ചെന്നൈ: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിന് പിന്നാലെ ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാടി തമിഴ്നാട്. വിനായക ചതുര്‍ത്ഥിആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്റ്റാലിന് സര്‍ക്കാരിന്റെ നീക്കം.
ഇതോടെ വിഗ്രഹനിര്‍മാണം ജീവനോപാധിയാക്കിയ നൂറ് കണക്കിന് കരകൗശലത്തൊഴിലാളികളും കുടുംബങ്ങളും പ്രതിസന്ധിയിലായി. കാരൂരിലെ സുംഗഗേറ്റ് ഏരിയയില്‍ ഗണേശവിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) സീല്‍ ചെയ്തു. ആഘോഷങ്ങള്‍ക്കായി നിര്‍മിച്ച നാനൂറ് ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാളും അടച്ചുപൂട്ടി.
വിഗ്രഹനിര്‍മാണം മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് (പിഒപി) ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് വിഗ്രഹനിര്‍മാണ ശാല അടച്ചുപൂട്ടിയത്.
ഉരുളക്കിഴങ്ങ് മാവും വെള്ളത്തില്‍ എളുപ്പത്തില്‍ ലയിക്കുന്ന മറ്റ് പ്രകൃതിദത്ത മാവുകളും ഉപയോഗിച്ച് ഒരു ദശാബ്ദത്തിലേറെയായി വിഗ്രഹം നിര്‍മിക്കുന്ന കരകൗശലത്തൊഴിലാളികളുടെ ജീവനോപാധിയാണ് സര്‍ക്കാര്‍ തടഞ്ഞത്. പലിശയ്ക്ക് പണം കടമെടുത്താണ് തങ്ങളില്‍ പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗണേശ ചതുര്‍ത്ഥി വരുമാനം ലഭിക്കുന്നതിനുള്ള ആകെയുള്ള അവസരമാണെന്നും നിര്‍മാതാക്കള്‍ പരാതി പറയുന്നുണ്ട്.
തെങ്കാശിയില്‍ മുരുകന് എന്ന കരകൗശലത്തൊഴിലാളിയുടെ ശാലയും സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ രാസപരിശോധന നടത്തി താന്‍ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ പൂട്ടിക്കോളാന്‍ ആവശ്യപ്പെട്ടും അധികൃതര്‍ അതിന് തയാറായില്ലെന്ന് മുരുകന് പറയുന്നു. ശരിയായ രാസപരിശോധന നടത്താതെ വ്യാജകേസുകള്‍ ചമച്ച് ഹിന്ദുആഘോഷങ്ങളെ തകര്‍ക്കാമെന്ന സ്റ്റാലിന് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയരുമെന്ന് ഹിന്ദുസംഘടനകള്‍ മുന്നറിയിപ്പ് നല്കി.
ഹിന്ദു വിശ്വാസങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 18, 19 തീയതികളിലായാണ് രാജ്യമൊട്ടാകെ വിനായകചതുര്‍ത്ഥി ആഘോഷം നടക്കുന്നത്. ഗണപതിയുടെ വിഗ്രഹങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ച് ഭക്തര്‍ അനുഗ്രഹം തേടുന്ന അവസരമാണിത്.
അതിനിടെ തമിഴ്നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ മാത്രമല്ല, രാജസ്ഥാന് ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും സീസണ് ലക്ഷ്യമിട്ട് ഗണേശ വിഗ്രഹനിര്‍മാണവുമായി എത്താറുണ്ട്. അവര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ വിനയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: