ബിജെപിയുടെ മുതിര്‍ന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹവിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘമുള്‍പ്പെടെയുള്ള മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവന ചെയ്തിട്ടുള്ള അവിസ്മരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സംഘകാഴ്ചപ്പാടുകളും സഹജമായ വ്യക്തിത്വ സവിശേഷതകളും അദ്ദേഹത്തെ സര്‍വ്വസ്വീകാര്യനാക്കി മാറ്റി. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് സംഘപ്രവര്‍ത്തനം കേരളത്തില്‍ കുതിച്ചുയര്‍ന്നത്. പഴയ തിരുവിതാംകൂര്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല, അതിനെ കൂടുതല്‍ ജനസ്വാധീനമുള്ളതാക്കി മാറ്റിയത് മുകുന്ദന്റെ സവിശേഷമായ നേതൃപാടവമാണ്.
സാമൂഹ്യ ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളെ സമ്പര്‍ക്കം ചെയ്ത് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന പാടവം അത്ഭുതാവഹമാണ്. ഏറ്റവും ഉന്നതരായ ആളുകള്‍ക്കും, സര്‍വ്വസാധാരണ സ്വയം സേവകര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം, നല്ലൊരു ശ്രോതാവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യക്തികളോട് ആഴത്തില്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്ത് ഹിന്ദു സംഗമം പ്രമാണിച്ച് നടന്ന വിശാല സാംഘിക്ക്, കരമന സംഘശിക്ഷാ വര്‍ഗുമായി ബന്ധപ്പെട്ട റൂട്ട് മാര്‍ച്ച് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ വെല്ലുവിളിച്ച സംഭവം, ശങ്കുമുഖത്തെ ആറാട്ടുകടവില്‍ പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെട്ട പ്രസംഗവേദിയെ ചുറ്റിപ്പറ്റി ഉണ്ടായ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യം എന്നിവ പി.പി. മുകുന്ദന്റെ സംഘടനാ കുശലതയുടെയും നയതന്ത്ര പാടവത്തിന്റെയും ചില ഉദാഹരണങ്ങള്‍ മാത്രം. സംഘത്തിന്റെ മാത്രമല്ല മറ്റ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു.
സംഘത്തില്‍ സംസ്ഥാനതല ചുമതല വഹിച്ചിരുന്ന വേളയിലാണ് അദ്ദേഹം ബിജെപിയുടെ പ്രവര്‍ത്തനത്തിലേക്ക് നിയുക്തനാകുന്നത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകള്‍ കഴിഞ്ഞ രണ്ടര മൂന്ന് പതിറ്റാണ്ട് കാലം സംഘ പ്രസ്ഥാനത്തിനോ സമൂഹത്തിനോ വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. തീര്‍ച്ചയായും അതൊരു നഷ്ടമാണ്. ആ ജീവിത സ്മരണയ്ക്ക് മുന്നില്‍ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: