ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്കൃതവും പഠിക്കാന്‍ അവസരമുണ്ടാകുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ്. സമകാലിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പരമ്പരാഗത മദ്രസ വിദ്യാഭ്യാസത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുവരേണ്ടതിന്റെ ആവശ്യകത നല്ലതാണെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് ഷദാബ് ഷാംസ് പറഞ്ഞു.
ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ സംസ്കൃതം പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ മറ്റെവിടെയാണ് പഠിപ്പിക്കുക? വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഭാഷകളെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും അറിവുവേണം. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം പഠിക്കാനുള്ള അവകാശമുണ്ട്. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ സംസ്കൃതപഠനം സഹായിക്കും.
എ.പി.ജെ. അബ്ദുള്‍ കലാമിനെ പോലെയുള്ള മാതൃകാവ്യക്തിത്വങ്ങളെ പിന്തുടരാന് വിദ്യാര്‍ത്ഥികളെ അനുവദിക്കും. ഇസ്ലാമിക പഠനവും ശാസ്ത്രവും സംയോജിച്ചുള്ളതാകണം മദ്രസകളിലെ പാഠ്യപദ്ധതി. സംസ്ഥാനത്തെ 117 വഖഫ് ബോര്‍ഡ് മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് നടപ്പാക്കാനും തീരുമാനിച്ചു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, അറബിക്, സംസ്കൃതം തുടങ്ങിയവ പഠിക്കാം, ഷദാബ് ഷാംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: