കെ. സതീശന്‍
കണ്ണൂര്‍: മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെ നടുവില്‍ വീട്ടിലെത്തുന്ന എല്ലവരുടെയും മുകുന്ദേട്ടനായിരുന്നു ഇന്നലെ അന്തരിച്ച പി.പി. മുകുന്ദന്‍. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പി.പി. മുകുന്ദന്റെ സാന്നിധ്യത്തില്‍ സംസാരിച്ച് പരിഹരിച്ചാല്‍ എല്ലാവരും പൂര്‍ണ്ണ തൃപ്തരായിരുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരോടും സൗമ്യമായി സംസാരിച്ച് എല്ലാ വശവും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരുന്നു അദ്ദേഹം തീരുമാനത്തിലെത്തിയിരുന്നത്.
ധൃതിപിടിച്ച് എടുത്ത് ചാടി മുന്‍വിധിയോടെ ഒന്നും തീരുമാനിക്കില്ല. ആരുടെയും പക്ഷം ചേരാതെ എല്ലാവരെയും കേട്ട് സൗമ്യമായി തീരുമാനം പറയും. മുകുന്ദേട്ടന്‍ തീരുമാനമെടുത്താല്‍ എല്ലവര്‍ക്കും ഹിതകരമായിരുന്നു. ആരും തോറ്റ് പോകാതെ എല്ലാവര്‍ക്കും ന്യായമെന്ന രീതിയിലുള്ള തീരുമാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തും. എന്നാല്‍ തെറ്റ് കണ്ടാല്‍ നിലപാടിലുറച്ച് കൃത്യമായി കാര്യങ്ങള്‍ പറയുകയും ചെയ്യും.
പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് മുകുന്ദേട്ടന്‍ ഉമ്മറത്തുണ്ടെങ്കില്‍ ആശ്വാസമാണ്. പ്രദേശവാസികള്‍ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മുകുന്ദേട്ടനെ തേടിയെത്തിയിരുന്നു. കാര്യങ്ങള്‍ വിശദമായി കേട്ട് ഇങ്ങനെ ചെയ്താല്‍ മതിയെന്ന മുകുന്ദേട്ടന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് മുന്നോട്ട് പോയ ആരും തന്നെ പരാജയപ്പെട്ടില്ല. വിവിധ മേഖലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലയിലെ മണത്തണയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. ഏതെങ്കിലും അധികാര സ്ഥാനമില്ലെങ്കിലും പി.പി. മുകന്ദനെന്ന മനുഷ്യസ്‌നേഹിയായ നേതാവിന് തന്റെ പ്രവര്‍ത്തനത്തിന് ഒന്നും തടസ്സമായിരുന്നില്ല.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുയുടെയും വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിക്കുമ്പോഴും മുകുന്ദേട്ടന്‍ എല്ലാവരുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. പ്രായാധിക്യത്തിന്റെതായ അവശതകളുമായി ജീവിതത്തിന്റെ അവസാന കാലഘട്ടം മണത്തണയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റവും താന്‍ വിശ്വസിച്ച ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ യാത്രയാകുന്നതും എല്ലാവരുടെയും പ്രിയപ്പെട്ട മുകുന്ദേട്ടനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: