പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ പാലക്കാട് പോക്സോ കോടതി 28 ന് വിധി പറയും. അതേസമയം, സിബിഐയുടെ ആവശ്യം കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവര്‍ എതിര്‍ത്തു.
മൂന്നാം പ്രതി കുട്ടിമധുവിന്റെ വാദം ഇന്ന് കേള്‍ക്കും. ജുവനൈല്‍ പ്രതിയുടെ കൗണ്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ തെളിവ് ലഭിക്കുന്നതിന് നുണപരിശോധന നടത്തേണ്ടതുണ്ടെന്നും, ആയതുകൊണ്ട് അനുമതി നല്‍കണമെന്നുമാണ് സിബിഐയുടെ ആവശ്യം. എന്നാല്‍, നുണപരിശോധനക്ക് അനുമതി നല്‍കരുതെന്നും, അഞ്ച് വര്‍ഷം മുമ്പത്തെ തുണികള്‍ ദ്രവിച്ചിട്ടുണ്ടാവും, മുമ്പ് കൊടുത്ത ഹര്‍ജിയും, ആദ്യം കേസ് അന്വേഷിച്ച സിബിഐ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയതാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് 28 ലേക്ക് മാറ്റിയത്.
കേസിനിടെ ആത്മഹത്യ ചെയ്ത മറ്റൊരു പ്രതി പ്രദീപിന്റെ ആത്മഹത്യാക്കുറിപ്പും തെളിവ് ശേഖരണത്തിന്റെ ഭാഗമായി വേണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടെന്നാണ് സിബിഐയുടെ നിഗമനം. കത്തിലെ ചില വരികള്‍ എഴുതി വെട്ടിയിട്ടുണ്ട്. ചിലത് മങ്ങിയ നിലയിലുമാണ്.
ഇത് പരിശോധിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മക്കളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന ആരോപണവുമായി അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈന്‍ ടെസ്റ്റ് റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പോലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് അമ്മയും സമരസമിതിയും ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: