(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
പിംഗളനോടൊന്നിച്ച് വീതഹവ്യന്റെ സൂക്ഷ്മദേഹം വിന്ധ്യാപര്‍വതത്തിലെ ഗുഹയിങ്കല്‍ പെട്ടെന്നു ചെന്നു. പിംഗളന്‍ മടികൂടാതെ നഖങ്ങള്‍കൊണ്ട് ഭൂമിയില്‍ താഴ്ന്നിരുന്ന വീതഹവ്യദേഹം എടുത്തു. പിന്നെ ആ വീതഹവ്യന്റെ പുര്യഷ്ടകം സ്ഥൂലമായ ദേഹത്തില്‍ പ്രവേശിച്ചു. സന്തോഷത്തോടെ ആകാശമാര്‍ഗത്തൂടെ പിംഗളന്‍ സൂര്യസ്ഥലംപ്രാപിച്ചു, സരസ്സില്‍ കുളിക്കാനായി മുനിയും പോയി. കുളികഴിഞ്ഞ് ആദിത്യനെ പൂജിച്ച് വീതഹവ്യന്‍ മുന്നേപ്പോലെ സാനന്ദം പിന്നെയും വിളങ്ങി.
മൈത്രിയും സമതയും പരയായീടുന്ന ശക്തിയും നല്ല പ്രജ്ഞയും മോദവും കരുണയും ശ്രീയും ചേര്‍ന്ന് സര്‍സംഗവിമുക്തചിത്തനായുള്ള ആ മുനീശ്വരന്‍ വിന്ധ്യശൈലത്തിലുള്ള ഉത്തമമായ ചെറുപൊയ്കയുടെ തീരത്ത് ബഹുകാലം നന്നായി കഴിച്ചു. പിന്നെയും ഒരു കാലത്ത് ആ മുനി ഇപ്രകാരം ചേതസ്സാ നന്നായി നിരൂപിച്ചു, ‘ഇന്ദ്രിയങ്ങളെയെല്ലാം ഞാന്‍ മുമ്പേ ഒതുക്കിയല്ലോ. ഇന്നിമേലില്‍ എനിക്ക് ആലോചിപ്പാനൊന്നുമില്ല. അസ്തിനാസ്തിഭേദദൃഷ്ടിയെ ഞാന്‍ ശേഷിച്ച ചിന്മാത്രത്തില്‍ സമൂലം പെട്ടെന്ന് നശിപ്പിച്ചു. ഇവിടെ അനുബദ്ധസന്ധാനനായി (കൂട്ടിച്ചേര്‍ക്കപ്പെട്ടവനായി) ഗിരിശൃംഗമെന്നതുപോലെ എപ്പോഴും വാഴുന്നു. ഉദിച്ചവന്‍ പിന്നീട് അസ്തമിച്ചതുപോലെ ഉദിച്ചപോലെ അസ്തംഗതനായിരിപ്പവനായ ഞാന്‍ സദാ സ്വച്ഛതയെപ്രാപിച്ചു സമരസഭാസനായി സമനായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പ്രബുദ്ധനെന്നാകിലും സുഷുപ്തിയില്‍ പെട്ടവനാണ്. ഞാന്‍ സുഷുപ്തിയില്‍ പെട്ടവനാകിലും നിശ്ചയമായും പ്രബുദ്ധനാണ്. എപ്പോഴും തുര്യമവലംബിച്ച് ഉള്ളില്‍ സ്തംഭിതസ്ഥിതിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.’ മഹാത്മാവായീടുന്ന വീതഹവ്യന്‍ ഇങ്ങനെ ഓര്‍ത്ത് ആറുദിവസം സമാധിയില്‍ വാണു. ഉറങ്ങിക്കിടന്ന വഴിപോക്കനെന്നതുപോലെ പെട്ടെന്നു പ്രബോധത്തെ പ്രാപിച്ചു. സിദ്ധനായ ആ മുനീശ്വരന്‍ ജീവന്മുക്തതയോടെ ഭൂമിയില്‍ വളരെക്കാലം വിഹരിച്ചു.
നല്ലതായീടുന്നതും ചീത്തയായീടുന്നതും കൊള്ളുകെന്നതും കളഞ്ഞീടുകയെന്നതും ക്ഷയിച്ച് വീതഹവ്യന്റെ ചിത്തം ഇച്ഛയും അനിച്ഛയുമില്ലാത്തതായിത്തീര്‍ന്നു. ജന്മകര്‍മ്മങ്ങളുടെ സീമാന്തമായി നന്മയില്‍ ഭവസംഗത്യാഗരൂപമായ വിദേഹകൈവല്യത്തെ പ്രാപിക്കുവാന്‍ കല്യനായ ആ മുനിനായകന്‍ ആലോചിച്ചു. ഒരിക്കല്‍ ആ മുനീന്ദ്രന്‍ പര്‍വതഗുഹയില്‍ പ്രവേശിച്ച് പത്മാസനബദ്ധനായി തന്നെത്താല്‍ പറഞ്ഞു, ‘രാഗമേ! നിരാഗത്വം നീ പ്രാപിച്ചാലും. ദ്വേഷമേ! നിര്‍ദ്വേഷത്വം നീ പ്രാപിച്ചാലും. നിങ്ങളോടൊരുമിച്ച് ഞാന്‍ ഇവിടെ വളരെക്കാലം വിഹരിച്ചിരുന്നു. അല്ലയോ ഭോഗങ്ങളേ! മൂന്നു ലോകത്തും ഏറ്റം വിഖ്യാതരായ നിങ്ങള്‍ക്ക് നമസ്‌ക്കാരം. ലാളകന്മാരാലിവിടെ ബാലകനെന്നപോലെ ഞാന്‍ വളരെ ജന്മങ്ങളില്‍ ലാളിതനാണ്. പരമാനന്ദരൂപമായ മോക്ഷത്തെയും മറപ്പിച്ചൊരു സൗഖ്യത്തിന്നിതാ നമസ്‌കാരം. എന്നെ നീ വളരെ തപിപ്പിച്ചീടുക നിമിത്തം ദുഃഖമേ! ഞാന്‍ നന്നായി ആത്മാവിനെ തേടി. അതുകൊണ്ട് ഈ മാര്‍ഗത്തെ കാട്ടിത്തന്നത് നീ തന്നെയാണ്, ഗുരുതുല്യനായ നിനക്കു നമസ്‌കാരം. വളരെക്കാലം ഇഷ്ടമായ ശരീരമേ! ആത്മവിജ്ഞാനം കൈക്കൊണ്ട് ഇപ്പോള്‍ നിന്നെ ഞാന്‍ കളഞ്ഞീടുന്നു. എപ്പോഴും മുക്തിക്കുവേണ്ടി ശ്രമിച്ചിട്ടു നീതന്നെയാണ് നിന്നെ നശിപ്പിച്ചത്. ഞാന്‍ പ്രശാന്തനായി നിന്നെക്കൈവെടിയുമ്പോള്‍ ദീനയായി ചടച്ച് ഏകാകിനിയായീടുന്ന നീ ഖേദിക്കാതെകണ്ട് വാണുകൊള്ളേണം, എന്റെ മാതാവേ! അങ്ങ് മംഗളം നല്‍കേണമേ, ഭവാന്‍ കനിയേണമേ, ഞാനിതാ ശമം പ്രാപിക്കുന്നു. നരകങ്ങളില്‍നിന്ന് പണ്ടെന്നെ കരകേറ്റി സ്വര്‍ഗത്തിങ്കല്‍ ചേര്‍ത്തോരു സുകൃതമേ! വളരെ മാഹാത്മ്യമേറുന്ന നിന്നെ ഞാന്‍ നന്ദിയോടെ വന്ദനം ചെയ്യുന്നു. എന്റെ പ്രിയ സഹോദരന്മാരാകുന്ന പ്രാണങ്ങളേ! ഞാന്‍ ഇപ്പോള്‍ പിരിയുന്നു, നിങ്ങള്‍ നന്നായിരിക്കുക.’ ഉള്‍ത്തടത്തില്‍ ഇത്തരം ഓരോന്നു വിചാരിച്ചു സങ്കല്പവും ഏഷണാത്രയും ദൂരെക്കളഞ്ഞ് പ്രാപ്തഭൂമികനായ വീതഹവ്യന്‍ ഉച്ചത്തില്‍ പ്രണവത്തെ ഉച്ചരിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: