ജി20യുടെ പ്രധാനനേട്ടങ്ങള്‍, ഈ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?
ജി 20യുടെ വിജയം ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുന്നതാണ്. ഭാരതം ജി20 യുടെ അധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ ഏറ്റവും വലിയ ഒരു സന്ദേഹമോ ആശങ്കയോ ആയി ലോകം മുഴുവന്‍ ഉയര്‍ന്നുവന്ന ഒരു കാര്യം ഉക്രൈന്-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സമവായം സൃഷ്ടിക്കാന്‍, സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിക്കുമോ എന്നതായിരുന്നു. എന്നാല്‍ ആ സന്ദേഹവും ആശങ്കകളും ദൂരീകരിക്കുന്ന വിധത്തില്‍ ഭാരതം മുന്നോട്ടുവെച്ച ആശയം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നതാണ്. ലോകത്തിന്റെ ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാവിയുടെ പശ്ചാത്തലത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഒരു കുടുംബം പോലെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് ഭാരതം മുന്നോട്ടുവെച്ച ആശയം. യുദ്ധത്തിലൂടെയല്ല പകരം ചര്‍ച്ചകളിലൂടെയും നയതന്ത്രസമീപനങ്ങളിലൂടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഭാരതം മുന്നോട്ടുവെച്ച ആശയം അംഗീകരിച്ചു എന്നതാണ് ന്യൂദല്‍ഹി പ്രഖ്യാപനത്തിന്റെ ഏറ്റവും അടിവരയിടുന്ന കാര്യം. ഭാരതത്തിന്റെ നേതൃത്വത്തില്‍ അത് സാധ്യമാക്കാന്‍ കഴിഞ്ഞു. ലോകത്തിലെ വന്‍കിട രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ളവര്‍ക്ക് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണിത്. അതാണ് ജി20 യുടെ ഏറ്റവും വലിയ സന്ദേശം. ഭാരതത്തിന്, ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാനുള്ള കഴിവുണ്ട് എന്നുള്ള പ്രഖ്യാപനമാണ് ആദ്യത്തേത്.
ആഫ്രിക്കന്‍ യൂണിയന് ജി20യ്ക്ക് പൂര്‍ണ അംഗത്വം നല്കാന് ഭാരതത്തിന്റെ അധ്യക്ഷതയ്ക്ക് സാധിച്ചു എന്നതാണ് രണ്ടാമത്തെ നേട്ടം. ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ആഫ്രിക്കന്‍ യൂണിയന്. ജി20 എന്നത് കേവലം സമ്പന്നരാഷ്ട്രങ്ങളും സമൃദ്ധ രാഷ്ട്രങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ മാത്രമല്ല, ലോകത്തിന്റെ ബഹുഭൂരിപക്ഷത്തിന്റെ പ്രശ്നങ്ങള്‍, അതായത് വികസ്വരരാഷ്ട്രങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന ആശയമാണ് ഭാരതം തുടക്കം മുതല്‍ മുന്നോട്ടുവെച്ചത്. അതിനാണ് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സംഘടിപ്പിച്ചത്. ആഫ്രിക്കന്‍ യൂണിയനെ കൂടി ഭാരതത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ ജി20യെ കുറെകൂടി ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ സാധിച്ചു.
ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ് മൂന്നാമത്തെ ഏറ്റവും വലിയ നേട്ടം. വികസനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് പശ്ചാത്തല വികസനം, അല്ലെങ്കില്‍ അടിസ്ഥാന സൗകര്യവികസനം. ആ വികസനത്തിന് ഊന്നല്‍ നല്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടനാഴി ഭാരതത്തെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധപ്പെടുത്തി വരുമ്പോള്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടും. സ്വാഭാവികമായും ഭാരതത്തിനും മറ്റുവികസ്വര രാഷ്ട്രങ്ങള്‍ക്കും പ്രയോജനം ചെയ്യും. എന്നതാണ് മൂന്നാമത്തെ നേട്ടം.
ജനങ്ങളുടെ ജി20?
ജനങ്ങളുടെ ജി20യാണിതെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സര്‍ക്കാരിന്റെ മാത്രമായതോ രാഷ്ട്രീയമോ ആയ പരിപാടിയായല്ല ജി20യെ കണ്ടത്. തയ്യാറെടുപ്പ് എന്ന നിലയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും വിളിച്ചുചേര്‍ത്തുകൊണ്ടുള്ള യോഗങ്ങള്‍ നടത്തിയിരുന്നു. ജി20ക്കായി നാട് മുഴുവന്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. ജി20 പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ബിജെപി പതാകകള്‍ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി യോഗങ്ങളില്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തിനുവേണ്ടിയാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ബിജെ പിയുടെ നേട്ടമായി എവിടെയും ജി20 യെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല, ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വം ലോകം മുഴുവന്‍ അംഗീകരിക്കുന്നുവെന്നത് കേവലം ബിജെപിയുടെ നേട്ടമല്ല, ഭാരതത്തിന്റെ നേട്ടമാണ്. അതുകൊണ്ട് ബിജെപിയോ പ്രധാനമന്ത്രിയോ ഒരിക്കലും ജി 20യെ രാഷ്ട്രീയ തലത്തില്‍ കാണാനോ, നേട്ടമുണ്ടാക്കാനോ ഉള്ള മാര്‍ഗ്ഗമായി കണ്ടിട്ടില്ല.
കോണ്‍ഗ്രസിന്റെ, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
കോണ്‍ഗ്രസ് അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം രാഷ്ട്രപതി നല്കിയ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ല എന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപി അധ്യക്ഷനെ ക്ഷണിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രസിഡന്റിനെയും ഒരു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടില്ല, പകരം എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തത്തിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും ക്ഷണിച്ചത്. മുഖ്യമന്ത്രിമാര്‍ക്കുള്ള ക്ഷണം സ്വീകരിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, കോണ്‍ഗ്രസ് നേതാവുകൂടിയായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുകു എന്നിവര്‍ എത്തിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം വാസ്തവത്തില്‍ അവര്‍ക്കിടയിലുള്ള ഏകോപനമില്ലായ്മയുടെ പഴി കേന്ദ്രസര്‍ക്കാരിനുമേല്‍ ചാരാനുള്ള ശ്രമമാണ്.
കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ വിളിച്ചില്ല എന്നത് ഒരു പരാതിയായി കാണാനാവില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ തന്നെ പ്രാതിനിധ്യമുള്ള അന്‍പതോ അറുപതോ പാര്‍ട്ടികളുണ്ട്, അവരുടെ പ്രസിഡന്റുമാരെ ആരെയും ക്ഷണിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ എംപിമാരുള്ള കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന പാര്‍ട്ടിയായ ബിജെപിയുടെ അധ്യക്ഷനെയും വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബിജെപി രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്. ഇത്തരം അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിന്റേത്. കാതലായ വിമര്‍ശനങ്ങളൊന്നും കോണ്‍ഗ്രസ്സോ പ്രതിപക്ഷപാര്ട്ടികളോ ഉന്നയിച്ചിട്ടില്ല. ഉച്ചകോടിയിലെ പ്രഖ്യാപനം നാടിന്റെ പൊതുവായ സമീപനങ്ങള്‍ക്ക് വിരുദ്ധമാണ് തുടങ്ങിയ വിമര്‍ശനങ്ങളാണെങ്കില്‍ അതിന് അര്‍ത്ഥമുണ്ടെന്ന് കണക്കാക്കാം. മഴ പെയ്തു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇതൊന്നും ഒരു വിമര്‍ശനമല്ല.
വിദേശകാര്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍, പ്രവര്‍ത്തനങ്ങള്‍?
വിദേശകാര്യവകുപ്പ് മൂന്നുവര്‍ഷം മുമ്പ് തന്നെ ജി20ക്കായി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. അന്ന് നേരിട്ടുള്ള യോഗങ്ങള്‍ അല്ലാതിരുന്നതിനാല്‍ പ്രധാനമന്ത്രി തന്നെ പങ്കെടുത്തിട്ടുള്ള ഓണ്‍ലൈന്‍ യോഗങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ദല്‍ഹിയിലെ വിദേശകാര്യവകുപ്പിന്റെ ഓഫീസുകളിലൊന്നായ സുഷമ സ്വരാജ്ഭവന്‍ കേന്ദ്രീകരിച്ച് നടന്ന ജി20 സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് ഉച്ചകോടിയുടെ വിജയത്തിലേക്ക് നയിച്ചത്. വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ നിലവില്‍ ഭാരതത്തില്‍ ജോലി ചെയ്തിരുന്നവരെയും വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന അംബാസഡര്‍മാരെയും താല്‍ക്കാലികമായി ഭാരതത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടും ജോലികള്‍ ഏല്‍പ്പിച്ചു നല്‍കുകയായിരുന്നു. അഡീഷണല്‍ സെക്രട്ടറിയും ജി20 ഷെര്‍പ്പ അമിതാഭ് കാന്തിന്റെ രണ്ടാം നമ്പര്‍ ഹൗസ് ഷെര്‍പ്പയുമായ അഭയ് ഠാക്കൂര്‍, ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു കാകനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലാണ് സംയുക്ത പ്രസ്താവനയില്‍ സമവായം ഉരുത്തിരിഞ്ഞുവന്നത്. ജി20 യുടെ വിജയം വിദേശകാര്യവകുപ്പിന്റെയും ഭാരത നയതന്ത്രത്തിന്റെയും വലിയ വിജയം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: