തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ആണ് കേരളത്തില്‍ ആദ്യത്തെ മാധ്യമപഠന കേന്ദ്രം ആരംഭിക്കുന്നത്. ആറുപതിറ്റാണ്ടുമുമ്പായിരുന്നു അത്. നൂറ്റി ഇരുപതുവര്‍ഷമായി ഇന്ത്യയിലെ തന്നെ ആദ്യ മാധ്യമപുസ്തകങ്ങളില് ഒന്നായ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘വൃത്താന്തപത്രപ്രവര്‍ത്തനം’ പുറത്തിറങ്ങിയത്.
ഈ പാരമ്പര്യംതന്നെ പിന്തുടര്ന്നാണ് ഉദ്ദേശം അരനൂറ്റാണ്ടു മുമ്പ് തിരുവനന്തപുരം പ്രസ് ക്ലബ് പത്രസമ്മേളനം എന്ന പ്രക്രിയ തുടങ്ങിവയ്ക്കുന്നത്. ഭരണതലസ്ഥാനമായ തിരുവനന്തപുരത്ത് അതിനു മുമ്പ് പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നത് സെക്രട്ടേറിയറ്റില്‍തന്നെ മന്ത്രിമാര്‍ നേരിട്ടാണ്. അപ്പോഴും പൊതുജനങ്ങളുടെ പ്രതിനിധികള്‍ക്കോ, രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്വന്തമായി ഓഫീസ് കെട്ടിടങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നേതാക്കള്‍ക്ക് പത്രപ്രതിനിധികളോട് തങ്ങള്‍ക്കു പറയാനുള്ളതു പറയണമെങ്കില്‍ പത്രം ഓഫീസുകളില്‍തന്നെ പോകണമായിരുന്നു.
ഈ പരിമിതി മറികടക്കാനാണ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭാവനാശാലികളായ പൂര്‍വസൂരികള്‍ അന്നുണ്ടായിരുന്ന സാമാന്യം വലിയ മുറിയില്‍ പത്രസമ്മേളനം വിളിച്ചുതുടങ്ങിയത്. പിന്നീട് ക്ലബിനു വലിയ കെട്ടിടമുണ്ടായപ്പോള് അതിലെ ഒരു ഹാള്‍ പത്രസമ്മേളനത്തിനായി മാറ്റിവച്ചു. അതിനെ കുറെക്കൂടി മോടിപിടിപ്പിച്ചപ്പോള്‍ 1995ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തതാണ് തൊട്ടുമുമ്പുള്ള പത്രസമ്മേളനഹാള്. അതാണ് ഇപ്പോള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ വളരെ മെച്ചപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ പുനരുദ്ധരിച്ചിരിക്കുന്നതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും അറിയിച്ചു..
ചരിത്രത്തില്‍ ഇടംപിടിച്ച ഒട്ടേറെ പത്രസമ്മേളനങ്ങള്‍ ഈ ഹാളില്‍ നടന്നിട്ടുണ്ട്. ടി.എന്‍.ജി ഹാള്‍ വരുന്നതിനുമുമ്പ് മീറ്റ് ദ പ്രസ് നടന്നിരുന്നതും ഇവിടെയാണ്. നേതാക്കളുടെ പത്രസമ്മേളനങ്ങളില്‍ ചോദ്യശരങ്ങളുതിര്‍ത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്ന നമ്മുടെ പൂര്‍വികരായ പ്രഗത്ഭ പത്രപ്രവര്‍ത്തകരെയും സ്മരിക്കേണ്ടതുണ്ട്.
ഇന്നും സാധാരണക്കാരായ നേതാക്കളും സംഘടനാ നേതാക്കളും ജനങ്ങളുടെ ആവലാതികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിക്കുന്നത് പ്രസ് ക്ലബിന്റെ പത്രസമ്മേളന വേദിയിലൂടെയാണ്.
തിങ്കളാഴ്ച വൈകിട്ട് 4ന് മണ്‍ചെരാതുകള്‍ തെളിച്ചാണ് ഉദ്ഘാടനം.
സി പി എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്, യു ഡി ഫ് കണ്‍വീനര്‍ എം എം ഹസന്, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ലോക പ്രശസ്ത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഉപഹാരം നല്കി ആദരിക്കും.
സെക്രട്ടറി കെ.എന്‍.സാനു സ്വാഗതവും ട്രഷറര്‍ എച്ച്.ഹണി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: