കൊച്ചി: സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍വച്ചെഴുതിയ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായും സംസാരിച്ചിരുന്നെന്ന് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. എറണാകുളത്തെ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എകെജി സെന്ററിനടുത്തുള്ള ഫ്ളാറ്റിലാണ് പിണറായി വിജയനെ കണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. ഇരുവരുടെയും അറിവോടെയായിരുന്നു തന്റെ നീക്കങ്ങള്‍.
കത്ത് പുറത്തു വരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനായിരുന്നു ഇവരുടെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും നന്ദകുമാര്‍ തുടര്‍ന്നു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കത്ത് പുറത്തു വിടണമെന്നു തോന്നിയത് ഉമ്മന്‍ ചാണ്ടിയുടെ പേര് അതിലുണ്ടായിരുന്നതു കൊണ്ടാണ്. രണ്ടു സിബിഐ കേസുകളില്‍ ഉമ്മന്‍ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് കരുതുന്നത്. ഗണേഷ് കുമാറുമായി ബന്ധമൊന്നുമില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കത്ത് സംഘടിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന് പറഞ്ഞു. അതിന് പ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നല്‍കിയത് ശരണ്യ മനോജാണ്. കത്തു കൈമാറിയതിന് മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. ബെന്നി ബഹനാനും
തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയ്ക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഏറെ കഷ്ടപ്പെടുത്തിയ ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു കൊടുത്തത്. പിണറായിയെക്കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്. അച്യുതാനന്ദന് നല്‍കുകയും ചെയ്തു.
2016ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിമാനത്തില്‍വച്ച് എന്നോടു പറഞ്ഞു. ഐജി ഹേമചന്ദ്രന് കൊടുത്ത റിപ്പോര്‍ട്ടനുസരിച്ചാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, യുഡിഎഫില്‍ നിന്ന് മൂന്നു പേര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തു.
തന്നെ മുറിയില്‍ നിന്ന് ഇറക്കി വിട്ടെന്ന പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്നും നന്ദകുമാര്‍ പറഞ്ഞു. കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്ന് പിണറായി ചോദിച്ചു. അത്രയേ ഉണ്ടായുള്ളു. എന്നെ ഇറക്കി വിട്ടിട്ടില്ല. ശരണ്യ മനോജ് പരാതിക്കാരിയെ വിറ്റ് കാശാക്കിയെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: