Categories: Literature

ഹൃദയത്തില്‍ വെളിച്ചമില്ലാത്തവരോട്

ണ്ണീരെണ്ണയൊഴിച്ച ചെരാതിന്‍
മുന്നിലിരുന്നു നരച്ചെന്‍ ബാല്യം
മണ്ണപ്പം ചുട്ടെന്നെയൊരുക്കിയ
നന്മകളാകെയിരുണ്ടു കറുത്തു
അമ്മ മുറത്തില്‍ കല്ലുവകഞ്ഞു
പകുത്തൊരു കുത്തരി യോട്ടുകലത്തില്‍
നെഞ്ചില്‍ വീണു തിളച്ചമരുമ്പോള്‍
വാക്കുകള്‍ വന്നൊരു വഴിയേതെന്നെന്‍
കുഞ്ഞുകരള്‍ക്കൂമ്പന്വേഷിച്ചു
പിന്നെ വഴിച്ചോര്‍ നല്‍കാനച്ഛന്‍
കാട്ടിയ പെരുവഴി താങ്ങാനാവാ-
തെന്റെ കണങ്കാല്‍ നിന്നു കഴക്കേ
വാക്കുകള്‍ മേഘച്ചീളുകള്‍ വന്നെന്‍
കാഴ്ചയിലമ്പിളിയായി നിറഞ്ഞു.
വാക്കൊരു ചൂട്ടുപിടിച്ചെന്‍മുന്നില്‍
ചീര്‍ക്കുമിരുട്ടിനെ നീക്കി നടപ്പൂ.
വാക്കേയിന്നു വരള്‍പ്പാടത്തിനു
തീര്‍ത്ഥം തേടി പോകാനൊരുവന്‍.
പോക്കുവെയില്‍ച്ചിരിപോലീ ജന്മം
നേര്‍ത്തൊരു നാഴിക മാത്രം ബാക്കി
ആര്‍ക്കും നേടാനാവാതുള്ളൊരു
പോര്‍ക്കളമല്ലോ നീണ്ടുകിടപ്പൂ
അതിലീ വാക്കുകള്‍ തീര്‍ത്ത പടകോപ്പുകളേ
എന്നായുധശാലയില്‍ ബാക്കിയിരിപ്പൂ
നോക്കൂ! നമ്മുടെ ശരകൂടങ്ങള്‍
ആര്‍ക്കും തണലുകള്‍ തീര്‍ക്കുന്നില്ല.
ഇല്ല നമുക്കിനിയാനന്ദിക്കാന്‍
തെല്ലും വാര്‍ത്തകള്‍ ശേഷിപ്പില്ല
അങ്കം നേടി വരുന്നവരാരും
ആരതികണ്ടു ചിരിക്കുന്നില്ല.
ചിതലുകള്‍ തിന്ന പിണങ്ങള്‍ നമ്മുടെ
ചിരപരിചിതരും ബാന്ധവര്‍തന്നെ.
ഒരു തല ഛേദിച്ചാര്‍ത്തുവിളിക്കേ
കുരലുകള്‍ നമ്മുടെ പേരുവിളിക്കും
”അനുജാ” എന്നു കനിഞ്ഞുവിളിക്കും
മുഖമില്ലാതെയെരിഞ്ഞു വിൡക്കും.
”അറിയുകയില്ലേയനുജാ എന്നെ
പൂഴിയില്‍വീണതു നിന്റെ കബന്ധം”
മുഖമിതു പണ്ടു നിലക്കണ്ണാടിയിലെന്‍
വിരലുകള്‍ പുന്നാരിച്ചതുതന്നെ.
അറിവുകള്‍ നമ്മുടെ യന്ധതലങ്ങളെ
എരികനലാക്കി മലര്‍ത്തുകയല്ലോ
അതിവേഗങ്ങളില്‍ നമ്മളൊഴുക്കിയ
ഹൃദയം നമ്മെത്തേടിവരുന്നു.
മതവിഭ്രാമകകാഴ്ചകളൊടുവില്‍
ഒരുതരി ശൂന്യതയായിത്തീരും.
പറയുകവയ്യ ഭയത്തിന്‍ ലാവാ-
ത്തിരകളില്‍ വീണു തിമിര്‍ക്കുകയല്ലോ!
മുഴുവന്‍ നേടിയ കുരുതികള്‍ പക്ഷേ
മുഴുവന്‍ നഷ്ടപ്പെട്ടവയാകും
പെരുവിരലൂന്നിയ തപപീഡകളോ
വെറുതേയെന്നൊരുനാളില്‍ തോന്നും
നിരനിരയായിയുയര്‍ന്ന മദത്തിന്‍
ഗിരിസൗധങ്ങള്‍ നിലംപറ്റുമ്പോള്‍
ഒരു കൈ സാന്ത്വസ്പര്‍ശമുതിര്‍ക്കാന്‍
ഉയരില്ലെങ്കില്‍ ശൂന്യതതന്നെ.
പ്രേമം നിത്യനിരാമയമാകും
പ്രേമമതൊന്നേ നമ്മെ നയിക്കാന്‍
കരുതിയിരിക്കുക കാലമൊരുക്കും
ചിതകള്‍ നമ്മെക്കാത്തുകിടപ്പു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Kavitha