കൊച്ചി: ക്ഷേത്ര നിര്‍മാണത്തോടുകൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യ മുന്നേറ്റമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ. ഭഗവാന് ശ്രീരാമചന്ദ്രന് ജീവിതത്തില്‍ അനുഷ്ഠിച്ച മൂല്യങ്ങള്‍ ഓരോ ഹിന്ദുവും അവരുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ഈ ദൗത്യം പൂര്‍ണമാവുകയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേസരി വാരിക സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി എറണാകുളത്ത് ബിഎംഎസ് കാര്യാലയത്തോടനുബന്ധിച്ചുള്ള തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശ്രീരാമജന്മഭൂമി: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്നത്തെ കാലത്ത് ഹൈന്ദവീയ രാമരാജ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കപട മതേതരവാദികളുടെ പ്രചരണം. ഇത് ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളാണ്. രാമരാജ്യം എന്നത് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി, സാംസ്കാരിക പാരമ്പര്യത്തിന്റെ അടയാളമായി ഉയര്‍ന്നു വരുന്നതാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.
ആ മുന്നേറ്റത്തിന്റെ തെളിവ് ഭാരതത്തില്‍ ഇന്ന് ദൃശ്യമാണ്. ഇത് അഭിമാനകരമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ ഇന്നലെകളുടെ ചരിത്രം, വര്‍ത്തമാനകാലത്തെ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം, നാളെയുടെ ആവശ്യകതയും, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു. ജസ്റ്റിസ് പി.ആര്. രാമന് അധ്യക്ഷനായി. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വര്‍ ചടങ്ങില്‍ പങ്കെടുത്തു. കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര് മധു കൃതജ്ഞത രേഖപ്പെടുത്തി. രഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: