന്ദ്രമാക്കി രാജ്യത്തെ മാറ്റി, യുവാക്കള്‍ക്ക് ശോഭനമായ ഭാവി പ്രദാനം ചെയ്യുമെന്ന ഉറപ്പുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . ഇന്ന് അഹമ്മദാബാദിലെ സാനന്ദില്‍ മൈക്രോണ്‍ ടെക്നോളജിയുടെ അര്‍ദ്ധചാലക പരിശോധന -കൂട്ടിയോജിപ്പിക്കല്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന വ്യവസായങ്ങളിലൊന്നാണ് അര്ദ്ധചാലകമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അര്‍ദ്ധചാലക ചിപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് അര്‍ദ്ധചാലക ചിപ്പ് നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത നേടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
മൊബൈല്‍ ഫോണ്‍ നിര്‍മാണവും കയറ്റുമതിയും രാജ്യത്ത് കുതിച്ചുയരുന്നതായും മന്ത്രി പറഞ്ഞു. ഈ പ്ലാന്റ് സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തിനകം എല്ലാ അനുമതിയും നല്കിയ ഗുജറാത്ത് സര്‍ക്കാരിനെ മന്ത്രി അഭിനന്ദിച്ചു. ജാംനഗര്‍ -അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ് സാനന്ദില്‍ നിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങില്‍ പങ്കെടുത്തു. 2024 അവസാനത്തോടെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: