ലോകത്തിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളെല്ലാം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമരുമ്പോള്‍ നിഫ്റ്റി മാത്രം ഇത്ര പെട്ടെന്ന് ഇരുപതിനായിരത്തില്‍ എങ്ങനെയെത്തി? സാമ്പത്തിക രംഗത്ത് ഇന്ത്യ വച്ചടി വച്ചടി കയറ്റമാണെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഒരുപക്ഷേ നിങ്ങളെ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര് മാത്രമല്ല ഈ വളര്‍ച്ചയ്ക്കു സഹായിച്ചത് എന്നുള്ളതാണ്.
ഇത്രയും നാള് അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കുത്തരങ്ങായിരുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം എന്നറിയുമ്പോള്‍ ഒരുപക്ഷേ സ്റ്റോക്ക് മാര്‍ക്കറ്റ് രംഗത്തില്ലാത്ത പലരും ഞെട്ടും! ഇന്ത്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനികള്‍, റെയില്‍വേ നിര്‍മ്മാണ കമ്പനികള്‍, പവര്‍ മേഖലയിലെ കമ്പനികള്‍, പിന്നെ എല്ലാകാലത്തും ഉറങ്ങിക്കിടന്ന കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല ബാങ്കുകള്‍. ഇവയാണ് ഈ വളര്‍ച്ച നമുക്ക് മുന്നില്‍ കാഴ്ച വച്ചത്! പൊതുമേഖലാ ബാങ്കുകളുടെ അടുത്ത കയറ്റം തുടങ്ങിയിട്ടേയുള്ളൂ!
മാത്രമല്ല രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന വികസന സൗകര്യങ്ങളായ റോഡ്, റെയില്‍, ടെലി കമ്മ്യൂണിക്കേഷന്‍, വാഹന നിര്‍മ്മാണം എന്നിവയെ സഹായിക്കുന്ന എല്ലാ കമ്പനികളും വന്‍ കുതിപ്പിലാണ്. ഈ ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് സാമ്പത്തിക മാന്ദ്യം നിലവില്‍ ഇല്ലാത്തത്.
എന്താണിതിന് കാരണം? അച്ചടക്കമുള്ളവരും അഴിമതിക്കാരല്ലാത്തവരും ബിസിനസ് അറിയാവുന്നവരും ഇന്ന് ഇന്ത്യ ഭരിക്കുന്നത് കൊണ്ടാണത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മോദിയോട് എനിക്കുള്ള സ്നേഹത്തെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ട്.
ആദ്യത്തെ കാരണം രാജ്യസ്നേഹമാണ്. അദ്ദേഹം വരുന്നതിന് മുമ്പുള്ള 10 വര്‍ഷം മന്‍മോഹന്‍സിംഗും എകെ ആന്റണിയും ഭാരതത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന സമയത്ത് പഴയ ഒരു എന്‍സിസിക്കാരനായ എന്റെ സുരക്ഷാബോധവും ആത്മാഭിമാനവും വല്ലാണ്ട് താന്നു പോയിരുന്നു.
അതിനെ അപമാന ഭാരത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് പൊക്കിയെടുത്തത് മോദിയും അദ്ദേഹം നയിക്കുന്ന അമിത് ഷായും രാജനാഥ് സിംഗും അജിത് ഡോവലുമാണ്. രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ഇന്ന് എന്റെ പ്രധാന വരുമാനമാര്‍ഗം എന്നുപറയുന്നത് കമ്പനികളിലുള്ള ഇന്‍വെസ്റ്റ്മെന്റ് ആണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിഡ് സമയത്ത് ഇത്തരം പുതിയൊരു കാര്യം അസ്ഥിവാരം തുടങ്ങി പഠിക്കാന്‍ എനിക്ക് ധൈര്യം തന്നത് ഈ സര്‍ക്കാരാണ്.
എനിക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്നത് ആ വരുമാനം ഇന്നെനിക്ക് ഉള്ളതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഇന്നത്തെ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു അടിമയായി ഞാന്‍ മാറിയേനെ. ഇക്കാര്യങ്ങള്‍ക്ക് ഇന്നത്തെ കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അടുത്ത 10 വര്‍ഷങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്.
വാല്‍ക്കഷണം: ചില സാമ്പത്തിക മേഖലകളെ കുറിച്ച് ഞാന്‍ പ്രതിപാദിച്ചത് ഇതുവരെയുള്ള കാര്യമാണ്. ഇവയ്ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം. അതുകൊണ്ട് ആ മേഖലകളില്‍ ഞാന്‍ പറഞ്ഞതുകൊണ്ട് മാത്രം നിക്ഷേപിക്കാതിരിക്കുക. സ്റ്റോക്ക് മാര്‍ക്കറ്റ് ഒരു ചക്രവ്യൂഹമാണ്. അകത്തുകയറിയാല്‍ സമയത്ത് പുറത്തു കടക്കാന്‍ കൂടി അറിയണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: