തിരുവനന്തപുരം: ഒരു കാലത്ത് കരുത്തുറ്റ മുഖ കേരളത്തിലെ ബിജെപിയുടെ കരുത്തുറ്റ മുഖമായിരുന്നു പി.പി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി പി മുകുന്ദന് ആദരാഞ്ജലികൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിപി മുകുന്ദൻ എന്ന മുകുന്ദേട്ടൻ ഒരുകാലത്ത് കേരളത്തിലെ ബിജെപിയുടെ കരുത്തുറ്റ മുഖമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ മണത്തണ നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണി അമ്മയുടെയും മകനായി 1946ൽ ജനനം. മണത്തണ യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ആർഎസ്എസിന്റെ മുഴുവൻ സമയപ്രവർത്തകനായ പ്രചാരകനായി മാറി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി.1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി.
1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു. 1975ൽ തൃശ്ശൂർ ജില്ലാ പ്രചാരകനായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിച്ചതിന് അടിയന്തരാവസ്ഥക്കാലത്ത് സി കെ പത്മനാഭനൊപ്പം അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥ പിൻവലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും പ്രവർത്തിച്ചു. ആർഎസ്എസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തേ 1991 സംസ്ഥാന ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു.
2004 വരെ ആ പദവി അലങ്കരിച്ച അദ്ദേഹം 2007 വരെ ബിജെപിയുടെ ദക്ഷിണ ക്ഷേത്ര സെക്രട്ടറിയായി ചുമതല വഹിച്ചു. ദീർഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന മുരളീ മനോഹർ ജോഷി നയിച്ച ഏകത യാത്രയുടെ കേരളത്തിലെ സംഘടകൻ ആയിരുന്നു പി പി മുകുന്ദൻ. യാത്രയുടെ ദേശീയ സംഘാടകൻ ആയിരുന്ന ശ്രീ നരേന്ദ്രമോദിയുമായി ഒന്നിച്ചു പ്രവർത്തിച്ചു. 2004ൽ കേരളം , തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. പാർട്ടി പ്രവർത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായി. ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ ജൻമശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1988 മുതൽ 1995 വരെ കേരളത്തിലെ ദേശീയ ദിനപത്രമായ ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: