ഒന്നിനു പുറകെ ഒന്നായി പ്രചരിച്ച ഒട്ടനവധി ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുകയാണ്. പൊതു സിവില്‍കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാഷ്ട്രത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരതമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമനിര്മാണത്തിനുവേണ്ടിയും, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് സമ്മേളനം വിളിക്കുന്നതെന്ന് അതിശക്തമായ പ്രചാരണമാണ് വിവിധ കേന്ദ്രങ്ങള്‍ നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായി എന്തൊക്കെയോ ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും ശ്രമിച്ചു. എന്നാല്‍ പ്രത്യേക സമ്മേളനം സംബന്ധിച്ച സര്‍ക്കാരിന്റെ അറിയിപ്പോടെ ഈ ഊഹാപോഹങ്ങളും പ്രചാരണവുമൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റിന്റെ എഴുപത്തിയഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് അഞ്ച് ദിവസത്തെ സമ്മേളനം ചേരുന്നതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഏഴരപതിറ്റാണ്ടുകാലത്തെ നേട്ടങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍, പാഠങ്ങള്‍ എന്നിവയൊക്കെ പ്രത്യേക സമ്മേളനത്തില്‍ വിലയിരുത്തും. സമഗ്രമായ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കാലത്തിന്റെ മാറ്റം പരിഗണിക്കുമ്പോള്‍ ഇങ്ങനെയൊരു ശ്രമം അത്യാവശ്യമാണെന്ന് കാണാന്‍ കഴിയും.
ഭരണഘടനാ നിര്‍മാണ സഭയുടെ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ പാര്‍ലമെന്റ് എന്നു പറയാം. രാഷ്ട്രം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പാണ് ഇതിന്റെ ആദ്യ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടക്കുന്നതിനു മുന്‍പ് സ്വാതന്ത്ര്യപ്പുലരിയുടെ തൊട്ട് തലേന്നും സ്വതന്ത്രപരമാധികാര സമിതിയെന്ന നിലയില്‍ ഭരണഘടനാ നിര്‍മാണ സഭ യോഗം ചേരുകയുണ്ടായി. ഭരണഘടനാ നിര്‍മാണസഭയുടെ മൂന്നുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണഘടനയ്ക്ക് രൂപംനല്കിയത്. ഇതനുസരിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭരണമാതൃക സ്വീകരിക്കുകയും, 1952 ല്‍ ഭാരതം സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി മാറുകയും ചെയ്തു. നിരവധി രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും സ്ഥാനാരോഹണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പാര്‍ലമെന്റില്‍ ചരിത്രപരമായ പല ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും നടക്കുകയുണ്ടായി. അതേസമയം കോണ്‍ഗ്രസ്സ് ഭരണകാലത്ത് പൗരാവകാശങ്ങളെ ഹനിക്കുന്ന അടിയന്തരാവസ്ഥ കൊണ്ടുവന്നതുള്‍പ്പെടെ നിരവധി ജനാധിപത്യവിരുദ്ധ നടപടികളും അരങ്ങേറി. അധികാരത്തിലും ഭരണത്തിലും മാത്രം ശ്രദ്ധയൂന്നിയ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും ഭരണസംവിധാനത്തിന്റെ കാതലായ പ്രശ്നങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ക്കോ ആത്മപരിശോധനയ്ക്കോ തയ്യാറായില്ല. സ്വാതന്ത്ര്യലബ്ധിയുടെ അന്‍പതാം വാര്‍ഷികം ഇതിനുള്ള അവസരമായിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. അന്നത്തെ ഭരണാധികാരികളുടെ മുന്‍ഗണനകള്‍ മറ്റു ചിലതായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2014ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പാര്‍ലമെന്റ് മന്ദിരത്തെ നമിച്ചുകൊണ്ട് അതിനകത്ത് പ്രവേശിച്ച നരേന്ദ്ര മോദി പുതിയ ചില കീഴ്വഴക്കങ്ങള് സൃഷ്ടിക്കുകയും, ഭരണത്തെ കൊളോണിയല്‍ കോംപ്ലക്സുകളില്നിന്ന് മോചിപ്പിക്കാന്‍ സവിശേഷമായ നടപടികളെടുക്കുകയും ചെയ്തു. കാലഹരണപ്പെട്ട ഒട്ടനവധി നിയമങ്ങള്‍ റദ്ദാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള ആത്മാഭിമാനത്തിന്റെ യാതൊരു ആഘോഷങ്ങളുമില്ലാതെ കടന്നുപോയ നാളുകള്‍ക്ക് വിടചൊല്ലി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃതകാലമായി ആഘോഷിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായത്. മോദി ഭരണത്തില്‍ വിവിധരംഗങ്ങളില്‍ വലിയ പുരോഗതി കൈവരിച്ച രാഷ്ട്രം ആത്മനിര്‍ഭരതയുടെ പാതയില്‍ മുന്നേറുകയാണ്. ജനക്ഷേമത്തിന്റെ പുത്തന്‍ മാതൃകകളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ വിശ്വകര്‍മദിനത്തില്‍ ഉദ്ഘാടനം ചെയ്ത കോടിക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഉറപ്പുനല്‍കുന്ന പിഎം വിശ്വകര്‍മ യോജന പദ്ധതി വരെ അത് എത്തിനില്‍ക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് രാഷ്ട്രം കടന്നുപോകുന്ന മൗലികമായ മാറ്റമാണ് പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിഫലിക്കുന്നത്. പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സഭ ചേര്‍ന്നശേഷം പിറ്റേദിവസം പുണ്യദിനമായ വിനായക ചതുര്‍ത്ഥിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറുന്നത് എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഓരോ പൗരനും അതില്‍ അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: