തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പു കേസില്‍ ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്. ഇന്നലെരാവിലെ 9.30നാണ്മൊയ്തീന് ഇ ഡിക്കു മുന്നില്‍ ഹാജരായത്. കോടികളുടെ വ്യാജ വായ്പകള്‍ പലതും നല്‍കിയത് മൊയ്തീന്റെ ശിപാര്ശയിലാണെന്ന ബാങ്ക് സെക്രട്ടറിയുടെ മൊഴി മൊയ്തീന് നിഷേധിച്ചു.
ആര്‍ക്കും വായ്പ കൊടുക്കാന്‍ താന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ വ്യാജ വായ്പകള്‍ വഴി ബാങ്കില്‍ നിന്ന് കോടികള്‍ കടത്തുന്നെന്ന പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് സഹകരണ മന്ത്രിയെന്ന നിലയില്‍ നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന് മൊയ്തീനായില്ല.
എ.സി. മൊയ്തീന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ബാങ്കില്‍ വ്യാജ വായ്പകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നത്. അതിനു മുമ്പ് ബേബി ജോണ്‍ ജില്ലാ സെക്രട്ടറി ചുമതലയിലുള്ളപ്പോള്ത്തന്നെ തട്ടിപ്പ് തുടങ്ങിയിരുന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്ക് ബേബി ജോണ്‍ തനിക്കു ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് പാര്‍ട്ടി കമ്മിഷനെ നിയമിച്ചു. ഇ.പി. ജയരാജന്റെ ഇടപെടലിനെ തുടര്‍ന്ന് ബേബി ജോണിനു പകരം മൊയ്തീന് ജില്ലാ സെക്രട്ടറിയായതോടെ അന്വേഷണം നിലച്ചു. പാര്‍ട്ടിക്കു കിട്ടിയ പരാതിയില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിനും മൊയ്തീന് മറുപടിയുണ്ടായിരുന്നില്ല.
തട്ടിപ്പുകള്‍ വ്യക്തമാക്കി ബാങ്കിലെ മുന്‍ ജീവനക്കാരനും പ്രാദേശിക സിപിഎം നേതാക്കളും മൊയ്തീന് നല്കിയ പരാതികളും ഇ ഡിയുടെ പക്കലുണ്ടായിരുന്നു.
അറസ്റ്റിലായ പലിശ ഇടപാടുകാരന് പി. സതീഷ് കുമാറിനെ അറിയാമെന്നു പറഞ്ഞ മൊയ്തീന് കരുവന്നൂര്‍ ബാങ്കിലെ 25 കോടി രൂപ ഇയാളുടെ കൈയിലെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും മൊഴി നല്കി. മൊയ്തീന്റെ ബിനാമിയായാണ് സതീഷ് കുമാര്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് സ്ഥാനാര്‍ഥിയായിരുന്ന മൊയ്തീനു വേണ്ടി സതീഷ് കുമാറും മറ്റൊരു പ്രതി ബിജു കരീമും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. ഇതേക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മൊയ്തീന്റെ മറുപടി. കരുവന്നൂര്‍ ബാങ്കുതട്ടിപ്പില്‍ മൊയ്തീന് വ്യക്തമായ പങ്കുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
അതേ സമയം അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാവിലെ 10ന് അഭിഭാഷകര്‍ക്കൊപ്പമാണ് മൊയ്തീന് ഹാജരായത്. രാത്രി ഒമ്പതുമണിയോടെ വിട്ടയച്ചു. മൊയ്തീനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: