ന്യൂദല്‍ഹി: വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം നല്‍കുന്നതാണ് ഈ ബില്‍.- നരേന്ദ്രമോദി പറഞ്ഞു. .
ഈ ബില്‍ പാസാകുന്നതോടെ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനു മുൻപ്, പാർലമെന്‍റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വനിതാ സംവരണം പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ.
പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്ന ദുര്‍ബലമായ വാദം ഉന്നയിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: