ആഗോള അടിസ്ഥാന സൗകര്യവും നിക്ഷേപവും(പിജിഐഐ), ഇന്ത്യ-മധ്യപൂര്‍വദേശ(മിഡില്‍ ഈസ്റ്റ്) -യൂറോപ്പ് സാമ്പത്തിക ഇടനാഴി(ഐഎംഇസി) എന്നിവയ്ക്കായുള്ള പങ്കാളിത്തം ഭാവിലോകത്തിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റാന്‍ പോന്നതാണ്. ഇതു സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സപ്തംബര്‍ 9ന് ജി 20 ഉച്ചകോടിക്കിടയില്‍ നേതൃത്വം നല്കി. ഈ സാമ്പത്തിക ഇടനാഴി ഭാരതത്തിലെ ചെറുകിട ഉല്പാദകര്ക്കും സേവനമേഖലയിലും കലാകാരന്മാര്ക്കും വലിയ അവസരങ്ങളാണ് തുറന്നിടാന്‍ പോകുന്നത്. വന്‍ സാധ്യതകളുടെ ലോകമായ യുഎസ് മാര്‍ക്കറ്റുകളെയാണ് ഭാരതം ഈ ഇടനാഴിയിലൂടെ നോട്ടമിടുന്നത്.
ഭാരതത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ യുഎസ് മാര്‍ക്കറ്റുകളില്‍ എത്താനുള്ള സമയം ഇപ്പോള്‍, ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനു കാരണം, യുഎസ്സിലെ പടിഞ്ഞാറന്‍ തുറമുഖങ്ങളിലേക്കു ഭാരതത്തില്‍ നിന്നുള്ള കപ്പല്യാത്രാദൂരം ചൈനയെ അപേക്ഷിച്ചു കൂടുതലായതാണ്. ഭാരതത്തില്‍ നിന്നു 45 ദിവസവും ചൈനയില്‍ നിന്ന് 20 ദിവസവുമാണ് ഇന്നു വേണ്ടത്. അതേസമയം, യുഎസ്സിലെതന്നെ കിഴക്കന്‍ തുറമുഖങ്ങളിലേക്ക് ഭാരതത്തില്‍ നിന്നുള്ള കപ്പല്‍യാത്രാ ദൂരം ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ കുറവുമാണ്. പക്ഷേ, യുഎസ്സിലെ മറ്റുനഗരങ്ങളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ഏറ്റവും അനുയോജ്യവും ചിലവുകുറഞ്ഞതും പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്നാണ്.
യൂറോപ്യന്‍ മാര്‍ക്കറ്റുകളുടെ കാര്യത്തില്‍ കാര്യങ്ങള്‍ ഭാരതത്തിന് അനുകൂലമാണുതാനും. മുംബൈയില്‍ നിന്നു യൂറോപ്യന്‍ തുറമുഖങ്ങളിലേക്ക് ഏതാണ്ട് 22 മുതല്‍ 26 ദിവസം മാത്രമുള്ളപ്പോള്‍ ചൈനയില്‍നിന്ന് 35 ദിവസം എടുക്കുന്നുണ്ട്. ഈ ആനുകൂല്യം കൂടുതല്‍ ഗുണകരമാക്കി, എളുപ്പത്തിലും കുറഞ്ഞ ചെലവിലും യൂറോപ്പിനേയും മധ്യ-പൂര്‍വ്വദേശ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളേയും ലക്ഷ്യം വെക്കുകയുമാണ് ഈ സാമ്പത്തിക ഇടനാഴിയിലൂടെ ഭാരതത്തിന്റെ ലക്ഷ്യം. സാമ്പത്തിക ശക്തികളായ സൗദിയും യുഎഇയും ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മൗറീഷ്യസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ചേരുമ്പോഴുള്ള വ്യാപാരവലിപ്പം ഭാവിയില്‍ യുഎസ് മാര്‍ക്കെറ്റിനെയും ലക്ഷ്യം വയ്ക്കാന്‍ ഭാരതത്തിലെ നിര്‍മ്മാതാക്കള്‍ക്ക് ധൈര്യം നല്‍കും.
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങള്‍ തമ്മില്‍ വിവിധ തലങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തുകയും സമ്പര്‍ക്ക സൗകര്യം ശക്തിപ്പെടുത്തുകയുമാണു ലക്ഷ്യം. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യ അന്തരം കുറയ്ക്കുന്നതിനും ആഗോള തലത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വികസന സംരംഭമാണ് ആഗോള അടിസ്ഥാന സൗകര്യവും നിക്ഷേപവും അഥവ പിജിഐഐ പദ്ധതി. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ടമായ പുതിയ സാമ്പത്തിക ഇടനാഴി. റെയില്‍വേ, കപ്പല്‍-റെയില്‍ – ഗതാഗത ശൃംഖല, റോഡ് ഗതാഗത പാതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കപ്പല്‍-റെയില്‍-റോഡ് മാര്‍ഗ്ഗമെന്ന ഈ പദ്ധതി റോഡുമാര്ഗ്ഗത്തിലൂടെ മാത്രം നടക്കുന്ന ഗതാഗത രീതിയെക്കാള്‍ വേഗമേറിയതും ചെലവുകുറഞ്ഞതുമായിരിക്കും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കും. ലോകബാങ്കിന്റെയും, സൗദിയും യുഎഈയും ഫ്രാന്‍സും ജര്‍മ്മനിയും അടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങളുടെയും സഹകരണത്തോടെ നടക്കുന്നതായതിനാല്‍ സാമ്പത്തികഞെരുക്കം ഈ പദ്ധതികളെ ഒട്ടും ബാധിക്കാന്‍ സാധ്യതയില്ല.
ചരക്കുനീക്കം മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളെയും വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും ശുദ്ധമായ ഊര്‍ജത്തിന്റെ വികസനവും കയറ്റുമതിയും സുഗമമാക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും. കടലിനടിയില്‍ക്കൂടി കേബിളുകള്‍ സ്ഥാപിക്കുക, ഊര്‍ജ ഗ്രിഡുകളും ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകളും ബന്ധിപ്പിക്കുക, അതിലൂടെ വൈദ്യുതിബന്ധം വിപുലീകരിക്കുക, നൂതനവും ശുദ്ധവുമായ ഊര്‍ജ സാങ്കേതികവിദ്യയുടെ നവീകരണം പ്രാപ്തമാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. സുരക്ഷിതവും സുസ്ഥിരവുമായ ഇന്റര്‍നെറ്റിലേക്ക് ജനങ്ങളെയും സമൂഹത്തെയും ബന്ധിപ്പിക്കുക, ഇടനാഴിയിലുടനീളം നിലവിലുള്ള വ്യാപാരവും ഉല്‍പ്പാദനവും നയിക്കുകയും ഭക്ഷ്യ സുരക്ഷയും വിതരണ ശൃംഖലയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയും വിഭാവനം ചെയ്യുന്നു. സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള പങ്കാളികളില്‍ നിന്ന് പുതിയ നിക്ഷേപങ്ങള്‍ ഘട്ടം ഘട്ടമായി വരുത്തുവാനും, കൂടുതല്‍ ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാജ്യാന്തര സഹകരണ പദ്ധതിയിലൂടെ ലോകരാജ്യങ്ങളും ഭാരതവും ലക്ഷ്യമിടുന്നു.
ഇതുമൂലം ഭാരതത്തിനുണ്ടാകുന്ന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം ലോകരാജ്യങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക – സൈനികശക്തികളായ യുഎസ്സ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രായേല്‍ തുടങ്ങിയ ആഗോള സാമ്പത്തിക ശക്തികളും, വന്‍ മുതല്‍മുടക്കിനു ശക്തിയുള്ള ലോകബാങ്കും, സൗദിയും യുഎഇയും ഒരു പദ്ധതിയുടെ ഭാഗമായി എന്നുള്ളതാണ്. ഇത് ഭാവിയില്‍ ചൈനയെ രാഷ്ട്രീയമായും സൈനികമായും നേരിടാനുള്ള കരുത്ത് നല്‍കും. ഭാരതത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് സമ്പന്നമായ മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കമ്പോളങ്ങളിലേക്ക് കടന്നുകയറാനും ഉള്ളവ വിപുലപ്പെടുത്താനും ഇടനാഴി പ്രയോജനകരമാകും. ഭാവിയില്‍ ഭാരതത്തിന്റെ കുത്തകയോ, ഏറ്റവും വിലകുറഞ്ഞ ലിക്വിഡ് ഹൈഡ്രജന്‍ പോലുള്ള ആധുനിക ഊര്‍ജ സ്രോതസ്സുകളെ ലോകത്തിലെ വികസിത രാജ്യങ്ങളിലേക്കുപോലും ചെലവുകുറഞ്ഞ രീതിയില്‍ കയറ്റിഅയക്കുവാന്‍ ഇടനാഴിക്ക് കഴിയും. കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന് വൈദ്യുതിയും ഇന്റര്‍നെറ്റും മാത്രമല്ല, നമ്മുടെ ആധിപത്യമുള്ള സോഫ്റ്റ് വെയര്‍ രംഗത്തെ ആഗോളതലത്തിലും ഈ രാജ്യങ്ങളിലെ ചെറുഗ്രാമങ്ങളിലെ ഉപഭോക്താക്കിടയില്പ്പോലും കൂടുതല്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ സേവനങ്ങള്‍ക്ക് സാധ്യമാക്കുകയും ചെയ്യും. ഇത് ഭാരതീയ കലകളെയും സിനിമയെയും ലോകപ്രശസ്തവും ജനകീയവും ആക്കുന്നതിലും സഹായിക്കും. അവിടെയുള്ള സിനിമനിര്മ്മാതാക്കള്ക്കും സംവിധായകര്‍ക്കും ഭാരതത്തിലെ ഗ്രാഫിക്ക്സിലുള്ള നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുവാനും സാധിക്കും.
ഈ പദ്ധതിയുടെ നേട്ടങ്ങള്‍ പൂര്‍ണ്ണമായി അനുഭവിക്കുക അടുത്ത തലമുറയായിരിക്കാം. എങ്കിലും, യുവാക്കളുടെ നാടായ ഭാരതത്തില്‍ ഈ തലമുറയ്ക്കുകൂടി നേട്ടങ്ങള്‍ ലഭിക്കാവുന്ന തരത്തിലാണ് പ്രധാനമന്ത്രി മോദി പദ്ധതികള്‍ രൂപകല്പന ചെയ്യുന്നത്. ദേവഗംഗയെ ഭൂമിയിലേക്ക് എത്തിച്ച ഭഗീരഥപ്രയത്നം പോലെ, ഈ പദ്ധതിക്ക് അംഗീകാരം നേടിയ നരേന്ദ്രമോദിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രയത്നത്തെ ‘ആധുനികഭാഗീരഥ’ പ്രയത്നമെന്നും മോദിജിയെ ആധുനിക ‘ഭാഗീരഥ’നെന്നും വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: