ഭില്‍വാഡ(രാജസ്ഥാന്): സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ ഭില്‍വാഡ ഭീംഗഞ്ച് പോലീസ് കേസെടുത്തു. ഭില്‍വാഡയില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഉദയനിധി നടത്തിയ അപമാനകരമായ പരാമര്‍ശങ്ങള്‍ സനാതന ധര്‍മ്മത്തെയും ഭാരതീയ ജീവിതത്തെയും അപഹസിക്കുന്നതാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ഹന്‍സ്റാം ജി ഉദസിന് ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. അധികാരത്തിന്റെ അഹങ്കാരത്തിലാണ് ഇത്തരക്കാര്‍. ലോകമാകെ സനാതന ധര്‍മ്മത്തെ ആദരിക്കുകയും നമസ്കരിക്കുകയും ചെയ്യുമ്പോഴാണ് ഇവിടുത്തെ രാഷ്ട്രീയക്കാരില്‍ ചിലര്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ കാരണം രാജ്യത്തെയും ധര്‍മ്മത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്വാമി ഹന്‍സ്റാം പറഞ്ഞു.
ഭില്‍വാഡ ഹരി സേവ ഉദാസിന് ആശ്രമത്തിലെ സനാതന്‍ മന്ദിറില്‍ ചേര്‍ന്ന സനാതനധര്‍മ്മ സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മഹന്ത് മോഹന്‍ ശരണ്‍ ജി (നിംബാര്‍ക് ആശ്രമം), സന്ത് മായറാം, സന്ത് രാജാറാം, സന്ത് ഗോവിന്ദ്റാം, സന്ത് ശ്രാവണ്‍ ദാസ് ഉദാസിന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സനാതന ധര്‍മ്മം: കോണ്‍ഗ്രസിന് ഹിഡന്‍ അജണ്ട: ബിജെപി
ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തിനെതിരെ ഡിഎംകെ അടക്കം ഐഎന്‍ഡിഐഎയിലെ ഘടക ക്ഷികള് നിരന്തരം ആക്രോശിച്ചിട്ടും മൗനം പാലിക്കുന്ന കോണ്‍ഗ്രസിനെതിരെ ബിജെപി. സനാതന ധര്‍മ്മത്തെ ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ടയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു.
കോണ്‍ഗ്രസിന്റെയും രാഹുലും സോണിയയും അടക്കമുള്ള നേതാക്കളുടെയും സുചിന്തതമായ പദ്ധതിയുടെ ഭാഗമായാണ്, പൗരാണികമായ വിശ്വാസത്തെ ലക്ഷ്യമിടുന്നത്. ഐഎന്‍ഡിഐഎയുടെ ലക്ഷ്യം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയാണെന്ന തമിഴ്നാട് മന്ത്രി കെ. പൊന്മുടിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു നദ്ദ.
കോണ്‍ഗ്രസും ഇതര ഐഎന്‍ഡിഐഎ ഘടക ക്ഷികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഏതെങ്കിലും മതത്തിനെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഭരണഘടന അവകാശം നല്കുന്നുണ്ടോ? ഐഎന്‍ഡിഐഎയിലെ കക്ഷികള്‍ക്ക് ഭരണഘടന അറിയില്ലേ? അദ്ദേഹം ചോദിച്ചു. സനാതന ധര്‍മ്മത്തിനെതിരായ വിദ്വേഷ പ്രസംഗം സ്നേഹത്തിന്ന്റെ കടയില്‍ (മൊഹബത്ത് കീ ദൂക്കാന്‍) വില്‍ക്കുന്നത് എന്തിനെന്നും രാഹുലും സോണിയയും പറയണം. വിദ്വേഷത്തിന്റെ കൂറ്റന്‍ മാള്‍ അധികാരത്തിന് വേണ്ടിയാണ്, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ്. അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നിരന്തരം അവഹേളിച്ചിട്ടും സോണിയ മൗനം പാലിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ഈ മൗനം അനുമതിയുടെ സൂചനയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: