കൊച്ചി: അന്തരിച്ച ബിജെപി നേതാവ് പി.പി മുകുന്ദന്റെ ഭൗതികദേഹം എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കൊച്ചി അമൃതാ ആശുപത്രിയിൽ നിന്നും പ്രാന്തകാര്യാലയത്തിൽ എത്തിച്ചത്. ബിജെപി, ആർഎസ്എസ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നൂറ് കണക്കിന് ആളുകൾ തങ്ങളുടെ മുകുന്ദേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. വൈകുന്നേരം നാലു മണി വരെ ഇവിടെ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരത്തോടെ തൃശൂരിൽ പൊതുദർശനത്തിനായി കൊണ്ടുപോകും. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം ഭൗതികദേഹം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും. ഇവിടെ നിന്നും എട്ട് മണിയോടെ ഭൗതിക ദേഹം തലശ്ശേരിയിൽ എത്തിക്കും. എട്ട് മുതൽ തലശ്ശേരിയിൽ പൊതുദർശനം. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം ഭൗതിക ദേഹം കണ്ണൂരിലെ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം വീട്ടിലേക്കും. ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
പേരാവൂർ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു കേരള രാഷ്ട്രീയത്തിലെ അതികായനായ പി പി മുകുന്ദൻ അന്തരിച്ചത്. ദീർഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്.
1989 മുതൽ 2004 വരെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. 2006 മുതൽ 10 വർഷം പാർട്ടിയിൽ നിന്നും പുറത്ത് നിന്നു. 2016 ൽ അദ്ദേഹം വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി. 1988 മുതൽ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: