തായ് പെ: ചൈനയുടെ 103 യുദ്ധവിമാനങ്ങള്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി തായ് വാന്റെ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയെന്ന് തായ് വാന്‍ കുറ്റപ്പെടുത്തി. തായ് വാനുമായി തുറന്ന യുദ്ധത്തിന് ഒരുമ്പെടേണ്ടെന്ന് യുഎസ് ജനറല്‍ ചൈനയ്ക്ക് താക്കീത് നല്കി. സംയുക്ത സേനാമേധാവികളുടെ യുഎസ് ചീഫായ ജനറല്‍ മാര്‍ക് മില്ലിയാണ് താക്കീത് ചൈനയ്ക്ക് നല്‍കിയിരിക്കുന്നത്.
പഴയ ലോകമഹായുദ്ധങ്ങളെക്കുറിച്ചും മാര്‍ക് മില്ലി ഓര്‍മ്മിപ്പിച്ചു. തായ് വാനെതിരായ ചൈനയുടെ ഏത് ആക്രമണത്തെയും അടിച്ചമര്‍ത്താന്‍ യുഎസിന് ആവുമെന്നും മാര്‍ക് മില്ലി പറഞ്ഞു. അതിനാല്‍ ബെയ് ജിംഗും തായ് പേയും തമ്മില്‍ ഒരു സമാധാനപരമായ യാത്രയാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകപക്ഷീയമായ ഇത്തരം അതിക്രമിച്ച് കയറ്റം ഉടന്‍ നിര്‍ത്തണമെന്ന് തായ് വാന്‍ പ്രതിരോധമന്ത്രി ചൈനയോട് ആവശ്യപ്പെട്ടു. 103 യുദ്ധവിമാനങ്ങളില്‍ 40 എണ്ണമെങ്കിലും പ്രഖ്യാപിത മീഡിയന് ലൈന്‍ ലംഘിച്ചിട്ടുണ്ടെന്നും തായ് വാന്‍ കുറ്റപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രതിരോധിക്കാന്‍ നാവികക്കപ്പലുകളും യുദ്ധവിമാനങ്ങളും കരയില്‍ നിന്നും തൊടുക്കാവുന്ന മിസൈല്‍ സംവിധാനങ്ങളും സജ്ജീകരിച്ച് നിര്‍ത്തിയിട്ടുണ്ടെന്നും തായ് വാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
ചൈന ഇതുവരെയും ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. തായ് വാനെ ബലപ്രയോഗത്തിലൂടെയാണെങ്കിലും ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് പലതവണ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ തായ് വാനെതിരെ നേരിട്ട് ഒരു നടപടിയെടുക്കാന്‍ ചൈന ഇതുവരെ മുതിര്‍ന്നിട്ടില്ല. 2022 ആഗസ്തില്‍ യുഎസ് ഹൗസ് സ്പീക്കറായ നാന്‍സി പെലോസി ചൈനയുടെ വിലക്കുകള്‍ ലംഘിച്ച് തായ് വാന്‍ സന്ദര്‍ശിച്ചിട്ടും ചൈനയുടെ ഭാഗത്ത് നിന്നും ഒരു കര്‍ശന നടപടിയും ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദുര്‍ബലമായ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതല്ലാതെ. ഈ പ്രതിസന്ധി മറികടന്നതോടെ തായവാന് ചൈനയോടുള്ള നിലപാടും കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തായ് വാനെതിരെ നാവികസേനയെ അടക്കം ചൈന സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്വതന്ത്രരാജ്യമായാണ് തായ് വാന്‍ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. പല രാജ്യങ്ങളും ചൈനയുടെ വിലക്കുകളെ ലംഘിച്ച് തായ് വാനുമായി ബിസിനസ് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ഇതിനെ തടയാനും ചൈനയ്ക്കായിട്ടില്ല. യുഎസ് നേതൃത്വത്തിലുള്ള ശക്തമായ പിന്തുണയാണ് തായ് വാനെ ആക്രമിക്കുന്നതില്‍ നിന്നും ചൈനയെ പിന്തിരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: