ഗണേഷ്മോഹന്‍
കണ്ണൂര്‍: പ്രവര്‍ത്തകരുമായി എന്നും ഹൃദയബന്ധം സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകും ബജെപി നേതാവുമായിരുന്ന പി.
പി. മുകുന്ദന്റേത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നപ്പോഴും പിന്നീട് സംഘപ്രചാരകനായും ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായും പടിപിടിയായി ഉന്നത പദവികളിലെത്തിയപ്പോഴെല്ലാം താഴെതട്ടിലുളള പ്രവര്‍ത്തകര്‍ മുതല്‍ എല്ലാ വിഭാഗം ജനങ്ങളുമായി ആത്മബന്ധം സൂക്ഷിച്ചു.
നന്നേ ചെറുപ്പത്തില്‍ തന്നെ സംഘപ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പ്രദേശമായ മണത്തണയിലെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമായി. തുടര്‍ന്ന് സംഘത്തിന്റെ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പ്രചാരകനായി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചപ്പോഴും തുടര്‍ന്ന് ജീവിതാവസാനംവരേയും സേവന മനോഭാവത്തോടെ പ്രവര്ത്തകരൊടടുപ്പം പുലര്‍ത്തി.
ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത കാലയളവില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ വേരിറക്കമില്ലാതിരുന്ന പ്രദേശങ്ങളില്‍ വേരോട്ടമുണ്ടാക്കാനും ബൂത്ത് തലത്തില്‍ ശക്തമായ അടിത്തറയുണ്ടാക്കാനും പ്രവര്‍ത്തിച്ചു.
സംഘടനയുടെ ആശയദാതാവായ പണ്ഡിറ്റ് ദീനദായാല്‍ ഉപാദ്ധ്യായയുടെ സ്മരണ പു
തുക്കുന്നതിന്റെ ഭാഗമായി സമര്‍പ്പണ നിധിശേഖരണം വ്യവസ്ഥാപിതമാക്കുന്നതിനും ഈ കാലയളവില്‍ സ്ഥാപിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ മറ്റു വിവിധ ചുമതലകളും വഹിക്കുകയുണ്ടായി.
മാര്‍ക്സിസ്റ്റ് ക്രമവിരുദ്ധ സമിതി സംസ്ഥാന കണ്‍വീനര്‍, ഡോ. ഹെഡ്ഗേവാര്‍ ചാരിറ്റബി
ട്രസ്റ്റ് അംഗം, പെന്‍കുന്നം പിഎന്യുഎം ആശുപത്രി ഉപദേശക സമിതി അംഗം, ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കാനായി രൂപീകൃതമായ പ്രക്ഷോഭ സമിതി ജോ. സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, ഏറണാകുളം എന്നിവിടങ്ങളില്‍ നടന്ന ഹിന്ദുമഹാസമ്മേളനങ്ങളുടെ മുഖ്യ ആസൂത്രകനുമായിരുന്നു.
മാറാട് സംഘര്‍ഷം, മാര്‍പ്പാപ്പയുടെ തിരുവനന്തപുരത്തെ വേദിയായി ബന്ധപ്പെട്ട പ്രശനങ്ങള്‍ എന്നിവക്ക് രമ്യമായ പരിഹാരമുണ്ടാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയരക്ടറായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടുകയും ജന്മഭൂമിയെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്നും കരകയറ്റാന്‍ അക്ഷീണപ്രയത്നം നടത്തുകയും ചെയ്തു.
ഈ സമയത്താണ് ജന്മഭൂമി പത്രം അച്ചടിക്കുന്ന അയോദ്ധ്യാ പ്രിന്റേഴ്സിന് അഗ്നിബാധയേറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചത്. തീപ്പിടിത്തമുണ്ടായതിന്റെ പിറ്റേ ദിവസവും പത്രമിറക്കല് എംഡി എന്ന നിലയില്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം പഴയകാല ജന്മഭൂമി പ്രവര്‍ത്തകര്‍ ഇന്നും ഓര്‍ക്കുന്നു.
2007 ല്‍ സംഘടനാ ചുമതലകളില്‍ നിന്നെല്ലാം ഒഴിഞ്ഞ ശേഷം കുടുംബക്ഷേത്രമായ മണത്തണയിലെ കൊളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്ര നവീകരണത്തിന് നേതൃത്വം നല്കി. ക്ഷേത്രത്തോടനുബന്ധിച്ച് അതിമനോഹരമായരീതിയില്‍ രൂപകല്പന ചെയ്ത് ഭൂഗര്‍ഭ ധ്യാന മണ്ഡപം നിര്‍മ്മിച്ച് ഗാന ഗന്ധര്വ്വന് പത്മശ്രീ യേശുദാസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത് പി.പി. മുകുന്ദനായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പര്യടനം നടത്തുകയും ചെയ്തിട്ടുണ്ട്.
പൊതുപ്രവര്ത്ത മികവിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി, 2008ല്‍ കാലടിയില്‍വെച്ച് കാഞ്ചി ശ്രീശങ്കരാചാര്യസ്വാമികള്‍ മഹാശിവരാത്രി പുരസ്കാരം നല്കി ആദരിച്ചു. 2017ല്‍ പൂനാ മലയാളി സമാജം വിശിഷ്ട വ്യക്തിക്കുള്ള പുരസ്ക്കാരം നല്കി. 2018ല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ സംഗമ വേദി പുരസ്കാരം ലഭിച്ചു.
2019ല്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് കണ്ണൂരില്‍ നടത്തിയ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥ പീഡിതര്ക്കള്ള ആദരവിന്റെ ഭാഗമായി ഫലകവും പൊന്നാടയും പ്രശസ്ത സിനിമ സംവിധായകന് രാമസിംഹനി
ല്‍ നിന്നും ഏറ്റുവാങ്ങുകയുണ്ടായി. 2020ല്‍ കണ്ണൂര്‍ സര്‍വ്വ മംഗളാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രൊഫ: ടി. ലക്ഷ്മണന് സ്മാരക സര്‍വ്വ മംഗള പുരസ്കാരവും പി.പി. മുകുന്ദന് സമര്‍പ്പിക്കപ്പെട്ടു.
രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ നിന്നും സ്വയംതീര്‍ത്ത അകലം പാലിക്കുമ്പോഴും മുകുന്ദേട്ടന് എപ്പോഴും തിരക്കുകളുടെ ലോകത്തുതന്നെയായിരുന്നു. കക്ഷിരാഷ്ടീയ ഭേദമെന്യേ വിവാഹവേളകളിലും പ്രിയപ്പെട്ടവരുടെ ദേഹവിയോഗവേദികളിലും കഴിയാവുന്നേടത്തോളം അദ്ദേഹം ഓടിയെത്തി.
സുഖവിവരങ്ങളന്വേഷിച്ചും പ്രശ്ന പരിഹാരമാര്‍ഗ്ഗ നിദ്ദേശങ്ങള്‍ തേടിയും നിരന്തരം ഫോണ്‍കോളുകള്‍ ആശുപത്രി കിടക്കകളില്പ്പോലും അദ്ദേഹത്തെ തേടിയെത്തി. മുഖ്യധാരാ രാഷ്ടീയ-പൊതുപ്രവര്‍ത്തകരുമായും സാംസ്കാരിക-സിനിമാമേഖലയിലെ പ്രമുഖരുമായി വളരെയടുത്ത ഹൃദയബന്ധം സൂക്ഷിച്ച അപൂര്‍വ്വം ജനനേതാക്കളില്‍ ഒരാളായിരുന്നു.
അദ്ദേഹത്തിന്റെ സാന്ത്വന സ്പര്‍ശം അനുഭവിച്ച നൂറുകണക്കിനാളുകളാണ്. ഒരുപാട് പേര്‍ക്ക് ചികിത്സാ സഹായമായും, വിവാഹ സഹായമായും, ഗൃഹനിര്‍മ്മാണ സഹായമായും, പഠന സഹായവുമായുമൊക്കെ ആ സാന്ത്വനസ്പര്‍ശം വഴിയെത്തി.
അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഉണ്ടായിരുന്ന ജനസാന്നിധ്യം അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം എത്രമാത്രം ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: