ആലപ്പുഴ: കൃഷി മന്ത്രിയുടെ മണ്ഡലത്തില്‍ നിലം നികത്തല്‍ വ്യാപകം. മന്ത്രിയുടെ പാര്‍ട്ടിയില്‍ ഭിന്നത, പ്രതിഷേധിച്ച എഐവൈഎഫുകാരെ വെട്ടിനിരത്തുന്നു. സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി. കഞ്ഞിക്കുഴി കൂറ്റുവേലി ഭാഗത്ത് അനധികൃതമായി നികത്തുന്ന നിലത്തില്‍ എഐവൈഎഫ് കൊടിനാട്ടിയതുമായി ബന്ധപ്പെട്ടാണ് സിപിഐയില്‍ ഭിന്നത രൂക്ഷമായത്.
എഐവൈഎഫ് നാട്ടിയ കൊടി സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം സെക്രട്ടറി ബിമല്‍ റോയി ഊരി മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുവജനസംഘടന വീണ്ടും കൊടിനാട്ടി. ഇതോടെ സിപിഐ- എഐവൈഎഫ് പോരു മുറുകി. നിലംനികത്തലിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ മണ്ഡലം നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്നവരെ എഐവൈഎഫ് നേതൃനിരയില്‍ നിന്ന് നീക്കാനും നടപടി തുടങ്ങി.
നിലംനികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫ് ചെറുവാരണം മണ്ഡലം കമ്മറ്റി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും അവിടെയും സിപിഐ നേതൃത്വം വിലങ്ങുതടിയായി നില്‍ക്കുകയാണെന്നാണ് ആക്ഷേപം. യുവജനസംഘടന റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുന്നില്ല. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാണെങ്കിലും പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസ് അധികൃതര്‍ നോക്കുകുത്തിയാണ്. നിലംനികത്തലിനെതിരെ പ്രതികരിച്ച എഐവൈഎഫ്, സിപിഐ നേതാക്കള്‍ക്കെതിരെ ചിലര്‍ വധഭീഷണി ഉയര്‍ത്തിയതായും പരാതിയുണ്ട്.
നിലംനികത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സിപിഐ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെറുവാരണം മേഖലയില്‍ നിന്നുള്ള മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ശൈലേഷ് കമ്മറ്റിയില്‍ നിന്ന് രാജിവെച്ചതായും അറിയുന്നു. പ്രകൃതി ചൂഷണത്തിനെതിരെയും കൃഷിയുടെ പ്രചാരണത്തിനും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന മന്ത്രി പി. പ്രസാദിന്റെ മണ്ഡലത്തിലാണ് സിപിഐയിലെ ഒരു വിഭാഗം നിലംനികത്തലുകള്‍ക്ക് അനൂകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം, നിലംനികത്തലുമായി ബന്ധപ്പെട്ട് സിപിഐ, എഐവൈഎഫ് പോരും മന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: