സച്ചിദാനന്ദസ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം
‘നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു. ഓ നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മ്മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുന്‍പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹിക്കുന്നതിന് പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോടു ഒന്നായിപ്പോകുന്നു.’
ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ ‘ആത്മവിലാസം’ എന്ന ഗദ്യകൃതിയിലെ ഒരു ഭാഗമാണിത്. ആത്മവിലാസം ഗുരുദേവന്റെ ആത്മാനുഭൂതിയുടെ വാങ്മയ ചിത്രമാണ്. ഗുരുദേവന്‍ പരബ്രഹ്മസത്യവുമായി താദാത്മ്യം പ്രാപിച്ച് പരബ്രഹ്മഭാവത്തിലമര്‍ന്നതിന്റെ നിജസ്വരൂപം ഈ കൃതിയില്‍ എത്രയും സുവ്യക്തമായിരിക്കുന്നു. ദര്‍ശനമാലയിലെ നിര്‍വ്വാണദര്‍ശനത്തില്‍ സമാധിയുടെ വിവിധ ദശകളെ സവിസ്തരമായി ഗുരു പ്രതിപാദിച്ചിട്ടുണ്ട്. സത്യസാക്ഷാത്ക്കാരം നേടിയ ബ്രഹ്മനിഷ്ഠന്റെ നാലവസ്ഥകള്‍ സമാധിദശയെ പ്രകാശിപ്പിക്കുന്നു.
ഗുരുദേവന്‍ മരുത്വാമലയിലും മറ്റും ചെയ്ത തപസ്സിലൂടെ ബ്രഹ്മാനുഭൂതി അവിടുത്തേക്ക് കരഗതമായി. ഉപ്പുപാവ വെള്ളത്തില്‍ ലയിച്ചമരുന്നതുപോലെ ചെമ്പഴന്തിയിലെ നാരായണന്റെ ജീവഭാവം ദൈവസത്തയില്‍ വിലയം പ്രാപിച്ച് ജീവാത്മപരമാത്മൈക്യം പ്രാപിച്ചിരുന്നു. അവിടുന്ന് ദൈവസ്വരൂപനായിരിക്കുന്നു. അതായത്, മുക്തപുരുഷനായിരിക്കുന്നു. അങ്ങനെയുള്ള ഒരു ജ്ഞാനിയെ സ്ഥിതപ്രജ്ഞന്‍, അതിവര്‍ണ്ണാശ്രമി, ഗുണാതീതന്‍, ജീവന്മുക്തന്‍ എന്നൊക്കെ വിശേഷിപ്പിക്കണം. അവിടുത്തെ അന്തരാത്മാവിനെ മഥിച്ചിരുന്ന അനൃതപരമ്പരയെ ഒഴിച്ചുമാറ്റി ‘സകലമഴിഞ്ഞുതണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സില്‍’ സമ്പൂര്‍ണ്ണം അവിരളമായി അമര്‍ന്ന് അവിടുന്ന് അതുമാത്രമായിത്തീര്‍ന്നിരിക്കുന്നു. അതായത് ‘ബ്രഹ്മവിത് ബ്രഹ്മൈവഭവതി’ ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മമാത്രസ്വരൂപനായി കഴിഞ്ഞിരിക്കുന്നു. ബ്രഹ്മവിത്ത്, ബ്രഹ്മവിദ്വരന്‍, ബ്രഹ്മവിദ്വരീയന്‍, ബ്രഹ്മവിദ്വരിഷ്ഠന്‍ എന്നിങ്ങനെ ജ്ഞാനിയുടെ നാലുതലങ്ങളെക്കുറിച്ച് ഗുരുദേവന്‍ തന്നെ ദര്‍ശനമാലയില്‍ ഉപദേശിക്കുന്നുണ്ട്. നിര്‍വ്വാണ ദര്‍ശനത്തില്‍ പറയുന്ന ആ നാല് തലങ്ങളെക്കുറിച്ച് തെല്ലൊന്ന് വിശദമാക്കിയാലേ ഗുരുദേവസ്വരൂപത്തെ പ്രസ്പഷ്ടമാക്കുവാന്‍ സാധിക്കൂ. ഗുരു വിശദമാക്കുന്നു.
സമാധിയും മഹാസമാധിയും
ഈ നാലുതലങ്ങളും മുക്താവസ്ഥയെ സംബന്ധിച്ച് ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെ അപേക്ഷിച്ച് കൂടുതല്‍ മഹത്തരമെന്ന് പറയാവുന്നതല്ല. ഈ നാലുകൂട്ടരില്‍ ബ്രഹ്മവിത്തിനു മാത്രമേ ലോകസംഗ്രഹ പ്രവര്‍ത്തനമുള്ളൂ. മറ്റു മൂവരും ജനപഥങ്ങളില്‍ നിന്നും അകന്നു കഴിയുന്നവരാണ്. ഗുരുദേവന്‍ കഠിനമായ തപശ്ചര്യയാല്‍ ജ്ഞാനാവസ്ഥയിലെത്തി ബ്രഹ്മവിത്തായിത്തീര്‍ന്നു. ഇനിയും ആത്മാനുസന്ധാനത്തില്‍ ധ്യാനനിഷ്ഠയില്‍ത്തന്നെ മുഴുകിയാല്‍ ബ്രഹ്മവിദ്വരന്‍, വരീയാന്‍, വരിഷ്ഠന്‍ എന്നീ നിലകളിലേക്ക് ആമഗ്‌നമാകാം. എന്നാല്‍ അതു മൂന്നും തനിക്ക് തല്‍ക്കാലം വേണ്ട എന്ന് ഗുരുദേവന്‍ ആത്മപ്രതിജ്ഞയെടുത്തിരിക്കുന്നു.
ദീനം പിടിച്ചും ജാതിമതാദിഭേദചിന്തകളാല്‍ ലക്ഷ്യബോധമില്ലാതെ കൂരിരുട്ടില്‍ അമര്‍ന്നും കിടക്കുന്ന ജനകോടികളെ സമുദ്ധരിക്കേണ്ടത് അവിടുത്തെ കടമയായിരുന്നു, കര്‍ത്തവ്യമായിരുന്നു. അതിനുള്ള സമയം ഇതാ ആസന്നമായിരിക്കുന്നു. ബ്രഹ്മവിത്തായിരുന്നുകൊണ്ട് ലോകജനതയെ സമുദ്ധരിക്കണം. ഇതായിരുന്നു ഗുരുദേവന്റെ മഹാസങ്കല്പം. അപ്പോള്‍ ഗുരു സമാധിയിലായിരുന്നു. ഈ സങ്കല്പത്തോടുകൂടിയാണ് ഗുരുദേവന്‍ ഒരവതാരപുരുഷനായി അരുവിപ്പുറത്തേക്ക് ഇറങ്ങിവന്നത്. സമാധി സഹജഭാവമാക്കിക്കൊണ്ടാണ് ഗുരു കര്‍മ്മനിരതനായത്. സമാധിയെന്നത് ജീവാത്മപരമാത്മൈക്യ ജ്ഞാനാനുഭവമാണ്. സാധാരണ ജീവന്മാര്‍ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളില്‍ വിഹരിക്കുമ്പോള്‍ ജ്ഞാനി നാലാമത്തെ തുരീയാവസ്ഥയെ അഥവാ സമാധിയെ പ്രാപിച്ച് അതില്‍ വിഹരിക്കുന്നു. അടിയെന്നോ മുടിയെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനേ യും ഒരേയൊരു അദൈ്വതബോധത്തിലറിയുന്നത് തുര്യാനുഭവമാണ്. ഗുരുദേവന്‍ ഈ തുര്യാവസ്ഥയെ പ്രാപിച്ച് അതില്‍ അമര്‍ന്ന് അതുമാത്രമായി. അതായത് സഹജാവസ്ഥയെ പ്രാപിച്ചുവെന്ന് താല്പര്യം. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥയാണ് സമാധി എന്നു പറയാം. സമാധി എന്നത് ബുദ്ധിയുടെ സമമായ അവസ്ഥയാണ്. ഗുരുദേവന്‍ ഏതാണ്ട് 30-ാമത്തെ വയസ്സില്‍ സമാധിയായി. 73-ാം വയസ്സില്‍ മഹാസമാധിയും. അതായത് 30-ാമത്തെ വയസ്സില്‍ ഈശ്വരസ്വരൂപനായിത്തീര്‍ന്ന ഗുരുദേവന്‍ 73 വയസ്സുവരെ ശരീരധാരണം ചെയ്ത് ലോകസംഗ്രഹത്തില്‍ മുഴുകി ബ്രഹ്മതത്ത്വത്തെ പ്രാപിച്ച ബ്രഹ്മവിത്ത് അഥവാ ദൈവം ദൈവസ്വരൂപമായി പ്രകാശിച്ചുകൊണ്ട് എല്ലാവരേയും ആ ദൈവമഹിമാവിലേക്ക് ഉയര്‍ത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാന്‍ ശ്രമം ചെയ്തുവെന്നു താല്പര്യം.
അപ്പോള്‍ ദൈവമാണ് ഇവിടെ 73 വയസ്സുവരെ ശരീരധാരണം ചെയ്തതെന്നു നാമറിയണം. 73-ാമത്തെ വയസ്സില്‍ ശരീരമുപേക്ഷിച്ചു. ഈ ശരീരവേര്‍പാടിനെ സാങ്കേതികമായി മഹാസമാധിയെന്നോ മഹാപരിനിര്‍വ്വാണമെന്നോ പറയാം. ഈ തത്ത്വമറിയാത്തവര്‍ ഗുരുദേവന്‍ സമാധിയായി, മരിച്ചുപോയി എന്നൊക്കെ വ്യവഹരിക്കാറുണ്ട്. മഹാത്മാക്കള്‍ സ്വകൃത്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വധാമം പൂകുന്നു. ഓരോരുത്തരുടെയും തിരോധാനം ഓരോ തരത്തിലായിരിക്കും. കൃഷ്ണന്‍ ഒരു വേടന്റെ അമ്പേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ബുദ്ധന്‍ വിലക്കപ്പെട്ട ആഹാരം കഴിച്ച് അജീര്‍ണ്ണം ബാധിച്ച് മഹാനിര്‍വ്വാണം പ്രാപിച്ചു. ക്രിസ്തു കുരിശിലേറി, തുടര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായി. ശ്രീശങ്കരന് ‘ഗന്ദരം’ എന്ന രോഗമുണ്ടായി. മുഹമ്മദ്‌നബി സ്വമതസ്ഥാപനത്തിനു വേണ്ടി യുദ്ധം ചെയ്ത് അവസാനം സാധാരണയെന്നവണ്ണം പരലോകം പ്രാപിച്ചു. ശ്രീരാമകൃഷ്ണദേവന്റെ തിരോധാനത്തിന് ഹേതു കണ്ഠത്തില്‍ ബാധിച്ച ക്യാന്‍സറായിരുന്നു. രമണമഹര്‍ഷിക്കും ക്യാന്‍സര്‍ തന്നെ ബാധിച്ചു. ദയാനന്ദസരസ്വതി വിഷം കുടിച്ചു മരിച്ചു. സ്വാമി രാമതീര്‍ത്ഥര്‍ ഗംഗയില്‍ ജീവിതമര്‍പ്പിച്ചു. ഇതുപോലെ ശ്രീനാരായണഗുരുദേവന്‍ മൂത്രതടസ്സവും ‘ഹെര്‍ണിയ’ എന്ന രോഗവും ബാധിച്ചാണ് ശരീരത്യാഗം വരിച്ചത് അഥവാ മഹാസമാധി പ്രാപിച്ചത്.
ഗുരു പരമശാന്തിയിലേക്ക്
ഗുരുദേവന്റെ മഹാപരിനിര്‍വ്വാണത്തിന് ഉപാധിയായത് മൂത്രതടസ്സമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. കോട്ടയത്തുവെച്ചു ശിവഗിരി തീര്‍ത്ഥാടനത്തിനു അനുവാദം നല്‍കിയ ഗുരുദേവന്‍ വൈക്കം വെല്ലൂര്‍ മഠത്തിലേക്ക് എഴുന്നള്ളി അവിടെവെച്ച് സംന്യാസിസംഘത്തിന്റെ യോഗം ചേര്‍ന്നു. ഇതാണ് തൃപ്പാദങ്ങള്‍ പങ്കെടുത്ത അവസാനയോഗമെന്നു പറയാം. അതുകഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മുന്‍പ് പലപ്പോഴും അലട്ടിയിട്ടുള്ള മൂത്രതടസ്സം തലപൊക്കിയത്. ഒരിക്കലും ലംഘിക്കാതെയുള്ള ബ്രഹ്മചര്യമാണോ ഈ രോഗത്തിനു നിദാനമായത് എന്നു ഒരിക്കല്‍ ഗുരു അരുളി ചെയ്തിരുന്നു. ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും താല്‍ പ്പര്യപ്രകാരം ആദ്യം പാലക്കാട്ടും തുടര്‍ന്ന് മദ്രാസിലും പോയി ചികിത്സ നടത്തി. ‘സ്വാമി തൃപ്പാദങ്ങള്‍ക്ക് ക്ഷീണത്തിന് കുറവില്ല, വളരെയധികമാണെന്നു പറയാം. ദേഹം ക്രമേണ മെലിഞ്ഞുവരുന്നു. രണ്ടുനാലുദിവസമായി ഭക്ഷണം കഴിക്കുന്നതിനും രുചിക്കുറവുണ്ട്.’ ഭഗവാന്റെ സുഖക്കേടു സംബന്ധിച്ചും 1104 ചിങ്ങം 30-ാം തീയതിയിലെ ‘ധര്‍മ്മം’ പത്രം പ്രസിദ്ധപ്പെടുത്തിയ അവസാന റിപ്പോര്‍ട്ടാണിത്.
തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്‍പില്‍ കണ്ടുകൊണ്ട് അത്യന്തം ആനന്ദതുന്ദിലനായി ഗുരുദേവന്‍ കഴിഞ്ഞു. ആ മഹാപുരുഷനെ ഒരുനോക്കു കാണുന്നതിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകളുടെ പ്രവാഹം അനുദിനം ശിവഗിരിയില്‍ സംഭവിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ കാരുണ്യപൂര്‍വ്വം അവരെ വീക്ഷണം ചെയ്തു അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഗുരുവിനു പൂര്‍ണ്ണസൗഖ്യം ഉണ്ടാകണമെന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും ഗുരുദേവക്ഷേത്രങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. എന്നാല്‍ ത്രികാലജ്ഞനായ ആ പരമഹംസനാകട്ടെ മൗനഘനാംബോധിയില്‍ അഭിരമിച്ചു മഹാസമാധിയിലേക്കു മന്ദം മന്ദം നീങ്ങുകയാണുണ്ടായത്. ഗുരുദേവന്‍ ഒന്നു സങ്കല്പിച്ചാല്‍ രോഗം മാറുമെന്ന് പലരും ധരിച്ചിരുന്നു. അതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയും നടത്തി. അതുകൊണ്ട് ഫലമുണ്ടായില്ല. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച് തിരശീലയ്‌ക്കുള്ളിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.
മഹാസമാധി സൂചന
അങ്ങനെ ഗുരുദേവന്‍ കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടുകൊണ്ടിരുന്നു. ഒരു സമയം അവിടുന്നു മൊഴിഞ്ഞു. ‘നാം ഇവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. പ്രതിബിംബങ്ങളെ ഒഴിവാക്കിക്കൊണ്ട് യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളും, നമുക്ക് നല്ല തൃപ്തി തോന്നുന്നു.’ കുറേ നേരം കണ്ണടച്ചുകിടന്നശേഷം ‘മരണത്തില്‍ ആരും ദുഃഖിക്കരുത്’ എന്ന് അരുളിചെയ്തു. ശിഷ്യന്മാര്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ പരസ്പരം നോക്കിനിന്നു. ഗുരുദേവന്‍ തുടര്‍ന്നു. ‘കന്നി അഞ്ച് നല്ല ദിവസമാണ്. അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം.’ അറിവിന്റെ മഹിമാവില്‍ പ്രപഞ്ചദൃശ്യം അംഗമില്ലാതണയുമ്പോഴുണ്ടാകുന്ന നിശ്ചലതയും പ്രശാന്തതയും അവിടെ പ്രകാശിച്ചു. അതിരറ്റ സുഖം അനുഭവിച്ചുകൊണ്ട് ആനന്ദക്കടലില്‍ മുങ്ങി ജ്ഞാനാമൃതം പാനം ചെയ്തുകൊണ്ട്, പരമഹംസനായ ആ ജഗദ്ഗുരു പരിപൂര്‍ണ്ണമായ സ്വച്ഛന്ദതയില്‍ അവിരളം അമരുന്നതായി ആ ശിഷ്യന്മാര്‍ക്ക് തോന്നി. ഗുരുവിന്റെ മഹാസമാധി ദിനം എന്നെന്ന് അവിടുന്ന് വ്യക്തമായി പറഞ്ഞില്ല. എന്നാല്‍ സുവ്യക്തമായ ചില സൂചനകള്‍ നല്‍കുകയും ചെയ്തു. വ്യക്തമായി സൂചിപ്പിച്ചാല്‍ ആളുകള്‍ തിങ്ങിക്കൂടി ബഹളങ്ങള്‍ വയ്‌ക്കുമല്ലോ. അതുകൊണ്ടാകാം വ്യക്തമാക്കാതിരുന്നത്.
ഭഗവാന്റെ മഹാസമാധി
കന്നി 5-ാം തീയതി വന്നെത്തി. അന്ന് ഒരു ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. പ്രകൃതി കണ്ണുനീര്‍ പൊഴിച്ച് നിശ്ചേഷ്ടമായി നിന്നു. ഉച്ചയായപ്പോഴേക്കും മാനം ശരത്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങള്‍ കല്പിച്ചപ്രകാരം അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. സായാഹ്നസൂര്യന്‍ പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ ‘യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമയം ഏതാണ്ട് മൂന്നേകാല്‍ മണിയോടടുക്കുന്നു. ‘നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു’ എന്നരുളി. ഗുരു കിടക്കയില്‍ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോള്‍ ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു. 1928 സെപ്റ്റംബര്‍ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30. ശിവഗിരി വൈദികമഠത്തിലെ കിടക്കയില്‍ ബ്രഹ്മചൈതന്യ സ്വരൂപനായിരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയില്‍ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാര്‍ ഉപനിഷത്സാരസര്‍വ്വസ്വമായ ‘ദൈവദശകം’ ആലാപനം ചെയ്തുതുടങ്ങി. സാന്ദ്രവും ദിവ്യവുമായ നിര്‍വ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവെ,
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
എന്നു ചൊല്ലിക്കഴിയവേ ഏകലോകദര്‍ശനം വിഭാവനം ചെ യ്ത ഭഗവാന്‍ ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി. (മഹാസമാധിവേളയില്‍ യോഗവാസിഷ്ഠം പാരായണം ചെയ്തു എന്ന് ഒരു കൂട്ടരും അതല്ല ദൈവദശകമായിരുന്നുവെന്നു മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ആ സന്നിധിയില്‍ ദിവസങ്ങളായി ഇതു രണ്ടും പാരായണം ചെയ്തു കൊണ്ടിരുന്നുവെന്നതാണ് സത്യം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: