Categories: Entertainment

‘നേര് പറഞ്ഞാൽ നേര്’ ത്രില്ലറല്ല,സസ്പൻസുമില്ല.

'നേരി'നെക്കുറിച്ച് ജീത്തു ജോസഫ്

Published by

ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ അതൊരു ത്രില്ലര്‍ ആയിരിക്കുമെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ ആദ്യമെത്തുക. എന്നാല്‍ നേര് അത്തരത്തിലൊരു ചിത്രമല്ലെന്ന് ജീത്തു പറയുന്നു. സസ്പെന്‍സ് ഇല്ലാത്ത ചിത്രമാണ് നേരെന്നും മറിച്ച് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. “ശാന്തിയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് റാമില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ്. പിന്നീട് ദൃശ്യം 2 വന്നപ്പോള്‍ അതിലെ കോടതി രംഗങ്ങള്‍ കൂടുതല്‍ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് തോന്നി. പ്രത്യേകിച്ച് അവിടെ ഉപയോഗിക്കുന്ന ഭാഷ. അത് ശാന്തിയോടാണ് ഒന്ന് ശരിയാക്കി തരാമോ എന്ന് ഞാന്‍ ചോദിച്ചത്. അതിനുശേഷമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൂടേയെന്ന് ശാന്തിയോട് ചോദിച്ചത്. ദൃശ്യം 2 ന്റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതില്‍ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാന്‍ ആവശ്യപ്പെട്ടതും ഞാനാണ്.

രണ്ട് വര്‍ഷമെടുത്താണ് തിരക്കഥ പൂര്‍ത്തിയായത്. ഇതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഇതിനകത്ത് ഒരു സസ്പെന്‍സുമില്ല. ഇതൊരു ത്രില്ലര്‍ ഒന്നുമല്ല. ഒരു കേസ്. കേസ് എന്താണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. ആരാണ് കുറ്റവാളിയെന്ന് അറിയാം. പക്ഷേ ഇത്തരം ഒരു കേസ് കൊടതിയില്‍ ചെയ്യുമ്പോള്‍ അവിടെ എന്തൊക്കെ സംഭവിക്കുന്നു. ഏതൊക്കെ രീതിയില്‍ കൃത്രിമത്വം നടക്കാം. ഏതൊക്കെ രീതിയില്‍ പോരാട്ടം നടത്തേണ്ടിവരും. കോടതി നടപടിക്രമങ്ങള്‍ പരമാവധി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by