തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ഗുണ്ടായിസം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷിക സര്‍വകലാശാല വിസിയുമായ ഡോ. ബി. അശോകിന്റെ ക്യാബിനില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെയാണ് ആര്‍ഷോയുടെ അതിക്രമം. എല്ലാവരെയും വിളിക്കുന്ന ഇടത്തിലേക്ക് വരുത്തുമെന്നും ആര്‍ഷോയുടെ ഭീഷണി.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് ആര്‍ഷോയും മറ്റൊരാളും അശോകിന്റെ കാബിനിലേക്ക് എത്തിയത്. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുകയാണെന്നും ഇപ്പോള്‍ കാണാനാകില്ലെന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ഷോയോട് പറഞ്ഞു. യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചു. പ്രകോപിതനായ ആര്‍ഷോയും ഒപ്പം ഉള്ള ആളും ക്യാബിനിലേക്ക് തള്ളിക്കയറുകയായിരുന്നു.
അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദേ്യാഗസ്ഥരോട് അടക്കം ആക്രോശിച്ചു. ഉദ്യോഗസ്ഥര്‍ക്കൊപ്പം അതിക്രമിച്ച് കയറി ഇരുന്ന ആര്‍ഷോയും സുഹൃത്തും ഓണ്‍ലൈന്‍ യോഗവും തടസപ്പെടുത്തി. കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. അശോകിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ആക്രോശിച്ചു.
ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ ആര്‍ഷോയെ പിടിച്ചുമാറ്റാന്‍ തയാറായില്ല. അനുനയിപ്പിച്ചാണ് ഇവരെ പുറത്തിറക്കിയത്. വിളിക്കുന്നേടത്ത് എല്ലാവരെയും വരുത്തുമെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയശേഷമാണ് ഇവര്‍ മടങ്ങിയത്.
ആര്‍ഷോയുടെ അക്രമവും ഭീഷണിയും സംബന്ധിച്ച് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്കുകയാണെങ്കില് ആര്‍ഷോയെ നിരീക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം വകുപ്പ് സെക്രട്ടറിയുടെ ക്യാബിനിലേക്ക് അതിക്രമിച്ച് കയറി കേന്ദ്രസെക്രട്ടറിയുമായുള്ള യോഗം തടസ്സപ്പെടുത്തിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ചീഫ്സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്കിയ പരാതി പോലീസിന് കൈമാറിയിട്ടുമില്ല. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: