തൃശ്ശൂര്‍: സുരേഷ്ഗോപിയുടെ പദയാത്രയില്‍ വിളറിപൂണ്ട് സിപിഎം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ടിന് സുരേഷ്ഗോപി കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശ്ശൂര്‍ സഹകരണബാങ്ക് വരെ കാല്‍നടയാത്ര നടത്തുന്നത്. ഇതിനെ പ്രതിരോധിക്കുവാന്‍ എന്ന നിലയിലാണ് സിപിഎം പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റാണ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നതെന്നതാണ് അപഹസ്യം.
പ്രസ്താവനയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇഡി അന്വേഷണത്തിനെതിരെ കേന്ദ്രത്തെയും കേരളത്തിലെ മാധ്യമങ്ങളെയും പഴിചാരുകയാണ് സിപിഎം. ഇഡി അന്വേഷണത്തിനെതിരെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്നുമാണ് താക്കീത്.
ഇപ്പോള്‍ കൊടുക്കുന്ന അന്വേഷണാത്മക വാര്‍ത്തകളില്‍ ചാനലുകള്‍ സഹകരണസംഘങ്ങളുടെ പേര് അന്യായമായി ഫഌഷ് ചെയ്യുകയാണെന്നും സഹകരണ സംഘങ്ങളെ ഇല്ലാതാക്കാനുള്ള കോര്‍പറേറ്റ് അജന്‍ഡ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തിരിക്കുകയാണെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് വിളമ്പുന്ന അസത്യങ്ങള്‍ വാര്‍ത്തയായി നല്കുന്നു. ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കള്ളക്കഥകള്‍ ഉണ്ടാക്കാന്‍ അവസരമുണ്ടാക്കിയെന്നുമാണ് പ്രസ്താവന.
സഹകരണ ബാങ്കിലെ ഇഡി അന്വേഷണം ബിജെപി- കോണ്‍ഗ്രസ് ഗൂഢാലോചനയുടെ തെളിവാണെന്നാണ് അടുത്ത ആരോപണം. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ പ്രചാരവേല നടത്തുന്നുവെന്നും ഏതെങ്കിലും രേഖകള്‍ പരിശോധിക്കുക മാത്രമല്ല ലക്ഷ്യമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആരോപിച്ചു.
സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയെന്നത് കോര്‍പറേറ്റുകളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട അജന്‍ഡയാണ് അതിന് ഇഡിയെ ഉപയോഗിക്കുകയാണെന്നും സഹകരണ സ്ഥാപനങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര ഏജന്‍സികളുടെ നടപടികളെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ സതീഷ്കുമാറിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആരംഭിച്ച ഇ ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്കും സിപിഎം നേതാക്കളിലേക്കും നീളുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ആണ് പ്രതിക്കൂട്ടില്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ കണ്ണന്, മുന്‍ മന്ത്രി കൂടിയായ എ സി മൊയ്തീന് എന്നിവരും ആരോപണ വിധേയരാണ്.
കരുവന്നൂര്‍ തട്ടിപ്പില്‍ ശക്തമായ നടപടിയെടുത്തെന്നാണ് പാര്‍ട്ടിയുടെ
ആദ്യവാദം. പ്രമുഖ നേതാക്കളെ ഇ.ഡി. ചോദ്യംചെയ്യാന്‍ തുടങ്ങിയതോടെ, ജീവനക്കാരെ ബലിയാടുകളാക്കുകയായിരുന്നെന്ന് അണികള്‍പോലും വിശ്വസിക്കുകയും നടപടി നേരിട്ടവര്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കുപോലും അതു കിട്ടാതെ മരിച്ചവരുടെ വിവരങ്ങളും വിവാഹാവശ്യത്തിനുപോലും പണം കിട്ടാത്തവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തിയിരുന്നു. എന്നിട്ടും നിക്ഷേപകരുടെ നിസ്സഹായാവസ്ഥയ്ക്ക് മറുപടി പറയാനോ പരിഹാരം കാണാനോ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ താക്കീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: