ലഖ്നൗ : ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചുമത്തി ഉത്തർപ്രദേശ് പോലീസ്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചേർക്കാൻ തീരുമാനിച്ചതെന്ന് യുപി പോലീസ് അറിയിച്ചു.
2015ലെ ബാലനീതി നിയമത്തിലെ 75-ാം വകുപ്പാണ് അധ്യാപികക്കെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ്. നേരത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിൽ നേരത്തെ അധ്യാപിക മാപ്പപേക്ഷിച്ചിരുന്നു. തെറ്റുപറ്റിയെന്നും സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും ഇവര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി നന്നായി പഠിക്കണമെന്ന ഉദ്ദേശമാണ് ഉളളത്. ഭിന്നശേഷിക്കാരിയായതിനാല്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് കുട്ടികളെക്കൊണ്ട് തല്ലിച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം.
ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെയാണ് സഹപാഠികളെ കൊണ്ട് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. മുസ്ലീം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന തരത്തിലും വിവാദം കത്തിപ്പടര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: