രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 15നും 24 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ട.് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള ഒരു തീരുമാനം മാത്രമാണ് ഇനി വരാനുള്ളത്. പ്രതിഷ്ഠയ്ക്കുശേഷം ജനുവരിയില്‍ത്തന്നെ ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കും. അതിനായി പ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളായി രാപകല്‍ ഭേദമില്ലാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബാലരൂപത്തിലുള്ള ശ്രീരാമവിഗ്രഹമല്ലാതെ മറ്റൊരു വിഗ്രഹം കൂടി ശ്രീകോവിലിലുണ്ടാകും. എന്നാല്‍ ഇത് ഏതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ മൂന്നു വിഗ്രഹങ്ങളാണ് നിര്‍മ്മിക്കുന്നത്. വാസ്തുശില്പികള്, വിദഗ്ധര്‍, മറ്റ് ശില്പികള് എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചശേഷം മികച്ച വിഗ്രഹം തെരഞ്ഞെടുക്കും. ബാക്കിയുള്ള രണ്ട് വിഗ്രഹങ്ങളും രാമക്ഷേത്രത്തില്ത്തന്നെ എവിടെയെങ്കിലും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
നേപ്പാളിലെ ഗണ്ഡകിനദിയില്‍ നിന്ന് അയോധ്യയിലേക്ക് രണ്ട് വലിയ കല്ലുകള്‍ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു, എന്നാല്‍ ആ കല്ലുകള്‍ വിഗ്രഹ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. നേപ്പാള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് ആ കല്ലുകള്‍ അയോധ്യയിലെത്തിച്ചത്. ശില്പികള് നടത്തിയ പരിശോധനയില്‍ ആ കല്ലുകള്‍ വിഗ്രഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ഒടുവില്‍ കല്ലുകള്‍ ഉപയോഗിക്കേണ്ടെന്ന അന്തിമതീരുമാനത്തിലെത്തുകയുയായിരുന്നു.
2024 ഡിസംബറിനുള്ളില്‍ ക്ഷേത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ശ്രീരാമഭക്തര്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ക്ഷേത്രനിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ലോകമേറ്റെടുക്കുകയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാകണമെന്നാണ്. എന്നാല്‍ ട്രസ്റ്റ് എല്ലാകാര്യങ്ങളും അതിവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ആയിരം വര്‍ഷത്തേക്ക് കേടുപാടുകള്‍ വരാത്ത രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം. ലഭ്യമായ ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും അയോധ്യയിലെ ജനങ്ങള്‍ക്കുള്ളതാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് അവരായിരുന്നു. 1949 ഡിസംബര്‍ 22 മുതല്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും മുന്നില്‍ അയോധ്യയിലെ ജനങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവിധ സമയങ്ങളില്‍ അയോധ്യയിലെത്തുകയും പ്രക്ഷോഭങ്ങളുടെ ഭാഗമാവുകയും മടങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ അയോധ്യയിലെ ജനങ്ങളുടെ പിന്തുണയും സജീവമായ പങ്കാളിത്തവുമില്ലായിരുന്നെങ്കില് രാമക്ഷേത്ര പ്രക്ഷോഭം ഒരിക്കലും വിജയിക്കുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: