ന്യൂഡല്‍ഹി: ജനതാദള്‍ സെക്യുലര്‍ ഇനി എന്‍ഡിഎയില്‍. ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ, ശക്തമായ ഇന്ത്യ കാഴ്ചപ്പാടിന് കരുത്താകുമെന്ന് പ്രഖ്യാപിച്ചാണ് ജെഡിഎസ് നേതൃത്വം തങ്ങള്‍ എന്‍ഡിഎയില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപിയുമായി തങ്ങള്‍ കൈകോര്‍ക്കുന്നതായും ഔദ്യോഗികമായി ചര്‍ച്ച നടന്നുവെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത്.
Met Former Chief Minister of Karnataka and JD(S) leader Shri H.D. Kumaraswamy in the presence of our senior leader and Home Minister Shri @AmitShah Ji.
I am happy that JD(S) has decided to be the part of National Democratic Alliance. We wholeheartedly welcome them in the NDA.… pic.twitter.com/eRDUdCwLJc— Jagat Prakash Nadda (@JPNadda) September 22, 2023
ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും ഞങ്ങള്‍ അവരെ എന്‍ഡിഎയിലേക്ക് പൂര്‍ണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജെ.പി.നഡ്ഡ പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ് – ബിജെപിയുമായി അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ലോക്സഭയില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. കര്‍ണാടകയില്‍ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാകയില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. അന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് ജെഡിഎസ് മത്സരരംഗത്തിറങ്ങിയത്. 25 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും പരിതാപകരമായ അവസ്ഥയിലായിരുന്നു ജെഡിഎസ്.
അതേസമയം, എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളി. എന്‍ഡിഎയ്ക്കൊപ്പം കേരള ഘടകം പോകില്ല. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി വിളിച്ചെന്നും മാത്യു ടി.തോമസ് അറിയിച്ചു. നിലവില്‍
കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമാണ് ജെഡിഎസ്. കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗവുമാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: