അല്‍ഗാര്‍വെ: ലക്സംബര്‍ഗിനെ 9-0ന് തകര്‍ത്ത് യൂറോ യോഗ്യതയില്‍ പോര്‍ചുഗല്‍ വമ്പന്‍ ജയം സ്വന്തമാക്കി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് ടീം കൂറ്റന്‍ ജയം നേടിയത്.
നൂറ് ശതമാനം വിജയത്തോട യൂറോ കപ്പിന് യോഗ്യതതില് നിലകൊള്ളുന്ന ടീം എന്ന റെക്കോഡ് നിലനിര്‍ത്താന്‍ പോര്‍ച്ചുഗലിന് സാധിച്ചു. ഗ്രൂപ്പ് ജെയില്‍ കളിച്ച ആറ് കളികളിലും ജയിച്ച് 18 പോയിന്റ് സ്വന്തമാക്കിയ അവര്‍ക്ക് അടുത്ത കളിയിലും ജയിച്ചാല്‍ യോഗ്യത ഉറപ്പിക്കാം. അടുത്ത മാസം 14ന് ഗ്രൂപ്പിലെ രണ്ടാം സ്്ഥാനക്കാരായ സ്ലോവാക്യക്കെതിരെയാണ് അടുത്ത കളി. ഇതുള്‍പ്പെടെ നാല് കളികളാണ് പോര്‍ച്ചുഗലിനുള്ളത്.
ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായ ശേഷം പുതിയ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴിലാണ് പോര്‍ച്ചുഗല്‍ അജയ്യത തുടരുന്നത്. ആറ് യോഗ്യതാ മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ 24 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ലോകകപ്പ് തോല്‍വിയോടെ സ്ഥാനമൊഴിഞ്ഞ ഫെര്‍ണാണ്ടോ സാന്റോസിന് പകരമായാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലകനായെത്തിയത്.
ഇന്നലത്തെ മത്സരത്തില്‍ 12-ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോന്‍സാലോ ഇനാസിയോ ആണ് ഗോള്‍ വര്‍ഷത്തിന് തുടക്കമിട്ടത്. ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഇനാസിയോ ഇരട്ട ഗോള്‍ തികച്ചു. അതിനും മുമ്പേ ഗോന്‍സാലോ റാമോസ് 18, 33 മിനിറ്റുകളിലായി ഇരട്ട ഗോള്‍ നേടിയിരുന്നു. ആദ്യ പകുതിയില്‍ പോര്‍ചുഗല്‍ ലക്സംബര്‍ഗിനെതിരെ 4-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഒന്നോ രണ്ടോ ഗോള്‍ കൂടി പ്രതീക്ഷിച്ചവര്‍ക്ക് മുന്നിലേക്ക് അഞ്ച് ഗോളാണ് പറങ്കിപ്പട അടിച്ചുകൂട്ടിയത്. ഇനാസിയോയ്ക്കും റാമോസിനും പുറമെ ഡിയോഗോ ജോട്ടയും ഇരട്ടഗോള്‍ നേടി. മത്സരത്തിന് 57 മിനിറ്റ് ആയുസെത്തിയപ്പോള്‍ ജോട്ടയിലൂടെ രണ്ടാം പകുതിയിലെ സ്കോറിങ്ങ് തുടങ്ങി. 77-ാം മിനിറ്റില്‍ താരം മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. റിക്കാര്‍ഡോ ഹോര്‍ട്ട(67-ാം മിനിറ്റ്), ബ്രൂണോ ഫെര്‍ണാണ്ടസ്(83), ജോവോ ഫെലിക്സ്(88) എന്നിവര്‍ പോര്‍ച്ചുഗലിനായി ഓരോ ഗോള്‍ വീതം നേടി.
മുന്‍ മത്സരങ്ങളില്‍ മഞ്ഞ കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് സ്വാഭാവിക സസ്പെന്ഷന് വിധേയനായതിനാലാണ് ലക്സംബര്‍ഗിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: