ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മാഹാരാഷ്‌ട്രയിലും കേസ്. വിശ്വാസികളുടെ പരാതിയിൽ മുംബൈയിലെ മീരാ റോഡ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലും കർണാടകയിലും ഉദയനിധിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.
ഐപിസി സെക്ഷൻ 153 എ പ്രകാരവും മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 എ പ്രകാരവും കേസെടുത്തിട്ടുണ്ട്.പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ നിരവധി പരാതികൾ പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. ഇതോടെയായിരുന്നു കേസ് എടുത്തത്. സനാതന ധർമ്മം ഡെങ്കിയും മലേറിയയും പോലെയാണ്. അതിനാൽ ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിന് പിന്നാലെ ഉദയനിധിയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആളുകൾ പരാതികളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാപകമായി പരാതി ലഭിച്ചതോടെ യുപിയിലെ റാംപൂരിൽ കഴിഞ്ഞ ആഴ്ചയാണ് പോലീസ് കേസ് എടുത്തത്. ഉദയനിധി സ്റ്റാലിന് പുറമേ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസ് എടുത്തിരുന്നു. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചുവെന്ന കുറ്റത്തിനാണ് പ്രിയങ്ക് ഖാർഗെക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതു കൂടാതെ, ഇതേ കേസിൽ മുസാഫർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: