രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനം കേരളത്തിന് സംഭാവന ചെയ്ത കരുത്തുറ്റ സംഘാടകരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്. സംഘത്തിന്റെ സ്വയംസേവകന്, പ്രചാരകന്, ബിജെപി നേതാവ് എന്നീ നിലകളില്‍ സംഘടനാ ജീവിതത്തിലും സമൂഹത്തിലും വ്യക്തിമുദ്രപതിപ്പിക്കാന്‍ മുകുന്ദേട്ടന് കഴിഞ്ഞിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഇന്നുകാണുന്ന വളര്‍ച്ചയില്‍ മുകുന്ദേട്ടന്റെ പതിറ്റാണ്ടുകള്‍ നീണ്ട സമര്‍ത്ഥവും സമഗ്രവുമായ പ്രവര്‍ത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സംഘപ്രചാരകനെന്ന നിലയില്‍ സ്വയംസേവകരോട് സ്നേഹത്തോടെ പെരുമാറുകയും, അവരെ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതില്‍ മുകുന്ദേട്ടന് പ്രത്യേകം ശ്രദ്ധവച്ചു. ഏതുകാര്യത്തിലും മുന്നില്‍നിന്ന് നയിക്കാനുള്ള സന്നദ്ധത അന്നത്തെ പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. സ്വയംസേവകരില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നിറയ്ക്കുന്നതില്‍ എപ്പോഴും വിജയിച്ച പ്രചാരകനായിരുന്നു മുകുന്ദേട്ടന്. ഒരു സംഘാടകന്‍ ആവശ്യമായ അപൂര്‍വമായ ഗുണങ്ങള്‍ മുകുന്ദേട്ടനുണ്ടായിരുന്നു. ഒരിക്കല്‍ പരിചയപ്പെടുന്നവരെ പിന്നീട് ഒരിക്കലും മറക്കാറില്ല. അവരുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തും. വ്യക്തിപരമായ കാര്യങ്ങളില്‍പ്പോലും അവര്‍ക്ക് താങ്ങായി വര്‍ത്തിക്കും.
സംഘപ്രചാരകനായ മുകുന്ദേട്ടന് എത്രവലിയ ഉത്തരവാദിത്വവും ഏറ്റെടുക്കുമായിരുന്നു. എല്ലാറ്റിനും മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഒപ്പം ചേരാന്‍ ഒരുപാടുപേര് വന്നു. സംഘടനാ പരിപാടികള്‍ എല്ലാ വിശദാംശങ്ങളോടെയും ആസൂത്രണം ചെയ്യാനും, ഓരോരുത്തര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കാനും, അതിന്റെയൊക്കെ നിര്‍വഹണത്തില്‍ ആദ്യവസാനം ശ്രദ്ധ ചെലുത്താനും കഴിഞ്ഞതാണ് മുകുന്ദേട്ടന്റെ വിജയരഹസ്യം എന്നുതോന്നിയിട്ടുണ്ട്.
ഹിന്ദുസംഗമവും യുവ സംഗമവും
1985 ല്‍ തിരുവനന്തപുരത്ത് നടന്ന ഹിന്ദുസംഗമം കേരളത്തിലെ സംഘപ്രവര്‍ത്തന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. സര്‍സംഘചാലക് ബാലാസാഹെബ് ദേവറസ്ജി പങ്കെടുത്ത ഈ പരിപാടി കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ ഈ പരിപാടിയുടെ വിജയത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചയാളായിരുന്നു മുകുന്ദേട്ടന്. ഹിന്ദു സംഗമത്തിന്റെ ഉജ്വലമായ വിജയം മുകുന്ദേട്ടനിലെ സംഘടനാ പ്രവര്‍ത്തകന്റെ മികവ് സംശയാതീതമായി തെളിയിക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളിലും ആപത്ഘട്ടങ്ങളിലുമൊക്കെ അസാമാന്യമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ മുകുന്ദേട്ടന് കഴിയുമായിരുന്നു. തിരുവനന്തപുരം വിഭാഗ് പ്രചാരക് ആയിരിക്കെ ചാലയിലുണ്ടായ വര്‍ഗീയസംഘര്‍ഷത്തെ നേരിടുന്നതില്‍ വലിയ പങ്ക് മുകുന്ദേട്ടന് വഹിക്കുകയുണ്ടായി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ അന്നത്തെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ചെയ്തു. പ്രതികൂലമായ മറ്റ് നിരവധി സന്ദര്‍ഭങ്ങളിലും മുകുന്ദേട്ടന്റെ നേതൃശേഷിയും നയതന്ത്രജ്ഞതയും പ്രകടമായി. സംഘടനാപരവും അല്ലാതെയുമുള്ള ഇത്തരം ഇടപെടലുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു.
ബിജെപിയുടെ സംഘടനാ സെക്രട്ടറിയെന്ന നിലയിലും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ മുകുന്ദേട്ടന് പല നേട്ടങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് അനിഷേധ്യമാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവസംഗമത്തിന്റെ ഐതിഹാസികമായ വിജയം മുകുന്ദേട്ടന്റെ സംഘടനാ മികവിന്റെ സാക്ഷ്യപത്രമാണ്. പാര്‍ട്ടിക്ക് എംഎല്‍എയും എംപിയുമൊന്നുമില്ലാതിരുന്ന അക്കാലത്തും അധികാര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിഞ്ഞത് മുകുന്ദേട്ടന്റെ സവിശേഷമായ നേതൃഗുണം കൊണ്ടാണ്. ബിജെപിയെ അവഗണിച്ച് മുന്നോട്ടുപോകാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കഴിയാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സജീവരാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നപ്പോഴും പാര്‍ട്ടിയെ വളര്‍ത്താനുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ജന്മഭൂമിയുടെ നായകന്
ജന്മഭൂമി പത്രത്തിന്റെ വികാസം ഒരു ദശാസന്ധിയില്‍ എത്തിനില്‍ക്കുമ്പോഴാണ് മുകുന്ദേട്ടന് മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടിരുന്ന ആ ഘട്ടത്തില്‍ വിഭവസമാഹരണം നടത്തി സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വിജയിക്കാന്‍ മുകുന്ദേട്ടന് കഴിഞ്ഞു. ജന്മഭൂമി അച്ചടിക്കുന്ന അയോധ്യ പ്രസില്‍ അഗ്നിബാധയുണ്ടായപ്പോള്‍ തെല്ലുപോലും പതറാതെ മുന്നോട്ടുപോകാന്‍ ധൈര്യം പകര്‍ന്നത് മുകുന്ദേട്ടനായിരുന്നു. അഗ്നിബാധയുടെ പേരില്‍ ഒരു ദിവസം പോലും പത്രം മുടങ്ങാതെ അച്ചടിക്കാന്‍ കഴിഞ്ഞത് ആ ഇച്ഛാശക്തിയുടെ തെളിവായിരുന്നു.
സംഘപ്രചാരകനായിരിക്കുമ്പോഴും രാഷ്ട്രീയനേതാവെന്ന നിലയ്ക്കും സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരുമായി ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും മുകുന്ദേട്ടന് കഴിഞ്ഞു. സെലിബ്രിറ്റികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിരവധിയാളുകളെ പ്രസ്ഥാനവുമായി അടുപ്പിച്ചത് മുകുന്ദേട്ടനാണ്. ഇവരൊക്കെ പില്ക്കാലത്തും ഈ അനുഭാവം നിലനിര്‍ത്തിയെന്നത് സംഘടനാപരമായി ഒരു മുതല്‍ക്കൂട്ടാണ്.
സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലാതിരുന്നപ്പോഴും സംഘപ്രവര്ത്തകരുമായുള്ള ബന്ധം ഊഷ്മളമായി മുകുന്ദേട്ടന് നിലനിര്‍ത്തി. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നപ്പോഴും അത് ശരീരത്തെയാണ് ബാധിച്ചത്. മനസ്സിനെ തെല്ലും തളര്‍ത്തിയില്ല. സ്നേഹസമ്പന്നവും ആദര്ശസുരഭിലവുമായിരുന്ന ആ ജീവിതം എന്നും ഓര്‍മിക്കപ്പെടും. ആത്മാവിന് സദ്ഗതി നേരുന്നു. ബാഷ്പാഞ്ജലികള്‍.
(രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)
സമ്പര്‍ക്ക കലയുടെ ആചാര്യന്
>ആറ് പതിറ്റാണ്ട് പിന്നിട്ട സംഘഭരിതജീവിതമാണ് വിട പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച പടിഞ്ഞാറെ പുത്തലത്ത് മുകുന്ദന് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത് സൗമ്യവും അതേസമയം സുദൃഢവുമായ സ്വാധീനമാണ്. പത്താംക്ലാസ് പഠനത്തിനുശേഷം 1960ല്‍ സ്വയം സ്വീകരിച്ചതാണ് ഈ വീരവ്രതം. കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ മണത്തണയില്‍ ആരംഭിച്ച ആര്‍എസ്എസ് ശാഖയിലൂടെ മുകുന്ദന് സ്വയംസമര്‍പ്പിത സ്വയംസേവകനായി. 65ല്‍ കണ്ണൂര്‍ നഗരത്തില്‍ തന്നെ വിസ്താരക് എന്ന നിലയില്‍ മുഴുവന്‍സമയ പ്രവര്‍ത്തനായി പ്രചാരകജീവിതത്തിന് തുടക്കമിട്ടു. താലൂക്ക് പ്രചാരകായിരുന്ന ചെങ്ങന്നൂരില്‍, ആലുവയില്‍, ജില്ലാ പ്രചാരക് ചുമതല വഹിച്ച തൃശ്ശൂരില്‍ ഒക്കെ പ്രവര്‍ത്തകരുടെ കുടുംബങ്ങളുമായി അദ്ദേഹം ഇഴയടുപ്പമുള്ള ബന്ധം സൃഷ്ടിച്ചു,
1971 ല്‍ തൃശ്ശൂര്‍ ജില്ലാ പ്രചാരകായിരിക്കെ സംഘടിപ്പിച്ച സംഘത്തിന്റെ വിശാലബൈഠക് സംഘാടന മികവ് കൊണ്ട് മാധ്യമങ്ങളും ശ്രദ്ധിച്ചു. അക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിച്ചതിന് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ട് മാസം പിന്നിട്ടതിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ശേഷം കോഴിക്കോട്, തിരുവനന്തപുരം വിഭാഗുകളില്‍ പ്രചാരകായി. സേവനരംഗത്ത് ദേശമാസകലം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് ബാളാസാഹബ് ദേവറസിന്റെ ആഹ്വാനമേറ്റെടുത്ത് തിരുവനന്തപുരത്ത് സേവാഭാരതിക്ക് തുടക്കമിട്ടത് അദ്ദേഹം വിഭാഗ് പ്രചാരകായിരിക്കെയാണ്. ദേശീയ സേവാഭാരതിക്ക് രാജ്യത്ത് തുടക്കമാകും മുമ്പായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്ന നിലയില്‍ കേരളമൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു.
സംഘപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹത്തെ 1990ല്‍ ബിജെപിയിലേക്ക് നിയോഗിക്കുന്നത്. പ്രചാരകനായിരിക്കെ സൃഷ്ടിച്ച ബന്ധങ്ങളിലൂടെ മുകുന്ദേട്ടന് സമ്പര്ക്കകലയുടെ ആചാര്യനായി. പൊതുമണ്ഡലത്തില്‍ ബിജെപി രാഷ്ട്രീയത്തിന് പ്രതാപകാലത്തിന്റെ വരവായിരുന്നു. തിരുവനന്തപുരം ബിജെപിയുടെ ശക്തിദുര്‍ഗമായി മാറുന്നതിന് പിന്നില്‍ കണിശതയുള്ള ആ സംഘാടനാമികവിന് വലിയ പങ്കുണ്ട്.
രാഷ്ട്രീയത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ സര്‍വ്വമേഖലയിലും അദ്ദേഹം വ്യക്തിബന്ധങ്ങള്‍ സൃഷ്ടിച്ചു. കല, സിനിമ, മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ആഴത്തിലുള്ള സ്വാധീനാണ് മുകുന്ദന് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ എല്ലാവര്ക്കും എന്നും പ്രിയങ്കരനായി അദ്ദേഹം നില കൊണ്ടു. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ ബഹുമാനിച്ചു.
സംഘടനയിലെ കാര്‍ക്കശ്യവും ആജ്ഞാശക്തിയും ആകര്‍ഷകമായ പെരുമാറ്റംവും നേതൃ പാടവവും വ്യക്തി പ്രഭാവവും മൂലം അദ്ദേഹം എല്ലാ മേഖലയിലും കരുത്തനായി. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരെയും സംഘടനയുമായി അടുപ്പിച്ചു. ആ ബന്ധങ്ങളുടെ മായാത്ത അടയാളമായി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: