സ്വാമി നന്ദാത്മജാനന്ദ
(പത്രാധിപര്‍, പ്രബുദ്ധകേരളം)
ലോകത്തില്‍ മനുഷ്യനെ ആകര്ഷിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദേവതാരൂപങ്ങള്‍ ഒരുപക്ഷെ നടരാജനൃത്തവും ഗണേശപ്രതിമയും ആകാം. ഇത്തരം ദേവതകള്‍ പ്രപഞ്ചസ്വത്വത്തിലേയ്ക്കു മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന ആധാരമാകുന്നു. ഒരു മനുഷ്യനും പ്രപഞ്ചംമുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ചൈതന്യത്തെ അതേപടി ഭാവന ചെയ്യുക സാധ്യമല്ല. അതുകൊണ്ടുതന്നെ ഏതൊരാള്‍ക്കും ഇത്തരം സഗുണ സാകാര സാധനകളിലൂടെ കടന്നുപോകേണ്ടി വരുന്നു. പ്രപഞ്ചസത്യത്തോടു ചേരാന്‍ നാം ചെയ്യുന്ന നിരാകാരസാധനകളുള്പ്പടെയുള്ള കാര്യങ്ങള്‍ പലപ്പോഴും അപകടത്തിലേയ്ക്കു നയിക്കുന്നതത്രെ. ലോകത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദംതന്നെ ഒന്നാന്തരം ഉദാഹരണം. എന്തായാലും പ്രപഞ്ചസാരത്തിലേയ്ക്കു നയിക്കുന്ന
ഉപായമാണു ദേവതകളും ദേവതാ പൂജയും.
ഗണപതിയുടെ പിന്നിലെ തത്ത്വം പരിശോധിച്ചാല്‍ അതു പ്രപഞ്ചത്തിന്റെതന്നെ ഊര്ജ്ജകേന്ദ്രമാണെന്നു കാണാന്‍ സാധിക്കും. വിനായകന്റെ ഓരോ ശരീരഭാഗങ്ങളും നമ്മെ ആന്തരികതയിലേയ്ക്കു നയിച്ചുകൊണ്ടുപോകുന്നു. ധാരാളം മഹാത്മാക്കളെ ആന്തരികജീവിതത്തിലേയ്ക്കു നയിച്ച ഇഷ്ടദേവതയാകുന്നു ഗണപതി. ഒരു സാധകനെ പരമസത്യത്തിലേയ്ക്കു നയിക്കാന്‍ കെല്പുള്ള ഒന്നാകുന്നു ഗണേശസങ്കല്പം എന്നു സാരം. അതു നമ്മെ പരമസത്യത്തിന്റെ ഇരിപ്പിടമാക്കുന്നു. സനാതനധര്‍മ്മത്തിന്റെ ഭാഗമായുണ്ടായ ആയിരക്കണക്കിനു മഹാത്മാക്കളും യോഗികളും ഇതിനു തെളിവായി നില്ക്കു ന്നു.
ദേവതാസങ്കല്പവും പ്രപഞ്ചസാരവും
വിവേകാനന്ദസ്വാമികളോടു വിദേശത്തുവെച്ചു കുറെ ആളുകള്‍ ചോദിച്ച കാര്യം ”ക്രിസ്തുവും നബിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ ഹിന്ദുമതത്തിലെ കൃഷ്ണനും രാമനുമെല്ലാം വെറും സങ്കല്പംമാത്രമാണല്ലോ?”എന്നത്രേ. വിവേകാനന്ദസ്വാമികള്‍ അവരെ ഓര്‍മ്മപ്പെടുത്തിയതു ”അവ ചരിത്രമാകയാല്‍ ഇല്ലാതായിപ്പോയ ഒരു കാര്യമാണെന്നും നേരെ മറിച്ച് എക്കാലവും നിലനില്‍ക്കുന്ന പ്രപഞ്ചസത്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാകുന്നു കൃഷ്ണരാമവ്യക്തിത്വങ്ങള്” എന്നുമത്രെ. വിവേകാനന്ദസ്വാമികള്‍ തന്നെ തന്റെ ഗുരുവായ ശ്രീരാമകൃഷ്ണനോടു ”ചില കാര്യങ്ങള്‍ അന്ധവിശ്വാസങ്ങളല്ലേ?”എന്നു ചോദിച്ചപ്പോള്‍ മറുപടിയായി പറഞ്ഞതു ”വിശ്വാസങ്ങളെല്ലാം അന്ധമല്ലേ?” എന്നായിരുന്നു. ഗണപതിയും പാര്‍വ്വതിയും സുബ്രഹ്മണ്യനുമെല്ലാം ശിവകുടുംബത്തിന്റെ ഭാഗമാകുന്നു. ഗണപതിയുടെ വാഹനമായ എലി, ശിവന്റെ കഴുത്തിലെ പാമ്പ്, സുബ്രഹ്മണ്യവാഹനമായ മയില്‍, ഇവയെല്ലാംതന്നെ വിരുദ്ധധ്രുവങ്ങളിലുള്ളതും പരസ്പരം സ്നേഹത്തോടെ കഴിഞ്ഞുപോകുന്ന സമന്വയത്തെ കുറിക്കുകയും ചെയ്യുന്നതുമത്രെ. ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന ഗണപതിയേയും രാമായണത്തിലെ പുഷ്പകവിമാനമെന്ന കാര്യത്തെയുമൊക്കെ ശാസ്ത്രമായി വ്യാഖ്യാനിക്കുന്നതും ശരിയായ സംഗതിയായിരിക്കില്ല. എന്നാല്‍ വിമാനംപോലുള്ള ആശയങ്ങള്‍ ഭാവനാതലത്തില്‍ ആദ്യമുരുത്തിരിഞ്ഞുവന്നത് ഇത്തരം പുരാണങ്ങളിലാണ് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റു വരാനിടയില്ല. ദേവതകള്‍ക്കു പിന്നിലെ തത്ത്വങ്ങള്‍ നമ്മെ പരമസത്യത്തിലേയ്ക്കു നയിക്കുന്നു എന്നതാണു കാണേണ്ട പ്രധാന കാര്യം. വ്യാസന്‍തന്നെ പറഞ്ഞിട്ടുള്ളത്, വ്യത്യസ്ത ദേവതകള്‍ സത്യത്തെ പ്രതിനിധാനം ചെയ്യുന്ന സജീവമൂര്ത്തികളാകുന്നു എന്നത്രെ. വിനായകസങ്കല്പം ഓരോ ആരാധകനേയും ഭക്തനേയും ആത്യന്തികസത്യത്തിലേയ്ക്കു കൈപിടിച്ചു നയിക്കുന്ന ശ്രേഷ്ഠഭാവങ്ങളാകുന്നു.
പൂര്‍ണ്ണതയുടെ രൂപമായ ഗണനായകന്
ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരം ദേവതകളെ മിത്തായി തള്ളിക്കളയുന്നതിനു പകരം പ്രപഞ്ചസ്വത്വംതന്നെയാണെന്നു കാണേണ്ടി വരും. അത് ആധാരസത്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതു തന്നെ കാരണം. പ്രപഞ്ചത്തിലെ ഊര്ജ്ജകേന്ദ്രത്തെയത്രെ ഗണപതി പ്രതീകവത്ക്കരിയ്ക്കുന്നത്. ആന്തരികമായ ആശയങ്ങളെ കേന്ദ്രമാക്കിക്കൊണ്ടു മനസ്സിനെ ഉയര്‍ന്ന ബോധത്തിലേയ്ക്കുയര്ത്തുമ്പോള് ഗണപതി ഗണങ്ങളുടെ നായകനെന്നു വന്നു കൂടും. അതായതു പ്രപഞ്ചത്തിലുള്ള ആയിരക്കണക്കിനു നക്ഷത്രഗണങ്ങളുടെയെല്ലാം കേന്ദ്രമാകുന്നു ഗണപതി. പ്രപഞ്ചത്തിലെ വളരെ ഉയര്‍ന്ന ഊര്ജ്ജസ്രോതസ്സിനെയാണു ഗണപതി കുറിക്കുന്നതെന്നു സാരം.
സൗരയൂഥത്തെയെടുക്കയാണെങ്കില് അതിന്റെ ഊര്‍ജ്ജസ്രോതസ്സ് സൂര്യനാണെന്നു കാണാം. ഈ ഊര്‍ജ്ജസ്രോതസ്സുമായി ആന്തരികമായി ചേര്‍ന്നു നില്ക്കാനാണത്രെ നാം ഗായത്രി ഉപാസനകളും മറ്റും നടത്തുന്നത്. ഭൗതികമായി എടുത്താല്‍പ്പോലും സൂര്യനിലൂടെയാണു ജീവജാലങ്ങള്‍ ജീവന് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. ആന്തരികമായി എടുത്താല്‍ ആത്മസൂര്യന്‍ ഏവരുടേയും അടിസ്ഥാനമായിരിക്കുന്നു. ഈ സൂര്യചൈതന്യവുമായി താദാത്മ്യപ്പെടുകയത്രെ ഗായത്രി ഉപാസനയുടെ ലക്ഷ്യം.
സൗരയൂഥത്തിലെ സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രക്കൂട്ടങ്ങളുടെ കേന്ദ്രമാണു ഗാണപത്യത്തിലൂടെ വരച്ചുകാട്ടപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗണപതി പ്രപഞ്ചത്തിന്റെതന്നെ പ്രതീകമാകുന്നു എന്നാണ്. ഓങ്കാരമെന്ന പ്രണവമന്ത്രമാണല്ലോ മനുഷ്യാനുഭവങ്ങളുടെയെല്ലാം സമഗ്രഭാവമായി വര്‍ത്തിയ്ക്കുന്നത്. ഓങ്കാരത്തെ വിശദീകരിയ്ക്കുന്ന മാണ്ഡൂക്യോപനിഷത്തില്‍ ഇതു വ്യക്തമായി തിരിച്ചറിയാനാവും. അതുകൊണ്ടത്രെ എന്തു കാര്യങ്ങളും തുടങ്ങുന്നതു കന്നിമൂല ഗണപതിയെ കണക്കിലെടുത്തുകൊണ്ടും ഗണപതിഹോമത്തിലൂടെയുമായിരിക്കുന്നത്. ബാലഗംഗാധര തിലകന് ഗണേശോല്‍സവത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനും അവരിലെ ശക്തിയുണര്‍ത്താനും ശ്രമിച്ചത് ഇവിടെ സ്മരണീയമാകുന്നു. ജനങ്ങളെ യോജിപ്പിക്കാനും ജനങ്ങളിലെ ശക്തിയുണര്ത്താനുമുള്ള ആശയമായി വിനായകതത്ത്വത്തെ പ്രയോജനപ്പെടുത്തുന്നതാണു ഗണേശോത്സവത്തിലൂടെ ഉദ്ദേശിക്കുന്നത്. ഗണപതിയുടെ വയറ്, മനസ്സിനുണ്ടാകേണ്ട സംതൃപ്തിയെയും നിറവിനേയും പ്രതിനിധാനം ചെയ്യുന്നു. വലിയ, ചെവി നമുക്കുണ്ടാകേണ്ട ശ്രവണഭാവത്തേയും തുമ്പിക്കൈ വിവേകത്തേയും വിവേചനത്തെയും, കയറും തോട്ടിയും സാധകന് നിലനിര്‍ത്തേണ്ട അന്തര്മുഖത്വത്തേയും, ചെറിയ കണ്ണ് ഉള്ളിലേയ്ക്കുണരേണ്ട അനിവാര്യതയേയും കുറിക്കുന്ന സംഗതി കളാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: