Categories: India

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെയും സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

Published by

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

“ക്യത്യമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേനയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെയും വധിക്കുകയായിരുന്നു. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സേന അവരെ ആക്രമിച്ചു. രണ്ടു പേര്‍ ഉടനെ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹം കണ്ടെടുത്തു. മൂന്നമാത്തെ ഭീകരനെ വധിച്ചെങ്കിലും ഇതിനിടെ പാകിസ്ഥാന്‍ പോസ്റ്റില്‍ നിന്നുള്ളവര്‍ തിരിച്ചുവെടിവെയ്‌ക്കുകയായിരുന്നു. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.” – ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പീര്‍ പഞ്ചാള്‍ ബ്രിഗേഡിന്റെ കമാന്‍റര്‍ പി.എം.എസ്. ധില്ലന്‍ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പാക് സൈന്യത്തിന്റെ സഹായത്തൊടെയാണ് ഇവർ അതിർത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലിൽ ആദ്യം രണ്ട് പേരെ വധിച്ചു. പരിക്കേറ്റ മൂന്നാമന്‍ രക്ഷപ്പെട്ടു. അധികം വൈകാതെ നടന്ന ഏറ്റുമുട്ടലില്‍ മൂന്നാമനും കൊല്ലപ്പെട്ടു. പക്ഷെ ഇതിനിടയില്‍ പാക് പോസ്റ്റില്‍ നിന്നും സൈനികര്‍ തിരിച്ചുവെടിവെച്ചു. മൂന്നാമന്റെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല. തിരച്ചില്‍ നടക്കുകയാണ്.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും സിആർപിഎഫും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങിയതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. .

കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക