കൊച്ചി: കേരള നവോത്ഥാന ചരിത്രത്തിലെ വീരേതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് നടത്തിയത് അങ്ങയറ്റം ആക്ഷേപകരമായ പരാമര്‍ശമെന്ന് സാമൂഹിക മുന്നേറ്റമുന്നണി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യുന്ന തിരുവനന്തപു
രം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമനടപടിയും സ്വീകരിക്കും. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമയായ 19-ാം നൂറ്റാണ്ടിനെ ചവറിന്റെ സിനിമയെന്നാണ് വിശേഷിപ്പിച്ചതെന്നും അതിന് വേണ്ടത്ര പരിഗണന നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകന് വിനയന് രംഗത്തെത്തിയിരുന്നു. ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന് പരസ്യമാക്കിയിരുന്നു.
സാംസ്കാരിക കേരളത്തിന് നിരക്കാത്ത പ്രവര്‍ത്തിയും മാപ്പ് അര്‍ഹിക്കാത്ത പ്രവര്‍ത്തിയുമാണ് അക്കാദമി ചെയര്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് സാംസ്ക്കാരിക കേരളത്തിന് നാണക്കേടാണ് . പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കില്‍ തുടര്‍ സമര പരിപാടികള്‍ ഉണ്ടാകുമെന്നും സാമൂഹിക മുന്നേറ്റ മുന്നണി ചെയര്മാന് കെ.പി അനില്‍ ദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേര്‍ത്തല തപോവനം ശ്രീനാരായണ ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രണവ് സ്വരൂപാനന്ദ, സാമൂഹിക മുന്നേറ്റ മുന്നണി ആലുവാ യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഷാജി, ട്രഷറര്‍ കെ.കെ. മോഹനന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: