വിദിക്കിലേക്ക് വീടു നിന്നാല്‍ ദോഷം സംഭവിക്കുമോ? എത്ര ഡിഗ്രി വരെ വീടിന് ചരിവ് വരാം?
പ്രധാന ദിക്കായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഇതില്‍ ഏതെങ്കിലും ഒരു ദിക്കിന് നേരെയായിരിക്കണം വീടു പണിയേണ്ടത്. എന്നാല്‍ പതിനഞ്ചു ഡിഗ്രി വരെ ചരിവ് അനുവദനീയമാണ്. അതില്ക്കൂടുതലായാല് വിദിക്കിലേക്ക് വീട് എത്തിച്ചേരും. അങ്ങനെ പണിയുന്ന വീടുകള്‍ക്ക് പൊതുവേ ഐശ്വര്യം കുറവായാണ് കണ്ടു വരുന്നത്. ആയതിനാല്‍ ഭൂമി വാങ്ങുമ്പോഴേ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഒരു വീടിന്റെ മുന്‍വശം കണക്കാക്കിയാണ് ഗേറ്റു കൊടുക്കുന്നത്. നാലു വശത്തും ഗേറ്റു കൊടുക്കുന്നത് വീടിന്റെ ഐശ്വര്യം കുറയാന്‍ കാരണമാകും. അത്യാവശ്യമാണെങ്കില്‍ വീടിന്റെ രണ്ടു ഭാഗത്ത് ഗേറ്റു കൊടുക്കുന്നതില്‍ തെറ്റില്ല.
വീടുവയ്ക്കാനുള്ള ഉത്തമഭൂമി എങ്ങനെ കണ്ടെത്താം?
വളരെ കുറച്ച് സ്ഥലം മാത്രം ഉള്ളവര്‍ക്ക് ശാസ്ത്രങ്ങളില്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് വീട് വയ്ക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ സ്ഥലം കൂടുതല്‍ ഉള്ളവര്‍ ശാസ്ത്രവിധിക്കനുസരിച്ച് വീടു വയ്ക്കുന്നത് ഉചിതമായിരിക്കും. ഭൂമിക്ക് കിഴക്കോട്ടോ വടക്കോട്ടോ അല്പം ചരിവുള്ളത് നല്ലതാണ്. വീടുവയ്ക്കാനുള്ള സ്ഥലം സമചതുരത്തിലോ ദീര്‍ഘചതുരത്തിലോ എടുക്കുന്നത് ഉത്തമാണ്. എല്ലാ വൃക്ഷങ്ങളും വളരുന്ന ഭൂമിയും, വിത്തു വിതച്ചാല്‍ ഉടനെ മുളയ്ക്കുന്ന ഭൂമിയും, കൂടാതെ ഒരു കുഴി കുഴിച്ച് മണ്ണെടുത്ത് ആ കുഴിയില്‍ത്തന്നെ തിരിച്ചു നിറച്ചാല്‍ മണ്ണ് ശേഷിക്കുന്ന ഭൂമിയും നല്ലതാണ്. മണ്ണു രുചിച്ചു നോക്കിയാല്‍ ഭസ്മത്തിന്റെ രുചിയോ കര്‍പ്പൂരത്തിന്റെ രുചിയോ വരുന്നത് ദൈവിക ഗുണമുള്ള ഭൂമിയായിട്ട് അംഗീകരിക്കണം. രണ്ടാമതായി, മണ്ണ് രുചിച്ചു നോക്കുമ്പോള്‍ പുളിയിലയുടെയോ പേരയിലയുടെയോ രുചിയോടു കൂടി വരുന്നതും സാധാരണ ഗൃഹം പണിയാന്‍ ഉപയോഗിക്കാവുന്നതാണ്. മൂന്നാമതായി, മണ്ണ് രുചിച്ചാല്‍ കിട്ടുന്നത് വല്ലാത്ത ദുര്‍ഗന്ധമുള്ളതും അരുചി ഉള്ളതുമാണെങ്കില്‍ ആ ഭൂമിയില്‍ വീടുവയ്ക്കുവാന്‍ പാടില്ലാത്തതാണ്. നൂറു സ്ഥലം പരിശോധിച്ചാല്‍ എണ്പതു ശതമാനം വീടുവയ്ക്കുവാന്‍ അനുകൂലവും പത്തു ശതമാനം ദേവാലയം വയ്ക്കാന്‍ അനുകൂലവും പത്തു ശതമാനം വീടു വയ്ക്കാന്‍ കൊള്ളാത്ത ഭൂമിയുമാണ്.
ഒരു കുടുംബത്തില്‍ വര്‍ഷങ്ങളായി ആരാധിച്ചു വന്നിരുന്ന വിഗ്രഹം മാറ്റി സ്ഥാപിക്കുന്നത് നല്ലതാണോ?
ഇപ്പോഴത്തെ ഒരു തെറ്റായ പ്രവണതയാണ് ഇത്. പല കുടുംബങ്ങളിലും എന്തെങ്കിലും അവരുടെ ദോഷസമയം കൊണ്ട് സംഭവിച്ചാല്‍ കുടുംബത്തില്‍ ആരാധിച്ചു വന്നിരുന്ന ദേവന്റെ അഥവാ ദേവിയുടെ മേല്‍ പഴി ചാരുകയും അതിന്റെ പേരില്‍ ഒരു ദേവപ്രശ്നം വയ്ക്കുകയും പ്രശ്നത്തില്‍ കുടുംബദേവതയെ മാറ്റി മറ്റൊന്ന് പ്രതിഷ്ഠിക്കുന്നതിന് തീരുമാനിക്കുകയും അതിന്റെ പേരില്‍ നിലവിലുള്ള വിഗ്രഹം ജലസമാധി നടത്തുകയും ചെയ്തു വരുന്നു. ഇത് പല കുടുംബങ്ങളിലും ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുന്നതായാണ് കണ്ടു വരുന്നത്. പ്രശ്നവശാല്‍ മറ്റൊരു ചൈതന്യത്തിന്റെ സാന്നിധ്യം കാണുകയാണെങ്കില്‍ പ്രത്യേകമായി പ്രതിഷ്ഠിക്കുകയാണ് വേണ്ടത്.
വീടിന്റെ തെക്കു കിഴക്കു ഭാഗത്തുള്ള മുറി പ്രധാന ബെഡ്റൂമാക്കി എടുക്കാത്തതിന്റെ കാരണമെന്ത്?
പ്രസ്തുത മുറിയുടെ സ്ഥാനം തെക്കുകിഴക്ക് അഗ്നികോണിന്റെ ഭാഗമാണ്. ഈ മുറിയില്‍ പൊതുവേ ചൂടു കൂടുതലായിരിക്കും. മറ്റുള്ള മുറികളില്‍ കിടന്ന് ഉറങ്ങുന്നതിനെ അപേക്ഷിച്ച് ഇവിടെ കിടന്നാല്‍ ഉറക്കം കുറവായിട്ടാണ് അനുഭവപ്പെടുന്നത്. ആവശ്യമില്ലാത്ത ടെന്‍ഷന്‍ അനുഭവപ്പെടും. ഈ മുറി, കുട്ടികളുടെ പഠനമുറി, ഓഫീസ് മുറി, കൂടാതെ അടുക്കളയ്ക്കും നല്ല സ്ഥാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: