ബെംഗളൂരു: 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്ന കാര്യം സ്ഥിരീകരിച്ച് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കുമാരസ്വാമിയുടെ ജെഡിഎസിന് നാല് സീറ്റുകള്‍ ബിജെപി നല്‍കും. ഇക്കാര്യത്തില്‍ അമിത് ഷാ സമ്മതം മൂളിയിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
ഈയിടെ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ അമിത് ഷായുമായി കൂടിക്കാഴ്ചച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപി സഖ്യമെന്ന വിവരം ബിജെപി പുറത്തുവിടുന്നത്.
സഖ്യം സമ്മതിച്ചിട്ടുണ്ടെങ്കിലും നാല് സീറ്റുകള്‍ എന്ന വാഗ്ദാനത്തോട് ദേവഗൗഡ പ്രതികരിച്ചിട്ടില്ല. കോലാര്‍, ബെംഗളൂരു റൂറല്‍, ഹാസന്, ചിക്കബെല്ലാപൂര്‍ മണ്ഡലങ്ങളാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഹാസന് ഇപ്പോഴേ ജെഡിഎസ് മണ്ഡലമാണ്. ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണ ജയിച്ച സ്ഥലമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിന് പ്രജ്വല്‍ രേവണ്ണയുടെ ലോക്സഭാംഗത്വും കഴിഞ്ഞ ദിവസം ഹൈക്കടോതി റദ്ദാക്കിയിട്ടുണ്ട്.
ജെഡിഎസ് സഖ്യം കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ആകെ 28 ലോക് സഭാ സീറ്റുകളാണ് കര്‍ണ്ണാടകത്തില്‍ ഉള്ളത്. 2014ല്‍ ബിജെപി 17 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 9 സീറ്റുകളിലും ജെഡിഎസ് രണ്ട് സീറ്റുകളിലും ജയിച്ചു. 2019ല്‍ 28ല്‍ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഓരോ സീറ്റുകള്‍ വീതം കോണ്‍ഗ്രസും ജെഡിഎസും സ്വതന്ത്രനും നേടി. ഈ രണ്ട് തവണയും പ്രധാനമന്ത്രിയായ മോദിയ്ക്ക് കര്‍ണ്ണാടക മികച്ച പിന്തുണ നല്‍കിയിരുന്നു. ഇനി മൂന്നാം തവണയും ജനവിധി തേടുമ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും വലിയ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: