ജയ്പൂര്‍ : രാജസ്ഥാനില്‍ ഭരത്പൂര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ട്രെയിലര്‍ ബസിന് പിന്നില്‍ ഇടിച്ച് പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോവുകയായിരുന്ന ബസാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പ്പെട്ടത്.
ലഖന്‍പൂര്‍ മേഖലയിലെ ആന്ത്ര മേല്‍പ്പാലത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ട്രെയിലര്‍ പിന്നില്‍ നിന്ന് ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ ദിഹോര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ ഭരത്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീവഹാനി ഉണ്ടായതില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അവര്‍ ആശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരീതാശ്വാസ നിധിയില്‍ നിന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം അനുവദിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഭരത്പൂരില്‍ വാഹനാപകടത്തില്‍ ജീവഹാനി ഉണ്ടായതില്‍ അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: