തിരുവനന്തപുരം: തിരുവനന്തപുരം: മൂന്നാമത് സെവന്‍ത് ആര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്‍ഡ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് നടന്‍ എം.ആര്‍. ഗോപകുമാര്‍ അര്‍ഹനായി.
21ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം എം.ആര്‍. ഗോപകുമാറിന് സമ്മാനിക്കും. ശില്പവും പ്രശംസാപത്രവും ഉള്‍പ്പെടുന്നതാണ് സമ്മാനം.
19 മുതല്‍ 21 വരെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഏഴു രാജ്യങ്ങളില്‍ നിന്നുമുള്ള 24 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫീച്ചര്‍ ഫിലിംസ്, ഷോര്‍ട്ട് ഫിലിംസ്, ഡോക്യുമെന്ററി ഫീച്ചര്‍, ഡോക്യുമെന്ററി ഷോര്‍ട്ട് എന്നീ വിഭാഗങ്ങളെ കൂടാതെ മ്യൂസിക് വീഡിയോ വിഭാഗവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ത്രീ സിസ്‌റ്റേഴ്‌സ് ഇന്‍ എ ബോട്ട് (ഫ്രാന്‍സ്), ടോഡോസ് ലോസ് മേല്‌സ് (ഇറ്റലി), ദി റിടംപ്ഷന്‍ (ഇന്ത്യ), അംബിരിക്കും ഉണ്ടോ (ഇന്ത്യ), ല പിയത്ര (യുഎസ്), എസ്ആര്‍പിഎസ്‌കെഎ (കാനഡ), പെണ്‍ തോല്‍പാവക്കൂത്ത് (ഇന്ത്യ), ഡസ്റ്റിനി (ജപ്പാന്‍) തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മാര്‍ ഇവാനിയോസ് കോളജുമായി ചേര്‍ന്ന് നടത്തുന്ന ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചലച്ചിത്രകാരന്മാര്‍ പങ്കെടുക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ വേണു നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക