ബുദ്ധമതത്തെ ഭാരതത്തില്‍നിന്നും നിഷ്‌കാസനം ചെയ്യിച്ച് തല്‍സ്ഥാനത്ത് ഹിന്ദുമതത്തെ പ്രതിഷ്ഠിച്ച സാക്ഷാല്‍ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പരിഭാഷപ്പെടുത്തിക്കൊണ്ടാണ് കുമാരനാശാന്‍ കവിതയുടെ രംഗത്ത് ആദ്യമായി കടന്നുവരുന്നത് എന്നോര്‍ക്കണം. കാലം കുറഞ്ഞതെങ്കിലും അര്‍ത്ഥദീര്‍ഘമായ കാവ്യജീവിതത്തിന്റെ ഒടുവില്‍ ആശാന്‍ രചിച്ച ‘കരുണ’യാവട്ടെ ബുദ്ധമതസംബന്ധമായ കഥയെ ഉപജീവിച്ചെഴുതിയതാണ്. സൗന്ദര്യലഹരിയില്‍ തുടങ്ങി കരുണയിലവസാനിക്കുന്ന ആശാന്റെ കാവ്യജീവിതം അങ്ങനെ പ്രബലമായ രണ്ട് പൗരസ്ത്യമതബോധങ്ങളുടെ സമന്വയമായി മാറി.
ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും ഹിന്ദുമതത്തെ വിമര്‍ശിക്കുകയും കരുണയുള്‍പെടെയുള്ള ബൗദ്ധസംസ്‌കാരമുള്ള കൃതികളില്‍ ബുദ്ധമതത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത കുമാരനാശാന്‍ ഇപ്പോള്‍ ഹൈന്ദവപക്ഷപാതിയായി മാറിയത് വിരോധാഭാസമാണെന്നാണ് അക്കാലത്ത് സി. കൃണ്ഷണനുള്‍പ്പെടയുള്ളവര്‍ ആരോപണമുന്നയിച്ചത്. ഇതിന് മറുപടിയായി ആശാന്‍ മിതവാദി പത്രാധിപകര്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു, ‘ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപാലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ലെന്നും നിഷ്‌ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ.
വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ആശാന്‍ ബുദ്ധപക്ഷത്തായിരുന്നു എന്നും പക്ഷേ ഈഴവന്‍ എന്ന നിലയില്‍ അദ്ദേഹം ഹൈന്ദവപക്ഷത്തായിപ്പോയി എന്നുമാണ് കേസരി പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് എത്രമാത്രം ശരിയാണ്? ആശാന്റെ കാവ്യജീവിതവും വ്യക്തിജീവിതവും ലളിതമായി മനസ്സിലാക്കിയാല്‍പോലും കേസരിയുടെ വാദങ്ങള്‍ക്ക് അടിത്തറയില്ലെന്ന് വ്യക്തമാവും.
കേസരിയുടെ അഭിപ്രായത്തില്‍ ആശാന്റെ ഏറ്റവും ഉത്തമമായ കൃതി ‘ശുദ്ധപുരോഗമന(വീരപുരോഗമന) പ്രസ്ഥാനകൃതിയായ’ ചണ്ഡാലഭിക്ഷുകിയാണ്. രണ്ടാമത്തേത് ‘റൊമാന്റിക് ഹ്യൂമനിസ്റ്റ് പ്രസ്ഥാനകൃതിയായ’ കരുണയും. ആദ്യത്തേതില്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ബുദ്ധമതത്തിലെ ജാതിരഹിത സമീപനത്തെ വാഴ്‌ത്തുകയും ചെയ്യുന്നുണ്ട്.
ജാതിവ്യവസ്ഥയെ തന്റെ കവിതകളിലൂടെ വിമര്‍ശിക്കുമ്പോള്‍ ഹിന്ദുമതത്തെ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നില്ല ആശാന്‍. പകരം ഹിന്ദുമതത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു. എന്നാല്‍ കേസരി ബാലകൃഷ്ണപ്പിള്ളയെ ആശാന്‍ ഹിന്ദുവിരോധിയാണെന്ന് തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണയുടെ പുറത്താണ് കേസരി മതപരിവര്‍ത്തനരസവാദത്തെ കേവലം എസ്.എന്‍.ഡി.പി.ക്കാരന്റെ ബുദ്ധിപരമായ അടവ് മാത്രമായി കണ്ടത്.
ലൗകികജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന പൂവിനും വാസവദത്തയ്‌ക്കും ഒടുവില്‍ ആശാന്‍ നല്‍കുന്നത് ഒരേ ശാന്തിമന്ത്രമാണ് എന്ന് ശ്രദ്ധിക്കണം. ഈ ശാന്തിമന്ത്രം ആശാന്‍ സ്വീകരിച്ചിരിക്കുന്നത് ഉപനിഷത് സൂക്തത്തില്‍നിന്നും ബുദ്ധസൂക്തത്തില്‍നിന്നുമാണ്. ആശാന്റെ ധര്‍മ്മചക്രം സനാതനമായ ഈ രണ്ട് മതസങ്കല്‍പ്പങ്ങളുടെയും മധ്യത്തിലാണ് കറങ്ങിക്കൊണ്ടിരുന്നത് എന്നതിന്റെ തെളിവാണിത്.
കുമാരനാശാനെ ഹിന്ദുമതവിരോധിയും ബുദ്ധമതപ്രചാരകനുമായി അവതരിപ്പിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ ഇന്ന് നമുക്കാവില്ല. കാരണം ഈ രണ്ടു മതങ്ങളുടെയും ചരിത്രപരമായ വളര്‍ച്ചയും വികാസവും പലപ്പോഴും സംഘര്‍ഷത്തിന്റെ പാതയിലൂടെയായിരുന്നു. അതിന് പുതിയകാലത്തും തുടര്‍ച്ചയുണ്ടാക്കുക എന്ന ദുരുദ്ദേശ്യം ചില കോണുകളില്‍നിന്ന് ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നൊക്കെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: