ലണ്ടന്‍: യുഎസ് ഓപ്പണ്‍ കിരീടം തിരികെപിടിച്ചതിന് പിന്നാലെ സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ച് എടിപി റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ വിംബിള്‍ഡെന്‍ ഫൈനല്‍ നേട്ടത്തിലൂടെ ഒന്നാം സ്ഥാനത്തെത്തിയ കാര്‍ലോസ് അല്‍കാരസിനെ മറികടന്നു. ഡബ്ലിയു ടി എ റാങ്കിങ്ങില്‍ ഇഗ സ്വിയാറ്റെക്കിനെ മറികടന്ന് അരൈന സബലെങ്കയും ഒന്നാമതെത്തി.
വിംബിള്‍ഡന്‍ ഫൈനലില്‍ അല്‍കരാസിനോട് പരാജയപ്പെട്ട ദ്യോക്കോവിച്ച് രണ്ടാം റാങ്കിലേക്ക് ഇടിഞ്ഞിരുന്നു. യുഎസ് ഓപ്പണിലെ ആദ്യ മത്സരത്തിലെ ജയം മാത്രം മതിയായിരുനനു ദ്യോക്കോവിന് വീണ്ടും ഒന്നിലേക്കെത്താന്‍. 36കാരനായ ദ്യോക്കോവിച്ച് തന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടം ഞായറാഴ്ച നേടിയിരുന്നു. ഇതിലൂടെ 24 ഗ്രാന്‍ഡ് സ്‌ലാം എന്ന വനിതാ ഇതിഹാസതാരം മാര്‍ഗരേറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്തി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെയാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. 11795 പോയിന്റാണ് ദ്യോക്കോവിനുള്ളത്. രണ്ടാം സ്ഥാനത്തേക്കിടിഞ്ഞ അല്‍കരാസിന് 8535 പോയിന്റും.
പുതുക്കിയ റാങ്ക് പട്ടിക എടിപി ഇന്നലെയാണ് പ്രസിദ്ധപ്പെടുത്തിയത്. അല്‍കരാസ് രണ്ടാം സ്ഥാനത്തേക്കിടിഞ്ഞപ്പോള്‍ മെദ്‌വദേവ് മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ഹോള്‍ഗര്‍ റൂണെയാണ് നാലാം റാങ്കില്‍. സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസും ആേ്രന്ദ റുബ്‌ലേവും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ച് ആറ് സ്ഥാനങ്ങളിലേക്കെത്തി. ജാന്നിക് സിന്നര്‍ ഏഴാം സ്ഥാനത്തേക്കിടിഞ്ഞു. സെമിവരെ കുതിച്ച അമേരിക്കന്‍ താരം ഷെല്‍ട്ടന്‍ ബെഞ്ചമിന്‍ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം റാങ്കിലേക്കെത്തി.
വനിതകളുടെ ഡബ്ലിയു ടി എ റാങ്കിങ്ങില്‍ ഫൈനല്‍ പ്രവേശം വരെ നീണ്ട യുഎസ് ഓപ്പണ്‍ റാലിയിലൂടെയാണ് സബലെങ്ക ഒന്നാം സ്ഥാനത്തേക്കെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇഗ സ്വിയാറ്റെക്ക് രണ്ടാം സ്ഥാനത്തേക്കിടിഞ്ഞു. യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ മൂന്നാം റാങ്കിലേക്ക് കുതിച്ച കോകോ ഗൗഫ് മൂന്ന് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഒന്നാമതുള്ള സബലെങ്കയ്‌ക്ക് 9266 പോയിന്റാണുള്ളത്. രണ്ടാമതുള്ള ഇഗയ്‌ക്ക് 8195 പോയിന്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: