(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
മിഥ്യയാണ് ദുഃഖമുണ്ടാക്കീടുന്നതത്രേ. ഇതിലൊട്ടും സത്യമില്ലെന്നു ധരിക്കുക. സൂര്യനുദിച്ചാല്‍ ഇരുട്ടെന്നതുപോലെ വിചാരണമില്ലാത്തതാകുന്നു നിന്റെ രൂപം. വിചാരമൊന്നു നന്നായി ഉണ്ടായിവന്നീടുകില്‍ നീ പെട്ടെന്നു നശിച്ചീടുമെന്നതില്‍ സംശയമൊട്ടുമില്ല. മൂന്നു കാലത്തും അസദ്രൂപനായീടുന്ന നിനക്കിനി മേലെ എന്റെ മനസ്സേ! സ്വസ്തി ഭവിച്ചീടും. പരമാനന്ദമാര്‍ന്ന് ഞാന്‍ ശാന്തനായി വന്നീടുന്നു, വര്‍ദ്ധിച്ച ഭാഗ്യത്താല്‍ ഞാന്‍ വിഗതജ്ജ്വരനായി. ഞാനിപ്പോള്‍ തുര്യരൂപമായീടുന്ന ആത്മപദത്തില്‍ സ്ഥിതിചെയ്തീടുന്നു. അജനായ ഭഗവാന്‍, ചിദാത്മകന്‍, സകലവും സാക്ഷിത്വേന ചെയ്തുകൊണ്ടീടുന്നു. ഹാ കഷ്ടം, ഇന്ദ്രിയങ്ങളേ! വിചാരിച്ചാല്‍ നിങ്ങള്‍ ആകുലന്മാരായി നിരര്‍ത്ഥകമായി ഭവിക്കുന്നു. പാമ്പിനെ പേടിക്കുന്ന വഴിയാത്രക്കാരനെന്നതുപോലെയും ചണ്ഡാളന്മാരില്‍നിന്നു ബ്രാഹ്മണനെന്നപോലെയും ഇന്ദ്രിയങ്ങളില്‍നിന്നു ചിന്മാത്രവും അനാമയവുമായി ബഹുദൂരം വര്‍ത്തിച്ചുകൊണ്ടീടുന്നു. സങ്കല്പംകൊണ്ടുതന്നെ സങ്കടമുണ്ടാകുന്നു, സങ്കടമില്ലാതെയായീടില്‍ മോക്ഷമായി. സാധോ! വാസനയൊട്ടുമില്ലാത്ത മുനികുലനാഥന്‍ ഏവം നിര്‍ണയിച്ച് അനന്തരം ഇന്ദ്രിയങ്ങളെ അല്പംപോലും ചലിച്ചീടാതെയാക്കിയിട്ട് തന്റെ മാനസത്തെ ബലാല്‍ സ്വയം ഒതുക്കി. വിറകുകളെല്ലാം നന്നായി കത്തി ദഹിപ്പിച്ച ശേഷം തീ തന്നിലടങ്ങുന്നതുപോലെ അമ്മഹാത്മാവിന്റെ പ്രാണസന്തതി സന്മതേ! പിന്നെ ക്രമത്തില്‍ ഉള്ളില്‍ത്തന്നെ അടങ്ങി. ദൃഷ്ടികള്‍ നാസികയുടെ അഗ്രത്തിലുള്ള സൂക്ഷ്മദര്‍ശനംകൊണ്ട് ഒട്ടു വിരിഞ്ഞതായ താമരപോലെ ആയിത്തീര്‍ന്നു. ധന്യനാകുന്ന വീതിഹവ്യന്‍ ഇപ്രകാരം മുന്നൂറു സംവത്സരം ഒരു നാഴികപോലെ കഴിച്ചു. പെരുത്ത മഴപെയ്തിട്ട് മുമ്പോട്ടുള്ള കാലംകൊണ്ടു ആ മുനീന്ദ്രന്റെ ദേഹം ചേറ്റില്‍ മുങ്ങിപ്പോയി. മുന്നൂറുവര്‍ഷം കഴിഞ്ഞുണര്‍ന്നപ്പോള്‍ തന്റെ ദേഹം മണ്ണിനുള്ളിലായിരുന്നതുകൊണ്ട് സര്‍വരന്ധ്രങ്ങളും അടയുകകാരണം അല്പവും ഇളകീല, പ്രാണസ്പന്ദവും ഭവിച്ചില്ല. തന്റെ മനോരൂപിണിയാകുന്ന കല്പന ഹൃത്താരിങ്കല്‍ ജന്മാന്തരപ്രൗഢിയെ പ്രാപിച്ച ഉടനെ ഹൃത്തടത്തിങ്കല്‍ത്തന്നെ സ്വപ്‌നമെന്നതുപോളെ ഇത്തരം ഓരോന്ന് അനുഭവിച്ചു.
നല്ല ഭംഗിചേര്‍ന്ന കൈലാസകാനനത്തില്‍ കടമ്പുവൃക്ഷത്തിന്റെ കീഴിലായി വീതഹവ്യന്‍ നൂറുവര്‍ഷം മഹാമുനിയായി വാണതായും, പിന്നെ നൂറാണ്ട് വിദ്യാധരനായി വാണതായും, സ്വര്‍ഗത്തില്‍ സുരവൃന്ദവന്ദ്യനായീടുന്ന ദേവേന്ദ്രനായി അഞ്ചുയുഗം വാണതായും, വളരെ ആമോദമാര്‍ന്നുകൊണ്ടുള്ള കല്പകാലം മഹേശ്വരന്റെ ഭൂതമായിട്ടു വാണതായും കണ്ടുകൊണ്ട് പിന്നീടൊരുകാലത്ത് തന്റെ പണ്ടത്തെ ജന്മങ്ങളെയൊക്കെയും ആലോചിച്ച് നശിച്ച ശരീരങ്ങളൊക്കെയും സന്ദര്‍ശിച്ചു വീതഹവ്യന്റെ ദേഹം നശിക്കാത്തതായി കണ്ടു. ആ ശരീരത്തിനെ പെട്ടെന്ന് ചേറ്റില്‍നിന്നു പൊക്കുവാനുള്ള മാര്‍ഗം ഇങ്ങനെ ഉള്ളില്‍ വിചാരിച്ചു, ‘ഈ ശരീരത്തിനെ ചെളിയില്‍നിന്നു പൊക്കീടുന്നതിന്ന് സൂര്യനെ കാണണം. അങ്ങ,് തന്റെ പാര്‍ശ്വഭാഗത്തായി നിന്നീടുന്ന പിംഗളന്‍ എന്റെ ദേഹത്തെ നിഷ്പ്രയാസം പൊക്കീടും.’ ഇങ്ങനെയോര്‍ത്ത് വായുരൂപമായി മുനിവരന്‍ സത്വരം പുര്യഷ്ടകദേഹത്തെ കൈക്കൊണ്ട് സൂര്യസവിധത്തിലെത്തി. മുനിവന്ന കാര്യത്തെ സൂര്യന്‍ നന്നായറിഞ്ഞ് പിംഗളനെ നോക്കീട്ട് ആവശ്യം സാധിപ്പിക്കുവാന്‍ നിയോഗിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: